മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍ വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
മണ്ണില്‍ കണ്ടുവരുന്ന ട്രൈക്കോഡെര്‍മയെ പരീക്ഷണശാലയില്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുള്ള മണ്ണില്‍നിന്നും അനുയോജ്യമായ മാധ്യമം (Potato dextrose agar) ഉപയോഗിച്ച് ഇവയെ വളര്‍ത്തി എടുക്കുന്നു. ആരോഗ്യമുള്ള ചെടികളുടെ വേരുപടലങ്ങളിലും ചുറ്റുമുള്ള മണ്ണിലും വീര്യമുള്ള ട്രൈക്കോഡെര്‍മ കാണാനുള്ള സാധ്യത ഏറെയാണ്. ഓരോ വിളകളുടെ രോഗനിയന്ത്രണത്തിനും അതാതു വിളകളുടെ വേരുപടലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മയാണ് കൂടുതല്‍ ഉത്തമം. ഇപ്രകാരം വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മ മാധ്യമത്തില്‍ പച്ചപ്പൂപ്പലായി 3-4 ദിവസംകൊണ്ട് വളര്‍ന്നു വരും. മറ്റു കുമിളുകള്‍ ഇവയോടൊപ്പം വളരാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം ട്രൈക്കോഡെര്‍മയെ വേര്‍തിരിച്ചെടുക്കേണ്ടത്.
ആവശ്യമായി വന്നാല്‍ ഇവയെ വീണ്ടും മാധ്യമത്തില്‍ ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കളെ നശിപ്പിക്കാനും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനുമുള്ള ട്രൈക്കോഡെര്‍മയുടെ കഴിവ് വളരെ വ്യത്യസ്തമായിരിക്കും. പലതരം മണ്ണില്‍നിന്നും ട്രൈക്കോഡെര്‍മയുടെ ഒരു ബൃഹത്തായ ശേഖരം വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കേണ്ടതാണ്. രോഗാണുക്കളെ നശിപ്പിക്കുവാനുള്ള ട്രൈക്കോഡെര്‍മയുടെ ശേഷിയാണ് ആദ്യമായി നിര്‍ണ്ണയിക്കേണ്ടത്. രോഗാണുവും ട്രൈക്കോഡെര്‍മയും ഒരുപോലെ വളരുന്ന മാധ്യമത്തില്‍ രണ്ടു കുമിളുകളെയും ഒരുമിച്ചു വളര്‍ത്തി ട്രൈക്കോഡെര്‍മയുടെ നശീകരണശേഷി വിലയിരുത്താവുന്നതാണ്. ശത്രുകുമിളിനെ നശിപ്പിക്കാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ വളരെവേഗം വളരുകയും ശത്രുകുമിളിന്‍റെ മുകളില്‍ പടര്‍ന്നു പിടിച്ച് അവയെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യുന്നു.
ഒടുവില്‍ പരീക്ഷണം നടത്തിയ ശത്രുകുമിളിന്‍റെ പ്രതലം മുഴുവന്‍ ട്രൈക്കോഡെര്‍മയുടെ സ്വതസിദ്ധമായ പച്ചപൂപ്പല്‍കൊണ്ടു നിറയുന്നു. വിപുലമായ ശേഖരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ശേഷിയുള്ളവയെ തെരഞ്ഞെടുത്ത് ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികളില്‍ പ്രയോഗിച്ച് അവയുടെ രോഗനിയന്ത്രണശേഷിയും ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനുള്ള കഴിവും വിലയിരുത്താവുന്നതാണ്. ഇതില്‍നിന്നും രോഗനിയന്ത്രണത്തിനു ശേഷിയുള്ള ഏതാനും ഇനത്തെ വീണ്ടും തെരഞ്ഞെടുത്ത് പരീക്ഷണപാടങ്ങളിലും കര്‍ഷകരുടെ പാടങ്ങളിലും നിരവധി തവണ പരീക്ഷിച്ചു നോക്കിയതിനുശേഷം ഉത്തമശേഷിയുള്ളവയെ കണ്ടെത്തുന്നു. ഇവയെ പിന്നീട് കര്‍ഷകര്‍ക്ക് ഉപയോഗിക്കത്തക്കവിധം രൂപാന്തരപ്പെടുത്തി ലഭ്യമാക്കുകയും ചെയ്യുന്നു.
പ്രവര്‍ത്തനരീതി
ട്രൈക്കോഡെര്‍മ സസ്യങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കുകയില്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു കുമിളുകളെ നശിപ്പിക്കുന്നു. ട്രൈക്കോഡെര്‍മ ഉല്‍പ്പാദിപ്പിക്കുന്ന, ട്രൈക്കോഡര്‍മിന്‍, വിറിസിന്‍, ഗ്ലൈയോറ്റോക്സിന്‍ തുടങ്ങി ആന്‍റിബയോട്ടിക്കുകളും മറ്റു വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രൈക്കോഡെര്‍മയുടെ തന്തുക്കള്‍ രോഗഹേതുക്കളായ കുമിളുകളുടെ മുകളില്‍ വളര്‍ന്ന് അവയെ വരിഞ്ഞുചുറ്റി ആഹാരമാക്കി മാറ്റുന്നു. കുമിളുകളുടെ കോശങ്ങളെ ലയിപ്പിക്കുവാന്‍ ശേഷിയുള്ള കൈറ്റിനേസ്, ഗ്ലൂക്കനേസ്, സെല്ലുലുള്ള പ്രവര്‍ത്തനങ്ങളാല്‍ ട്രൈക്കോഡെര്‍മ കുമിളുകളും മണ്ണില്‍ ജൈവവസ്തുകളുടെ അഴുകലിനെ സഹായിക്കുന്നുണ്ട്. അങ്ങനെ മണ്ണിന്‍റെ ഘടന സംരക്ഷിക്കുകയും ജൈവവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മറ്റും ചെടികള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു.
പ്രയോഗിക്കുന്ന രീതി
കമ്പോളത്തില്‍ കിട്ടുന്നതോ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതോ ആയ ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.
ജൈവവളത്തില്‍ ട്രൈക്കോഡെര്‍മ തയാറാക്കല്‍
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കി.ഗ്രാം ചാണകപ്പൊടിയില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്) കലര്‍ത്തിയ മിശ്രിതം തയാറാക്കുക. ഓരോ 100 കി.ഗ്രാം മിശ്രിതത്തോടൊപ്പം ഒന്നു മുതല്‍ രണ്ടു കി.ഗ്രാം വരെ ട്രൈക്കോഡെര്‍മ വിതറിയശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈര്‍പ്പം അധികമായി മിശ്രിതം കുഴഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈര്‍പ്പം അധികമായാല്‍ മിശ്രിതത്തില്‍ വായുലഭ്യത കുറയുകയും ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരം തയാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂനകൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടുക. ഒരാഴ്ച കഴിയുമ്പോള്‍ ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിനു മുകളില്‍ പച്ചനിറത്തില്‍ ട്രൈക്കോഡെര്‍മയുടെ പൂപ്പല്‍ കാണാം. ശേഷം ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂനകൂട്ടി മൂടിയിടുക. ഇപ്രകാരം തയാറാക്കിയ ഒരു ഗ്രാം മിശ്രിതത്തില്‍ 10 ട്രൈക്കോഡെര്‍മ കോശങ്ങള്‍ ഉണ്ടായിരിക്കും. കാപ്പി തൊണ്ട് ലഭ്യമാണെങ്കില്‍ അതും ഇപ്രകാരം ട്രൈക്കോഡെര്‍മ വളര്‍ത്താന്‍ ഉപയോഗിക്കാം.
ഈ മിശ്രിതം സാധാരണ ജൈവവളം ഉപയോഗിക്കുന്ന രീതിയില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പ്രക്രിയയിലൂടെ ചെടിക്ക് ആവശ്യമുള്ള മുഴുവന്‍ ജൈവവളവും ട്രൈക്കോഡെര്‍മ ഉപയോഗിച്ചു പോഷിപ്പിച്ച് പാടത്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡെര്‍മ അതുപോലെ പാടത്ത് ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ വിളകള്‍ക്കു കിട്ടുകയുള്ളൂ. കൂടാതെ ഇതിന് ഏറെ ചെലവും വേണ്ടിവരും.
വേപ്പിന്‍പിണ്ണാക്ക് കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ അളവ് കൂട്ടുന്നതു നല്ലതാണ്. വേപ്പിന്‍പിണ്ണാക്ക് ലഭ്യമല്ലെങ്കില്‍ ചാണകപ്പൊടിയില്‍ മാത്രമായും മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ത്തി ട്രൈക്കോഡെര്‍മ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ട്രൈക്കോഡെര്‍മയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ട്രൈക്കോഡെര്‍മ സ്വാഭാവികമായി ചെറിയ അമ്ലത്വസ്വഭാവമുള്ള മണ്ണില്‍ വസിക്കുന്നതാകയാല്‍ കേരളത്തിലെ മണ്ണില്‍ കുമ്മായം ചേര്‍ക്കാതെതന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
കമ്പോസ്റ്റിനോടൊപ്പം ട്രൈക്കോഡെര്‍മ പ്രയോഗം
ചകിരിച്ചോറില്‍നിന്നും ഉല്‍പാദിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ കമ്പോസ്റ്റിലും അഴുകല്‍ പ്രക്രിയയ്ക്കുശേഷം ട്രൈക്കോഡെര്‍മ ഒരു ശതമാനം തോതില്‍ ചേര്‍ക്കുന്നതു വളരെ പ്രയോജനം ചെയ്യുന്നു. ഇതിലൂടെ വളം പ്രയോഗിക്കുന്ന വിളകളുടെ വേരുപടലത്തിനു ചുറ്റും ട്രൈക്കോഡെര്‍മയുടെ പ്രവര്‍ത്തനം ഉണ്ടാകുകയും അങ്ങനെ ശത്രുകുമിളുകളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും കഴിയുന്നു. കമ്പോസ്റ്റ് വളത്തിന്‍റെ തുടര്‍ന്നുള്ള അഴുകലിന് ട്രൈക്കോഡെര്‍മ സഹായകരമാണ്. എല്ലാവിധ ജൈവവളവും ട്രൈക്കോഡെര്‍മ കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും.
മറ്റു സൂക്ഷ്മാണുക്കളോടൊപ്പമുള്ള പ്രയോഗം
സസ്യങ്ങളുടെ രോഗനിയന്ത്രണത്തിനും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും പലതരം സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്താറുണ്ട്. ജീവാണുവളമായി ഉപയോഗിക്കുന്ന അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഭാവകം ലഭ്യമാക്കുന്ന മൈക്കോറൈസ, ബാസില്ലസ് തുടങ്ങിയവയുമായി സഹവര്‍ത്തിച്ച് പോകുന്നതിനാല്‍ ഇവയുടെ കൂട്ടായ പ്രയോഗം സാധ്യമാണ്. എന്നാല്‍, പല ഫ്ളുറസന്‍റ് സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഉപയോഗിക്കുന്ന കള്‍ച്ചര്‍ സഹവര്‍ത്തിച്ചുപോകും എന്നു തീര്‍ച്ചയില്ലെങ്കില്‍ സ്യൂഡോമോണസ് പ്രയോഗിച്ച് 10-15 ദിവസങ്ങള്‍ക്കുശേഷമേ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.
ട്രൈക്കോഡെര്‍മയുടെ ലഭ്യത
കേരളത്തിലെ മണ്ണില്‍നിന്നും വേര്‍തിരിച്ചെടുത്ത വ്യത്യസ്തമായ ട്രൈക്കോഡെര്‍മയുടെ ഒരു ശേഖരം വെള്ളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി സെന്‍ററില്‍ ലഭ്യമാണ്. പ്രധാന രോഗങ്ങള്‍ക്കു ഹേതുവായ ഫൈറ്റോഫ്തോറ, പിത്തിയം, ഫ്യുസേറിയം, റൈസോക്ടോണിയ മുതലായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ ഇനങ്ങളെ വേര്‍തിരിച്ച് പാകപ്പെടുത്തി എടുത്തിട്ടുണ്ട്. ഈ കുമിളുകളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി, കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങള്‍, മൈക്രോബയോളജി സെന്‍റര്‍ മുതലായ സ്ഥാപനങ്ങള്‍വഴി കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നുണ്ട്.
കുരുമുളകിന്‍റെ ദ്രുതവാട്ടം നിയന്ത്രിക്കാന്‍ അനുയോജ്യമായ ട്രൈക്കോഡെര്‍മ കണ്ടെത്തിയിട്ടുണ്ട്.
ഇവയില്‍ ട്രൈക്കോഡെര്‍മ ലോല്‍ജിബ്രാക്കിയേറ്റ് (T2), ട്രൈക്കോഡെര്‍മ വിരിഡി (T6), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസേര്‍ച്ച് വേര്‍തിരിച്ച് എടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം തുടങ്ങിയവ കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ട്രൈക്കോഡെര്‍മ വൈറന്‍സ് (T9), T2 തുടങ്ങിയവ ഏലത്തിന്‍റെ അഴുകലിനു വളരെ ഫലപ്രദമാണ്. ഇഞ്ചിയുടെ ചീയലിനെ നിയന്ത്രിക്കാന്‍ പറ്റിയ ഒരിനമാണ് ട്രൈക്കോഡെര്‍മ വിരിഡി (T10). വാനില, പച്ചക്കറി തുടങ്ങിയവയിലെ കുമിള്‍രോഗങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വേര്‍തിരിച്ചെടുത്ത T2, T6 കള്‍ച്ചറുകള്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
www.karshikarangam.com