ആണ്ടിലൊരിക്കല്‍ മാത്രം വിളവെടുക്കുന്ന ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയെയാണ് നടുതലകള്‍ എന്നു വിളിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളോടെ നടുതലകൃഷിക്കു ആരംഭം കുറിക്കുന്നു. കിഴങ്ങുവര്‍ഗവിളകളില്‍ പ്രധാനമായത് ചേനയാണ്. കാട്ടുചേന, നാട്ടുചേന എന്നീ രണ്ടുതരം ചേനകളാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്. വെന്തു കഴിഞ്ഞാല്‍ വെണ്ണപോലിരിക്കുന്നവയ്ക്ക് നെയ്ചേന എന്ന ഓമനപ്പേരുമുണ്ട്. കാട്ടുചേന തരിശുഭൂമികളിലും വെളിമ്പറമ്പുകളിലും വളരുമ്പോള്‍ മറ്റു രണ്ടിനങ്ങളും കൃഷി ചെയ്തുണ്ടാക്കണം. കാട്ടുചേന മരുന്നായി മാറുമ്പോള്‍ മറ്റുള്ളവ ഭക്ഷണമായിത്തീരുന്നു.
നടീല്‍
കുംഭമാസത്തില്‍ വെളുത്തപക്ഷത്തിന്‍റെ ആദ്യദിവസം ചേന നട്ടാല്‍ പൂര്‍ണചന്ദ്രനെപ്പോലെ വളര്‍ന്നു വരുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. വെളുത്തവാവിന്‍റെ അന്നു നട്ടാലും ഇതേ വളര്‍ച്ച കിട്ടുമെന്നു മറ്റു ചിലരും കരുതുന്നു. ഏതായാലും കുംഭത്തില്‍ നട്ടാല്‍ കുടയോളം വലുപ്പത്തിലുള്ള ചേനയുണ്ടാകുമെന്നാണ് ചൊല്ല്.
തുലാവര്‍ഷത്തിനുശേഷം നന്നായി കിളച്ചിട്ട പറമ്പുകളില്‍ കുംഭത്തില്‍ ചേന നടാനുള്ള കുഴി എടുക്കാം. ചേനക്കൃഷി ശാസ്ത്രീയമാക്കുമ്പോള്‍ 60 സെ.മീ. സമചതുരത്തിലും 45 സെ.മീ. ആഴത്തിലുമുള്ള കുഴികളിലാണ് നടേണ്ടത്. കുഴികള്‍ തമ്മില്‍ 90 സെ.മീ. അകലവും വേണം. ഇങ്ങനെ ചേന നടുമ്പോള്‍ ഇടയ്ക്കുള്ള സ്ഥലം പയറോ വെണ്ടയോ വളര്‍ത്താനും ഉപയോഗിക്കാം. കുഴികളില്‍ ഉണങ്ങിയ ഇലകളും മറ്റുമിട്ട് തീ കത്തിച്ചു കിട്ടുന്ന ചാരം ചേനയ്ക്കു വളരെ നല്ലതാണ്. കുഴി ഒന്നിന് രണ്ടര കി.ഗ്രാം ചാണകപ്പൊടി മേല്‍മണ്ണുമായി ചേര്‍ത്തിളക്കി വെച്ചശേഷം വേണം ചേന നടാന്‍. മുന്‍വിളകളില്‍നിന്നും ലഭിച്ച ഇടത്തരം വലുപ്പമുള്ള ചേന മുളകുത്തിക്കളഞ്ഞശേഷം ഒരാഴ്ചയോളം തണലത്തു വെച്ചുണക്കിയതാണ് നടീല്‍വസ്തു. ഏകദേശം ഒരു കി.ഗ്രാം തൂക്കമുള്ളതും മുളയുള്ളതുമായ കഷണങ്ങളാക്കി മുറിച്ച് ഇവ നടാനുപയോഗിക്കാം. മുള കുത്തിയ ചേന ഒന്നുരണ്ടാഴ്ച പുകയത്തുവെച്ചശേഷം മുളപൊട്ടുമ്പോള്‍ മുറിച്ചെടുക്കുന്ന രീതിയുമുണ്ട്. മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു നിറച്ച വലിയ കുഴികളുടെ മധ്യത്തില്‍ പിള്ളക്കുഴികളെടുത്ത് ചേന നട്ട് മണ്ണിട്ടു മൂടുന്നു.
വിളസംരക്ഷണം
ചേന നട്ടശേഷം കുഴികളുടെ മുകളില്‍ ഉണങ്ങിയ ഇലകൊണ്ട് പുതയിടണം. ചേനയെ എത്രത്തോളം കരിയിലകൊണ്ട് നാം ചുമടെടുപ്പിക്കുന്നുവോ അത്രത്തോളം എന്‍റെ ചുമടും ഞാന്‍ നിങ്ങളെക്കൊണ്ട് എടുപ്പിക്കുമെന്നാണ് ചേന പറയുന്നത്. മീനം-മേട മാസങ്ങളിലെ കഠിനമായ ചൂടില്‍നിന്നും ചേനക്കഷണങ്ങളെ സംരക്ഷിക്കാനാണ് കരിയിലകൊണ്ടു മൂടുന്നത്. പുതുമഴയോടെ കൂമ്പ് പുറത്തു വരുമ്പോള്‍ കരിയിലകള്‍ അഴുകി ചേനയ്ക്കു വളമായി മാറുന്നു
.
ചേന വലുപ്പം കൂട്ടാന്‍ രാസവളങ്ങളും ചേര്‍ക്കാം. നട്ട് 45 ദിവസമാകുമ്പോള്‍ കുഴിയൊന്നിന് 20 ഗ്രാം മസൂരിഫോസും 7 ഗ്രാം വീതം യൂറിയയും പൊട്ടാഷും ചേര്‍ത്ത് ഇടയിളക്കി മണ്ണുകൂട്ടി കൊടുക്കുന്നത് നല്ലതാണ്. ഒരു മാസം കഴിയുമ്പോള്‍ വീണ്ടും ഇതേ തോതില്‍ യൂറിയയും പൊട്ടാഷും ചേര്‍ത്ത് മണ്ണു കൂട്ടികൊടുക്കണം.
വിളവെടുപ്പ്
കുംഭത്തില്‍ നട്ട ചേന തുലാം-വൃശ്ചികമാസത്തില്‍ മാത്രമേ വിളവെടുപ്പിനു പാകമാകൂവെങ്കിലും കര്‍ക്കടകത്തില്‍ പറിച്ചെടുക്കുന്ന ചേന നല്ല വെണ്ണപോലെ വേകും. ഇതിന്‍റെ സ്വാദോര്‍ത്തിട്ടാകാം കര്‍ക്കിടകത്തില്‍ കട്ടിട്ടായാലും ചേന കൂട്ടണമെന്നു പഴമക്കാര്‍ പറയുന്നത്.
ഭക്ഷ്യാവശ്യത്തിനു ചേനയോടൊപ്പം ചേനത്തണ്ടും ഉപയോഗിക്കാം. കുംഭത്തില്‍ നടുന്ന ചേനയുടെ തണ്ട് കര്‍ക്കിടകം-ചിങ്ങമാസങ്ങളില്‍ ചെത്തിയെടുക്കാം. രണ്ടു തണ്ടുള്ളതില്‍ ഒന്നുമാത്രമേ ചെത്താകൂ. ചേനത്തണ്ടിനോടൊപ്പം ചെറുപയറും ചേര്‍ത്തുണ്ടാക്കുന്ന തോരനു സ്വാദ് കൂടുമത്രെ.
www.karshikarangam.com