തൈത്തെങ്ങിനു പരിചരണം
തുടക്കം മുതല്‍ക്കേ തൈത്തെങ്ങിനു ശ്രദ്ധാപൂര്‍വമുള്ള പരിചരണം നല്‍കുന്നതില്‍ അലംഭാവം കാട്ടരുത്. പ്രത്യേകിച്ച് ആദ്യത്തെ രണ്ടു വര്‍ഷക്കാലം. വേനല്‍ക്കാലങ്ങളില്‍ നാലുദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം കൊടുക്കണം. ആവശ്യത്തിനു തണലും നല്‍കണം. മഴക്കാലത്തു കുഴികളില്‍ വെള്ളം നില്‍ക്കാതെ സൂക്ഷിക്കണം. തൈകളുടെ കവിളില്‍ ഒലിച്ചിറങ്ങിയിട്ടുള്ള മണല്‍ അപ്പപ്പോള്‍ നീക്കം ചെയ്യുകയും വേണം. തോട്ടം വൃത്തിയായി സൂക്ഷിക്കണം. അതിന് അനുയോജ്യമായ ഇടവിളകൃഷി ചെയ്യുന്നത് ഉത്തമമായിരിക്കും.
തെങ്ങിന് ജലസേചനം
വേനല്‍ക്കാലങ്ങളില്‍ തെങ്ങിനു ജലസേചനം നല്‍കിയാല്‍ മൂന്നിരട്ടിയിലധികം വിളവ് ലഭിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മണ്ണിന്‍റെ ഘടന, ജലസംഗ്രഹണ ശേഷി, കാലാവസ്ഥാവ്യതിയാനം, ജലലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ജലസേചനത്തിന്‍റെ അളവിലും വ്യത്യാസങ്ങള്‍ വരുത്താം. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് ജലസേചനം നടത്തേണ്ടത്. മണല്‍പ്രദേശങ്ങളില്‍ ഓരോ തെങ്ങിനും 4 ദിവസത്തിലൊരിക്കല്‍ 600 ലിറ്റര്‍ വെള്ളവും മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ 5 ദിവസത്തിലൊരിക്കല്‍ 900 ലിറ്റര്‍ വെള്ളവും പശിമരാശിമണ്ണില്‍ 8 ദിവസത്തിലൊരിക്കല്‍ 1300 ലിറ്റര്‍ വെള്ളവും ചെളിമണ്ണില്‍ 9 ദിവസത്തിലൊരിക്കല്‍ 1600 ലിറ്റര്‍ വെള്ളവും ആവശ്യമുണ്ട്. തൃശൂര്‍ ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലും മേല്‍പ്പറഞ്ഞ രീതിയിലുള്ള ജലസേചനത്തിന്‍റെ ഇടവേള രണ്ടു ദിവസം വീതം കുറയ്ക്കേണ്ടതാണ്. പൊതുവേ പറഞ്ഞാല്‍ തടങ്ങളില്‍ ജലസേചനം നല്‍കുന്ന സ്ഥലങ്ങളില്‍ നാല് ദിവസത്തിലൊരിക്കല്‍ തെങ്ങ് ഒന്നിന് 200 ലിറ്റര്‍ വെള്ളം നല്‍കുന്നത് ഉചിതമായിരിക്കും.
ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഡ്രിപ്പ് സിസ്റ്റം വഴി ജലസേചനം നല്‍കാം. ഈ രീതിയില്‍ ഒരു തെങ്ങിനു ദിവസം 30 ലിറ്റര്‍ വെള്ളം നല്‍കിയാല്‍ മതിയാകും.
തെങ്ങ് നനയ്ക്കാന്‍ ഉപ്പുവെള്ളം ഉപയോഗിക്കാമോ?
തീരപ്രദേശത്തു വളരുന്ന തെങ്ങുകള്‍ക്ക് ഉപ്പുവെള്ളം നനയ്ക്കാനുപയോഗിക്കാമോ എന്ന് കര്‍ഷകര്‍ നിരന്തരം സംശയം പ്രകടിപ്പിക്കാറുണ്ട്. പ്രായമായ തെങ്ങുകളാണെങ്കില്‍, ശുദ്ധജലം കിട്ടാത്ത സ്ഥലത്ത് ഉപ്പുവെള്ളംകൊണ്ടു നനയ്ക്കാം. എന്നാല്‍ മണല്‍പ്രദേശങ്ങളില്‍ വളരുന്ന തെങ്ങു നനയ്ക്കുവാന്‍ മാത്രമേ ഉപ്പുവെള്ളം ഉപയോഗിക്കാവൂ എന്നോര്‍ക്കുക. നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണില്‍ ഉപ്പുവെള്ളം ഉപയോഗിച്ചു ജലസേചനം നടത്തിയാല്‍ അതു തെങ്ങിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. തെങ്ങിന്‍തൈകള്‍ നനയ്ക്കാന്‍ ശുദ്ധജലമേ ഉപയോഗിക്കാവൂ.
www.karshikarangam.com