കയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കിട്ടുന്ന അവശിഷ്ടമാണ് ചകിരിച്ചോറ്. ഇത് നേരിട്ട് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഘടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിലുള്ള ലിഗ്നിന്‍ മാതിരിയുള്ള ഘടകങ്ങളാണ് വിഘടിക്കാന്‍ പറ്റാത്തത്. ടാനില്‍ അടക്കമുള്ള ഫീനോളിക് വസ്തുക്കളും എളുപ്പം വിഘടിക്കുന്നതല്ല. എന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. സാധാരണ പ്ലൂറോട്ടസ് കുമിളാണ് ഇതിന് ഉപയോഗിക്കുക. ആലപ്പുഴ ജില്ലയില്‍ കലവൂരുള്ള കയര്‍ ഗവേഷണ കേന്ദ്രം ഈ കുമിളിന്‍റെ കള്‍ച്ചര്‍ 'പിത്ത് പ്ലസ്' എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. കൂടാതെ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ പറ്റിയ കൂണ്‍ വിത്ത് 250 ഗ്രാമിന് 15 രൂപ നിരക്കില്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി, വെള്ളാനിക്കര, കുമരകം കാമ്പസ്സുകളില്‍ ലഭ്യമാണ്. 200 കി.ഗ്രാം ചകിരിച്ചോറ് വിഘടിച്ച് വളമാക്കാന്‍ ഒരു കി.ഗ്രാം യൂറിയയും 300 ഗ്രാം പ്ലൂറോട്ടസ് കള്‍ച്ചറും വേണം. നിരപ്പായ തറയില്‍ 200 കി.ഗ്രാം ചകിരിച്ചോറ് സൗകര്യപ്രദമായ വീതിയിലും നീളത്തിലും നിരത്തുക. അതിനുമുകളില്‍ 250-300 ഗ്രാം പ്ലൂറോട്ടസ് വിതറുക. വീണ്ടും 200 കി.ഗ്രാം ചികിരച്ചോറ് അതിനുമുളില്‍ രണ്ടാമത്തെ അട്ടിയായി നിരത്തുക. അതിനുമുകളില്‍ ഒരു കി.ഗ്രാം യൂറിയ നിരത്തുക. വീണ്ടും ചകിരിച്ചോര്‍ 200 കി.ഗ്രാം പ്ലൂറോട്ടസ് കള്‍ച്ചര്‍ 300 ഗ്രാം ചകിരിച്ചോര്‍ 200 കി.ഗ്രാം യൂറിയ 1 കി.ഗ്രാം എന്ന ക്രമത്തില്‍ തട്ടുകളായി നിരത്തുക. ഉയരം നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയത് മതി. തുടര്‍ന്ന് തട്ടിന്‍റെ മുകളില്‍ നനയ്ക്കുക. നനയ്ക്കുമ്പോള്‍ കള്‍ച്ചറും യൂറിയയും വെള്ളത്തില്‍ കലങ്ങി ചകിരിച്ചോര്‍ നിറയെ പരക്കും. ചകിരിച്ചോര്‍ തട്ട് നനയുവാന്‍ മാത്രമുള്ള നന മതി. തുടര്‍ന്ന് ഇടയ്ക്കിടെ നന കൊടുക്കണം. മുകളില്‍ ഒരു പന്തല്‍കെട്ടി വെയിലും മഴയും തടയുന്നതും നന്ന്. ചകിരിച്ചോര്‍ വിഘടിച്ച് ഏതാണ്ട് 50-60 ദിവസം കൊണ്ട് നല്ല കമ്പോസ്റ്റാകും.
ചകിരിച്ചോറിന്‍റെയും ചകിരിച്ചോര്‍ കമ്പോസ്റ്റിന്‍റെയും ഘടന
ഘടകങ്ങള്‍ | ചകിരിച്ചോര്‍ | ചകിരിച്ചോര്‍ കമ്പോസ്റ്റ് |
ലിഗ്നിന്‍ (%) | 37 | 4.8 |
ഓര്‍ഗാനിക് കാര്‍ബണ്‍ (%) | 41 | 25 |
കാര്‍ബണ്‍: നൈട്രജന്‍ റേഷ്യോ | 60:1 | 24:1 |
ആകെയുള്ള നൈട്രജന്‍ (%) | 0.026 | 0.06 |
ആകെയുള്ള പൊട്ടാഷ് (%) | 0.36 | 1.2 |
www.karshikarangam.com