ബാസിലസ്സ് തുറിഞ്ചിയന്‍സിസ് (ബി റ്റി) സ്വാഭാവികമായി മണ്ണില്‍ കാണപ്പെടുന്നതും കീടങ്ങള്‍ക്ക് രോഗബാധ ഉണ്ടാക്കുന്നതുമായ ഒരു ബാക്ടീരിയമാണ്. ഉപയോഗിക്കുന്നതിനുള്ള സൗകര്യവും കുറഞ്ഞ ചെലവും വ്യാപകനശീകരണശേഷിയും കാരണം ജൈവകൃഷിരംഗത്ത് കീടനിയന്ത്രണത്തിന് ഏറെ സ്വീകാര്യമാണിത്. ഈ ബാക്ടീരിയം വിവിധ കീടങ്ങളുടെ ലാര്‍വകളുടെ അന്നനാളത്തില്‍ കടക്കുകയും ബാക്കീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കീടങ്ങളുടെ ദഹനസംവിധാനത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടങ്ങള്‍ ഭക്ഷണം സ്വീകരിക്കാനാകാതെ നശിക്കുകയും ചെയ്യുന്നു.
ബി റ്റി ഉപയോഗിക്കുമ്പോള്‍ ചെടിയുടെ എല്ലാ ഭാഗത്തും എത്തതക്കവണ്ണം നന്നായി തളിക്കേണ്ടതാണ്. മുട്ടകള്‍ വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്ന സമയത്തോ ലാര്‍വയുടെ വളര്‍ച്ചയുടെ ആരംഭദശയിലോ ബി റ്റി തളിക്കുന്നത് ഏറെ ഫലപ്രദമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ബി റ്റി കൂടുതല്‍ സമയം ഇലകളുടെ പ്രതലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മികച്ച ഫലം ഉണ്ടാകുന്നതായി കാണുന്നു. വിളകളെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. 10 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.
www.karshikarangam.com