നടീല്‍
കിഴങ്ങിനങ്ങളില്‍ ചെറുകിഴങ്ങും നനകിഴങ്ങുമുണ്ട്. കാച്ചിലിനുള്ള കൃഷിരീതി തന്നെയാണിതിനും വേണ്ടത്. മീനം-മേടം മാസങ്ങളില്‍ കിഴങ്ങു നടുന്നു. വാരമെടുത്തോ കൂനകൂട്ടിയോ കിഴങ്ങു നടാം. കിഴങ്ങ് വളര്‍ന്നു വള്ളിവീശാന്‍ തുടങ്ങുമ്പോള്‍ മുളയോ, വാരിയോകൊണ്ട് താങ്ങുകൊടുത്ത് പടരാന്‍ വിടുന്നു.
ഇവയുടെ അറ്റം തമ്മില്‍ കൂട്ടിക്കെട്ടി ബലപ്പെടുത്തുകയും വേണം. കമ്പുനാട്ടി കൂട്ടിക്കെട്ടി കൃഷിചെയ്യുന്നതുകൊണ്ട് കിഴങ്ങിനു നാട്ടക്കിഴങ്ങെന്നുള്ള നാടന്‍ പേരുമുണ്ട്.
കൂനകൂട്ടി കിഴങ്ങു നടുമ്പോള്‍ കൂനകള്‍ തമ്മില്‍ 7.5 സെ.മീ. അകലമുണ്ടാകണം. കുഴികളില്‍ 2-2മ്മ കി.ഗ്രാം ചാണകപ്പൊടിയിട്ടശേഷം കിഴങ്ങ് നട്ട് മണ്ണുകൂട്ടി കരിയിലകൊണ്ട് പുതയിടുന്നു. പടരാന്‍ സൗകര്യത്തിന് ഏതെങ്കിലുമൊക്കെ മരത്തിനു ചുറ്റുമായാണ് സാധാരണ കിഴങ്ങു നടുക. ചേനയ്ക്കും കാച്ചിലിനും നിര്‍ദേശിച്ച തോതില്‍തന്നെ കിഴങ്ങിനും രാസവളം ചേര്‍ക്കാം. വൃശ്ചികമാസമാകുന്നതോടെ കിഴങ്ങ് പറിച്ചു തുടങ്ങുന്നു. ഒരു ചുവട്ടില്‍നിന്ന് 3-4 കി.ഗ്രാം വരെ കിഴങ്ങുണ്ടാകും.
വിളസംരക്ഷണം
നടുതലകള്‍ എല്ലാംതന്നെ പഴയ നാടന്‍ വിത്തുകളുപയോഗിച്ചാണ് കൃഷിചെയ്തു വന്നിരുന്നത്. വളമായി ചാണകപ്പൊടിയോ ചാരമോ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ ഗവേഷണഫലമായി സ്വാദിനും വിളവിനും പറ്റിയ പുതിയ ഇനങ്ങള്‍ ലഭ്യമാകുകയും വളം ചേര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ കൃഷി ലാഭകരമാക്കാമെന്നു കണ്ടു. കാച്ചിലില്‍ ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്‍പ എന്നിവയും ചേമ്പില്‍ ശ്രീപല്ലവി, ശ്രീരശ്മി എന്നിവയും കിഴങ്ങില്‍ ശ്രീലതയും പുതിയ ഇനങ്ങളാണ്.
കിഴങ്ങുവിളകള്‍ക്കെല്ലാം തന്നെ പാക്യജനകവും ഭാവഹവും ക്ഷാരവും രാസവളമായി നല്‍കിയാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നും മനസ്സിലായി. പൊട്ടാഷും നൈട്രജനും കൂടിയ തോതിലും പാക്യജനകവും ഭാവഹവും കുറഞ്ഞ തോതിലും മതിയെന്നാണു നിരീക്ഷണം. അടിവളമായി ഭാവഹ വളം മുഴുവനും പകുതി വീതം പാക്യജനകവും പൊട്ടാഷും നല്‍കി ബാക്കി പകുതി മേല്‍വളമായി, നട്ട് ഒരു മാസം കഴിഞ്ഞും ചേര്‍ക്കുന്നതാണ് നല്ലതെന്നു കണ്ടിട്ടുണ്ട്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായും വാഴത്തോട്ടത്തില്‍ സഹവിളയായും ഉള്ള സമ്മിശ്ര കൃഷിരീതിയാണ് നടുതലകള്‍ക്കു ലാഭകരമെന്നും കാണുകയുണ്ടായി.
കിഴങ്ങ് എന്ന മരുന്ന്
കിഴങ്ങിനങ്ങള്‍ക്കു ഭക്ഷ്യവസ്തു എന്ന നിലയില്‍ നല്ല സ്ഥാനമാണുള്ളത്. ഇവയിലെ അന്നജം ഊര്‍ജ്ജദായകമായതുകൊണ്ട് ചില നേരം അരിഭക്ഷണം ഒഴിവാക്കാനാവും. കാല്‍സ്യത്തിന്‍റെ നല്ല ഉറവിടമാണിവയെല്ലാം തന്നെ.
അര്‍ശോരോഗികള്‍ക്കുള്ള ആയുര്‍വേദമരുന്നിലെ യോഗത്തില്‍ കാട്ടുചേന സ്ഥിരാംഗമാണ്. തിരുവാതിരകാലത്ത് മകയിരം നോമ്പുനോക്കുമ്പോള്‍ എട്ടങ്ങാടി ചുട്ടു കൂട്ടുന്നതില്‍ പ്രധാനമായും ഉള്ളതു കാച്ചില്‍, ചേമ്പ്, ചേന, കിഴങ്ങ്, പയറ്, തേങ്ങ, ഏത്തയ്ക്ക, കൂര്‍ക്ക എന്നീ എട്ടു കൂട്ടങ്ങളുമാണ്. കാട്ടുകിഴങ്ങ് ചുട്ടുതിന്നും കാട്ടുകായ്കള്‍ പറിച്ചു തിന്നുമാണ് നമ്മുടെ പൂര്‍വ്വികര്‍ വിശപ്പടക്കിയിരുന്നത്.
www.karshikarangam.com