ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും അടങ്ങിയ ജൈവവളമാണ് മണ്ണിരകമ്പോസ്റ്റ്. മണ്ണിരയുടെ കാഷ്ഠമാണിതില്‍ കമ്പോസ്റ്റായി ഉപയോഗിക്കുന്നത്.
ടാങ്കു നിര്‍മാണം:
തറനിരപ്പില്‍നിന്ന് മേല്‍പ്പോട്ടാണ് കമ്പോസ്റ്റുണ്ടാക്കാനുള്ള ടാങ്ക് നിര്‍മിക്കേണ്ടത്. അല്ലെങ്കില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്ന മണ്ണിരകളെ തിന്നു ജീവിക്കുന്ന ഒരിനം നാടന്‍ മണ്ണിര ഉള്ളില്‍ കടക്കാനിടയുണ്ട്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. ടാങ്ക് സിമന്‍റ് തേച്ചുറപ്പിക്കേണ്ട ആവശ്യം പോലുമില്ല. വീതി കഴിയുന്നതും മൂന്നു മീറ്ററില്‍ കൂടുതല്‍ ആകരുത്. ചുറ്റും 5 സെ.മീ. വീതിയിലും 2.5 സെ.മീ. താഴ്ചയിലും ചാല്‍ നിര്‍മിച്ച് അതില്‍ വെള്ളംകെട്ടിനിര്‍ത്തണം. ഉറുമ്പ് കടക്കുന്നത് തടയാനാണിത്. ടാങ്കുനിര്‍മിക്കുമ്പോള്‍ അതിനകത്ത് വീഴുന്ന ജലം വെളിയില്‍പോകാന്‍ ഒരു പ്ലാസ്റ്റിക് കുഴല്‍ ഏറ്റവും അടിയില്‍ ഉറപ്പിക്കണം. അത് എപ്പോഴും അടച്ചുവയ്ക്കണം. അല്ലെങ്കില്‍ അതുവഴി ഉറുമ്പ് ടാങ്കുവഴി കയറും. എലി ശല്യം ഒഴിവാക്കാന്‍ കമ്പിവല ഫെമിയില്‍ ഘടിപ്പിച്ച് ടാങ്കിന്‍റെ മുകളില്‍ വയ്ക്കണം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ കൂരയും ഉണ്ടാക്കണം.
മണ്ണിരകളെ തെരഞ്ഞെടുക്കല്‍:
ഒരു പ്രത്യേകതരം മണ്ണിരകളെയാണ് കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സാധാരണയായി ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ മണ്ണിരയാണ് (യുഡ്രിലസ് യൂജിന). അവ ഒരടിവരെ വളരും മണ്ണിരയെ വാങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയായവയെ കുറച്ചെ വാങ്ങാവൂ. കുഞ്ഞുങ്ങളായിരിക്കണം കൂടൂതല്‍. കുഞ്ഞുങ്ങള്‍ പുതിയ സ്ഥലത്ത് വേഗത്തില്‍ വളരാന്‍ സാധ്യതകൂടുതലാണ്.
മണ്ണിരകളെ നിഷേപിക്കല്‍:
ടാങ്കില്‍ മണ്ണിരകളെ ഇടുമ്പോള്‍ ആദ്യം വേണ്ടത് ഇവയുടെ എണ്ണം കൂട്ടുകയാണ്. കാരണം മണ്ണിരയുടെ ഭക്ഷണത്തോടു അതിന്‍റെ ശരീരഭാരത്തിന്‍റെ ഏകദേശം 50 ശതമാനമാണ്. ടാങ്കിനുള്ളില്‍ നന്നായി നനച്ച ഉണക്കച്ചാക്കോ നല്ല മണ്ണിരകമ്പോസ്റ്റോ മൂന്നിഞ്ച് കനത്തില്‍ വിരിക്കണം. അതിനുമുകളില്‍ പച്ചച്ചാണകം രണ്ടിഞ്ച് കനത്തില്‍ നെടുനീളത്തില്‍ ചിറകെട്ടുന്നതുപോലെ വയ്ക്കണം. എന്നിട്ട് മണ്ണിരകളെ ടാങ്കില്‍ നിഷേപിച്ച് തടം നന്നായി നനയ്ക്കണം. അതിനുശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് 'ചാണകച്ചിറ' മൂടിയിടണം. വിരയിളക്കാന്‍ മരുന്നുകൊടുത്തിട്ടുള്ള കന്നുകാലികളുടെ ചാണകം ഒരു മാസക്കാലം ടാങ്കിലിടരുത്.
മണ്ണിരയ്ക്കു ഭക്ഷണം:
മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ. പച്ചിലയും കരിയിലയും ജൈവപദാര്‍ത്ഥങ്ങളും അവയുടെ ഭാരത്തിന്‍റെ പത്തിലൊന്ന് പച്ചച്ചാണകവുമായി കലര്‍ത്തി നന്നായി നനച്ചുവയ്ക്കണം. മൂന്നുനാലു ദിവസത്തിലൊരിക്കല്‍ അവ ഇളക്കി നനച്ചുകൊടുക്കണം. ഈ മിശ്രിതം 25-30 ദിവസം കഴിയുമ്പോള്‍ ആഹാരമായി നല്‍കാം. അടുക്കളാവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ നേരിട്ടുതന്നെ നല്‍കുക. പക്ഷേ, ഇവയെല്ലാം നല്‍കേണ്ടത് കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒരുമാസം കഴിഞ്ഞേ ആകാവൂ. ഇവ ടാങ്കില്‍ നിഷേപിച്ച് മൂടിയിണം. അല്ലെങ്കില്‍ ഈച്ചയുടെ ഉപദ്രവം വരും. കുറശ്ശെ മാത്രമേ നല്‍കാനും പാടുള്ളൂ. ആദ്യമായി കൊടുത്ത ചാണകം തിന്നുകഴിയുമ്പോള്‍ രണ്ടാമതും പച്ചച്ചാണകമിടുക. അവയും തിന്നുന്നതിനുശേഷം മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കിതുടങ്ങാം. ഇതിനു ഏകദേശം 25-30 ദിവസം വേണ്ടിവരും.
ഭക്ഷണം ഒരിക്കലും 10-15 സെ.മീ. കനത്തില്‍ കൂടുതല്‍ ഒരു സമയം നല്‍കരുത്. ടാങ്കിന്‍റെ വശങ്ങളില്‍നിന്ന് 15-30 സെ.മീ. മാറ്റി ഉള്ളിലായിവേണം ഭക്ഷണം നിഷേപിക്കാന്‍. ഒരിക്കല്‍ കൊടുത്ത ഭക്ഷണം കഴിച്ചിട്ടേ വീണ്ടും നല്‍കാവൂ. അല്ലെങ്കില്‍ മണ്ണിരകമ്പോസ്റ്റിനുപകരം സാധാരണ കമ്പോസ്റ്റായിരിക്കും കിട്ടുക. മനുഷ്യന്‍ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണിരയ്ക്കു ഭക്ഷണമായി നല്‍കും. കോഴിയുടെ തൂവല്‍, മനുഷ്യന്‍റെ മുടി എന്നിവയും മണ്ണിര ഭക്ഷിക്കും.
ഈര്‍പ്പം നിലനിര്‍ത്തല്‍:
മണ്ണിര 75 %-85% ഈര്‍പ്പമുള്ള സ്ഥലത്ത് നന്നായി വളരും. ഈര്‍പ്പം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗം നനച്ച ചണച്ചാക്ക് ഉപയോഗിക്കുകയാണ്. ചാക്കിലെ ഈര്‍പ്പം മാറാതെ നോക്കിയാല്‍ മതി. ഈര്‍പ്പം അധികമായാല്‍ വംശവര്‍ധന കുറയും.
കമ്പോസ്റ്റ് ശേഖരണം:
കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒന്നരമാസം കഴിയുമ്പോള്‍ അവ ടാങ്കില്‍നിന്ന് ശേഖരിച്ച് തുടങ്ങാം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ടാങ്കിന്‍റെ ചുവരിന്‍റെയും ഇടയിലുള്ള സ്ഥലത്തായിരിക്കും കമ്പോസ്റ്റ് കാണപ്പെടുക. ഇവിടെനിന്ന് ഒരാഴ്ച ഇടവിട്ട് ശേഖരിക്കാം. അതോടൊപ്പം കിട്ടുന്ന മണ്ണിരകളെ തിരികെ ടാങ്കില്‍ വിട്ടാല്‍ മതിയാകും.
നിറഞ്ഞതിനുശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ ആദ്യം ടാങ്കില്‍ ഒരു ഭാഗത്ത് പച്ചച്ചാണകം കട്ടിയായി 5-8 സെ.മീ. കനത്തില്‍വയ്ക്കുക. എന്നിട്ട് നനഞ്ഞ ചാക്കുകൊണ്ട് മൂടിയിണം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ ടാങ്കിലുള്ള മണ്ണിരയുടെ 80% ചാണകക്കൂനയില്‍ വരും. അപ്പോള്‍ ചാക്കുമാറ്റിയിട്ട് ചാണകവും മണ്ണിരയും ഒന്നിച്ച് ശേഖരിച്ച് ഒരു സ്ഥലത്തുവയ്ക്കുക. ബാക്കി കിടക്കുന്ന മണ്ണിരകമ്പോസ്റ്റ് വാരി നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് ചെറിയകൂനകളായി വയ്ക്കുക. മൂന്നു മണിക്കൂറോളം വെയില്‍ കൊള്ളാന്‍ അനുവദിക്കുക. അപ്പോള്‍ മണ്ണിരകള്‍ കൂനയുടെ അടിഭാഗത്തെത്തും. അപ്പോള്‍ കൂനയുടെ മുകള്‍ ഭാഗത്തുനിന്നും കുറെശ്ശെയായി മണ്ണിരകമ്പോസ്റ്റ് വാരിമാറ്റം വയ്ക്കാം. അടിഭാഗത്തുകാണുന്ന മണ്ണിരകളെയും വീണ്ടും ടാങ്കില്‍ നിഷേപിക്കാം.
മണ്ണിരകമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് തണലത്തുസൂക്ഷിച്ചാല്‍ രണ്ടുവര്‍ഷംവരെ ഗുണം നഷ്ടപ്പെടാതെയിരിക്കും. കമ്പോസ്റ്റ് ഒരിക്കലും വെയിലത്തിട്ട് ഉണക്കരുത്. അതിലുള്ള ഉപകാരപ്രദമായ അണുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
മണ്ണിരകളുടെ ശത്രുക്കള്‍:
മണ്ണിരകളുടെ മുഖ്യശത്രുക്കള്‍ എലി, പെരിച്ചാഴി, കോഴി, ഉറുമ്പ് എന്നിവയാണ്. കൂടാതെ മണ്ണിരകളെ ഭക്ഷിക്കുന്ന ചില മണ്ണിരകളുമുണ്ട്. ഈ മണ്ണിരയുടെ കൂടുതല്‍ വരുന്നത് കുഴികളില്‍ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്പോഴും പഴയ ചാണകം ഉപയോഗിക്കുമ്പോഴാണ്. ഉറുമ്പിന്‍റെ ഉപദ്രവത്തെ തടയാനാണ് ടാങ്കിനുചുറ്റും ചാല്‍ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നത്.
www.karshikarangam.com