പ്രധാനമായും ഫോസ്ഫറസിന്‍റെ ലഭ്യതയ്ക്കാണ് എല്ലുപൊടി ഉപയോഗിക്കുക. ഇത് രണ്ടുതരത്തില്‍ ലഭ്യമാണ്. ഒന്ന് ഉണങ്ങിയ എല്ല് പൊടിച്ചെടുക്കുന്നത്. ഇതില്‍ 20% ഫോസ്ഫറസ് ഉണ്ട്. എട്ട് ശതമാനം ഫോസ്ഫറസ് വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലും ബാക്കിയുള്ളത് വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്. രണ്ടാമത്തെ ഇനം നീരാവികൊണ്ട് വേവിച്ചശേഷം ഉണക്കി പൊടിച്ചെടുക്കുന്നതാണ്. ഇതില്‍ 22% ഫോസ്ഫറസ് ഉണ്ട്. പതിനാറ് ശതമാനം വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്നതും ബാക്കിയുള്ളതു വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്.
എല്ലുപൊടിയില്‍ 2-4% നൈട്രജനുണ്ട്. ഇതും ചെടികള്‍ക്ക് സാവധാനം കിട്ടുന്ന രൂപത്തിലാണ്. അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് സാവധാനത്തില്‍ മാറുന്നതുകൊണ്ട് കേരളത്തിലെ മണ്ണില്‍ എല്ലുപൊടി യോജിച്ചതാണ്. എന്നാല്‍ ദീര്‍ഘകാല വിളകള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൂടാതെ ഒരു വര്‍ഷത്തിലധികം വളരുന്ന വിളകളായ കരിമ്പ്, പൈനാപ്പിള്‍ മുതലായ വിളകള്‍ക്കും പാകമാണ്. പെട്ടെന്ന് ഫോസ്ഫറസ് ആവശ്യമുള്ള ഹ്രസ്വവിളകളായ നെല്ല്, പയര്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ഇതു ചേരില്ല.
www.karshikarangam.com