മെറ്റാറൈസിയം അനിസോപ്ളിയെ സ്വാഭാവികമായി മണ്ണില്‍ വളരുന്ന ഒരു കുമിളാണ്. ഇത് കീടങ്ങളില്‍ ഒരു പരാദമായി പ്രവര്‍ത്തിച്ച് ഗ്രീന്‍ മസ്കാര്‍ഡിന്‍ രോഗം ഉണ്ടാക്കുന്നു. ഈ കുമിളിന്‍റെ സ്പോറുകള്‍ കീടത്തിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അവിടെ പറ്റിപ്പിടിച്ച് കീടത്തിന്‍റെ പുറന്തോട് തുളച്ച് ഉള്ളിലേക്ക് വളരുന്നു. രോഗം ബാധിച്ച കീടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റു കീടങ്ങളിലേക്കും ഈ രോഗം പകരുന്നു. പച്ചക്കറികളെ ആക്രമിക്കുന്ന വണ്ടുകള്‍, പച്ചത്തുള്ളന്‍, ഇലപ്പേനുകള്‍, വേരിനെ ആക്രമിക്കുന്ന വണ്ടുകള്‍, കായ്/തണ്ടുതുരപ്പന്‍പുഴു എന്നിവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.
ജീവാണു കീടനാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിനു സഹായിക്കും.
www.karshikarangam.com