തുലാമഴ പെയ്തു തോര്‍ന്നു കഴിഞ്ഞാല്‍ കേരളത്തില്‍ പിന്നീട് നന തുടങ്ങേണ്ട സമയമാകും. വലിയ തോട്ടങ്ങളിലും മറ്റും തുള്ളിനന, സ്പ്രിംഗ്ളര്‍ ഉപയോഗിച്ചുള്ള നന എന്നിവയൊക്കെ നടപ്പാക്കാനാവും. എന്നാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഇത്തരത്തിലുള്ള നനരീതികളൊന്നും ആവശ്യമില്ല. അവയ്ക്കു വേണ്ടി മുടക്കുന്ന പണം നഷ്ടവുമായി മാറും. മിനറല്‍ വാട്ടറിന്‍റെ കുപ്പികൊണ്ട് പച്ചക്കറികള്‍ക്കും മറ്റും നനയെത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗമിതാ. ഒരു ചുവടിന് ഒന്ന് എന്ന രീതിയില്‍ കാലിക്കുപ്പികള്‍ ശേഖരിക്കുക. ഇവയുടെ ഓരോന്നിന്‍റെയും ചുവട്ടില്‍ സൂചികൊണ്ട് രണ്ടോ മൂന്നോ സുഷിരങ്ങളിടുക. അതിനു ശേഷം കുപ്പികളില്‍ നിറയെ വെള്ളമൊഴിച്ച് അടപ്പു മുറുക്കി അടയ്ക്കുക. അടപ്പ് മുറുകെ അടഞ്ഞിരിക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും പുറത്തു പോകുകയില്ല. ഈ കുപ്പിയുടെ വായ്ഭാഗം രണ്ടു സെന്‍റിമീറ്റര്‍ മണ്ണില്‍ താഴ്ന്നിരിക്കുന്നതു പോലെ ചെടികളുടെ ചുവടുഭാഗത്തായി സ്ഥാപിക്കുക. അതിനു മുമ്പ് അടപ്പ് പാതിയോളം തുറന്നു വയ്ക്കുകയും വേണം. ഈ സമയം വെള്ളം തുള്ളിയായി സുഷിരങ്ങളിലൂടെ വീഴാന്‍ തുടങ്ങും. മണ്ണില്‍ ഉറച്ചിരിക്കുന്നതിനാല്‍ ഈ വെളളം മണ്ണിലേക്ക് ഊര്‍ന്നിറങ്ങിക്കൊള്ളും. ചെടികളുടെ ഇലത്തഴപ്പിനും പടര്‍ച്ചയ്ക്കുമനുസരിച്ച് ഒരു ചുവട്ടില്‍ മൂന്നു കുപ്പിവരെ ഇത്തരത്തില്‍ സ്ഥാപിക്കേണ്ടതായി വരും. വെണ്ടപോലെയുള്ള സാധാരണ ചെടികള്‍ക്ക് ചുവടൊന്നിന് ഒരു കുപ്പി മാത്രം മതി. എന്നാല്‍ പടര്‍ന്നു വളരുന്ന കോവലിനും പാവലിനുമൊക്കെ മൂന്നു കുപ്പിവരെ ഓരോ ചുവടിനും ആവശ്യമായി വരും. ഒരു ചെടിക്ക് ഒരു ദിവസം ഇത്തരത്തില്‍ ഒരു കുപ്പിവെളളത്തിന്‍റെ നന മാത്രം മതി. രാവിലെ കുപ്പികള്‍ നിറച്ചു വച്ചതിനു ശേഷം നനയുടെ കാര്യമെല്ലാം മറന്നേക്കൂ. വേനല്‍ക്കാലത്ത് ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനും നനയുടെ ചെലവ് കുറയ്ക്കാനും മേല്‍പ്പറഞ്ഞ രീതി വഴി സാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇന്നുതന്നെ പരീക്ഷിച്ചു നോക്കിക്കോളൂ.. നനയുടെ ഏറ്റവും ചെലവു കുറഞ്ഞ രീതിയാണിതെന്നു മറക്കേണ്ട.
www.karshikarangam.com