ജൈവവളങ്ങള്‍ : ബാംഗ്ലൂര്‍ രീതിയിലുള്ള കമ്പോസ്റ്റ് നിര്‍മാണം


കര്‍ഷകരുടെ പുരയിടത്തിലുള്ള ചപ്പുചവറുകളും വിളകളുടെ അവശിഷ്ടങ്ങളും ദിവസവും ശേഖരിച്ച് കാലിത്തൊഴുത്തിനടുത്ത് ശേഖരിക്കുന്നു. ആവശ്യമെങ്കില്‍ ചെറുകഷണങ്ങളായി മുറിച്ചുകൂട്ടണം. വാഴക്കൈയും തടയും ചെറുകഷണങ്ങളായി അരിഞ്ഞുകൂട്ടണം. രണ്ടുമൂന്നു ദിവസംകൊണ്ട് ഇവ ചെറുതായൊന്ന് വാടും.


കമ്പോസ്റ്റിനുള്ള കഴിക്ക് 20 അടി നീളവും 3 അടി ആഴവും 6 തൊട്ട് 8 അടി വരെ വീതിയും ഉണ്ടായിരിക്കണം. കുഴികള്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലത്തായിരിക്കണം. വശങ്ങള്‍ക്ക് നേരിയ ചെരിവുണ്ടായാല്‍ നന്നായിരിക്കും. കുഴിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാനും ക്രമീകരണം വേണം.


ശേഖരിക്കപ്പെട്ട ജൈവവസ്തുക്കള്‍ ഓരോ ദിവസവും വൈകുന്നേരം തൊഴുത്തില്‍ നിരത്തും-ഒരു കാലിക്ക് 5 തൊട്ട് 8 കി.ഗ്രാം എന്ന കണക്കില്‍ ചാണകവും മൂത്രവും ശേഖരിക്കുന്നതിനാണിത്. മൂത്രത്തില്‍ കൂടുതല്‍ മൂലകങ്ങള്‍ ഉള്ളതിനാല്‍ മൂത്രം ശേഖരിക്കുന്നത് അത്യാവശ്യമാണ്. പിറ്റേദിവസം രാവിലെ തൊഴുത്തില്‍ നിരത്തിയ ജൈവവസ്തുക്കള്‍ ശേഖരിക്കുന്നു. നന്നായി ഒന്നിച്ചശേഷം ഇവ കുഴിയുടെ ഒരു ഭാഗത്തുനിന്നും അടുക്കുന്നു. കുഴി ഒന്നിച്ചു നിറയ്ക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ പല ഭാഗങ്ങളായാണ് നിറയ്ക്കുക. നാലടി വീതമുള്ള പല ഭാഗങ്ങള്‍ ഒന്നിനുപുറമേ ഒന്നായി നിറയ്ക്കണം. ഓരോ ഭാഗവും നിറയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ ആ ഭാഗം പലക ഉപയോഗിച്ച് മറിഞ്ഞുവീഴാതെ ഉറപ്പാക്കണം. ഓരോ ദിവസവും നിറച്ചശേഷം വെള്ളം നന്നായി തളിക്കണം. നന്നായി കുതിരത്തക്കവിധം വെള്ളം ആവശ്യമാണ്. കുഴി നിറഞ്ഞ് രണ്ടടി ഉയരമാകുമ്പോള്‍ ആദ്യത്തെ ഭാഗം വിട്ട് അടുത്ത ഭാഗം നിറച്ചുതുടങ്ങാം. നിറഞ്ഞ ഭാഗത്തിന്‍റെ മുകള്‍ ഭാഗം വൃത്താകാരത്തില്‍ മിനുസപ്പെടുത്തി കുഴമ്പാക്കിയ മണ്ണുപയോഗിച്ച് പൊതിയണം.

 

ഇതിന് ഒരിഞ്ച് കട്ടി മതിയാകും. ഓരോ വിഭാഗവും ഏതാണ്ട് 10 ദിവസത്തിനുള്ളില്‍ നിറയ്ക്കാവുന്നതാണ്. ഇതുമാതിരി കുഴി തീരുന്നതുവരെ തുടരണം. ഈ രീതിയിലുണ്ടാക്കുന്ന കമ്പോസ്റ്റ് 6 മാസം കൊണ്ട് ഉപയോഗത്തിനായി പാകപ്പെട്ടുവരും. ഈ രീതിയില്‍ കമ്പോസ്റ്റ് ഉണ്ടാക്കുകയാണെങ്കില്‍ ഇടയ്ക്കിടക്ക് നനയ്ക്കുകയോ ഇളക്കി മറിക്കുകയോ ചെയ്യേണ്ടതില്ല. രണ്ട് കാലികളാണ് ഉള്ളതെങ്കില്‍ കുഴിക്ക് 20 അടി നീളമാണ് നല്ലത്. അഞ്ചു കാലി വരെയാണെങ്കില്‍ 25 അടിയും 10 കാലി വരെയാണെങ്കില്‍ 30 അടി നീളവുമാണ് കുഴികള്‍ക്ക് കണക്കാക്കിയിട്ടുള്ളത്. നന്നായി ഉണ്ടാക്കിയ കമ്പോസ്റ്റില്‍ കാലിവളത്തേക്കാള്‍ മൂലകങ്ങള്‍ അടങ്ങിയിരിക്കും. നൈട്രജന്‍ 0.8 മുതല്‍ 1.0 ശതമാനം വരെയും, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം 0.6, 2.2 ശതമാനവും ഉണ്ടായിരിക്കും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7251053