കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ ഏറ്റവും മികച്ച ആദായം ഉറപ്പുള്ള ഫലവര്‍ഗവിളകളില്‍ മുന്‍നിരയില്‍ തന്നെയാണ് റംബുട്ടാനു സ്ഥാനം. ഇതിന്റെ വന്യ ഇനങ്ങളാണ് മുള്ളന്‍പഴമെന്ന കേരളത്തില്‍ പുഴയുടെ തീരത്തുള്ള പുരയിടങ്ങളില്‍ കാണപ്പെടുന്നത്. ആധുനിക റംബുട്ടാന്‍ ഇനങ്ങളുടെ ഗുണമേന്മയൊന്നും അവകാശപ്പെടാനില്ലാത്ത മുള്ളന്‍പഴത്തിനു പോലും കിലോയ്ക്ക് നൂറ്റമ്പതു രൂപയെങ്കിലും വിപണിയില്‍ ലഭിച്ചു പോരുന്നു.
ഈ സാഹചര്യത്തില്‍ തനതായ സ്വാദിന്റെയും പോഷകഗുണങ്ങളുടെയും കലവറയായ മേല്‍ത്തരം റംബുട്ടാന്‍ ഇനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്. ഇതിനകം റംബുട്ടാന്‍ കൃഷിയിലേക്ക് തിരിഞ്ഞവരൊക്കെ ആദായത്തിന്റെ കാര്യത്തില്‍ തൃപ്തരുമാണ്. (കവര്‍സ്റ്റോറി വിഭാഗത്തില്‍ 'കേരളത്തിനു രണ്ട് ആദായപ്പഴങ്ങള്‍' എന്ന ഉള്ളടക്കം വായിക്കുക)
വാണിജ്യ റംബൂട്ടാന്‍ കൃഷിയില്‍ ശാസ്ത്രീയമായി നിര്‍ദ്ദേശിക്കപ്പെടുന്ന ഇടയകലം രണ്ടു ചുവടുകള്‍ തമ്മിലും രണ്ടു നിരകള്‍ തമ്മിലും 40 അടി വീതമാണ്. അതായത് ഒരേക്കര്‍ സ്ഥലത്ത് നാല്‍പതില്‍ താഴെ റംബുട്ടാന്‍ മാത്രമാണ് കൃഷി ചെയ്യാന്‍ സാധിക്കുക. എന്നാല്‍ പല കര്‍ഷകരും ഇത്രയധികം അകലം വേണോ എന്നു സംശയിക്കുന്നവരാണ്. ഈ സംശയത്തിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ കാര്യത്തില്‍ പരിചയിച്ചിട്ടില്ലാത്തത്ര വലിയ നടീല്‍ അകലമാണിതെന്നതില്‍ സംശയമില്ല. മൂന്നു ഡസന്‍ മരങ്ങള്‍ നിന്നതിനു ശേഷമുള്ള ബാക്കി സ്ഥലം പാഴായി പോകുമോ എന്ന ആശങ്കയാണ് ഒട്ടുമിക്കവരും പങ്കുവയ്ക്കുന്നത്. പോരെങ്കില്‍ ഇങ്ങനെ കാലിയായി കിടക്കുന്ന സ്ഥലത്ത് അനിയന്ത്രിതമായി കളകള്‍ വളിരില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. കളകള്‍ നികത്തുന്നതിനുള്ള അധിക ചിലവ് ആദായത്തെ കടത്തിവെട്ടുമോയെന്ന് അവര്‍ ചോദിക്കുന്നു.
നടീല്‍ അകലം സംബന്ധിച്ച് ചിലര്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു പോംവഴി ചുവടുകള്‍ തമ്മിലും നിരകള്‍ തമ്മിലും 20 അടി വീതം കൊടുത്തു കൃഷി ചെയ്യുക എന്നതാണ്. ചെടികളുടെ ഇലത്തഴപ്പ് വളര്‍ന്നു മുറ്റുന്ന കാലം വരുമ്പോള്‍ നീളപ്പാടിനും വീതിപ്പാടിനും ഒന്നിടവിട്ട മരം വീതം മുറിച്ചു മാറ്റിയാല്‍ പോരേയെന്ന സംശയവും ഉന്നയിക്കപ്പെടുന്നു. കൃത്യമായി ഇങ്ങനെ ചെയ്യാമെങ്കില്‍ ഇരുപതടി വീതം നടീല്‍ അകലം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരമാവധി ഏഴു വര്‍ഷം വരെയേ കൂടിയ എണ്ണം നിലനിര്‍ത്താന്‍ സാധിക്കൂ എന്നതു മറക്കരുത്. അതു കഴിയുമ്പോള്‍ അധികമുള്ളതു മുറിച്ചു മാറ്റേണ്ടിയിരിക്കുന്നു.
ചെടികള്‍ ഉയരം കുറച്ച് പടര്‍ത്തി വളര്‍ത്തുന്നതാണ് റംബുട്ടാന്റെ കാര്യത്തില്‍ ഏറ്റവും നല്ലത്. ഇടയകലം കൂടുന്നതനുസരിച്ച് വിളവു വര്‍ധിക്കുമെന്നത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. പോരെങ്കില്‍ മരത്തിന് വന്‍തോതില്‍ ഉയരം വയ്ക്കുമ്പോള്‍ വിളവെടുപ്പിന് ആയാസമേറുകയും ചെയ്യും. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ റംബുട്ടാന് ഇടയിലുള്ള സ്ഥലം പാഴായി പോകാതെ വാര്‍ഷിക വിളകളായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ മുതലായ കൃഷി ചെയ്യാം. റബറിലെ അപക്വകാലത്ത് അഞ്ചു വര്‍ഷത്തോളം മറ്റു വിളകള്‍ കൃഷി ചെയ്യുന്ന രീതി നാണ്യവിള കര്‍ഷകര്‍ക്ക് പരിചിതമാണ്.
ഇടയകലം കുറച്ച് കൃഷി ചെയ്യുന്നതിന് ഏതാനും പ്രായോഗികമായ പ്രശ്‌നങ്ങളുണ്ടെന്നു മറന്നു കൂടാ. ഇരുപതടി വീതം അകലം കൊടുത്തു നട്ടാല്‍ ചെടികള്‍ക്ക് കുത്തനെ ഉയരത്തില്‍ വളരാനുള്ള പ്രവണത കൂടുതലായിരിക്കും. പിന്നീട് ഉയരം കുറയ്ക്കാന്‍ ദാക്ഷിണ്യമില്ലാത്ത രീതിയില്‍ കൊമ്പു കോതല്‍ അഥവാ പ്രൂണിങ് വേണ്ടിവരും. ഇത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ആദായത്തെ നിശ്ചയമായും ബാധിക്കും. തന്നെയുമല്ല ഇരുപതടി അകലത്തില്‍ വളര്‍ന്ന് 6-7 വര്‍ഷങ്ങള്‍ കഴിഞ്ഞ് നന്നായി കായ്ഫലം തന്നുകൊണ്ടിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുവാന്‍ കര്‍ഷകര്‍ പൊതുവെ മടികാണിക്കുകയും ചെയ്യും ഫലമോ മരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി സൂര്യ പ്രകാശവും വായു സഞ്ചാരവും കുറഞ്ഞ് ഫലദായകമല്ലാത്തതായി തീരും.
വാണിജ്യ റംബൂട്ടാന്‍ കൃഷിക്കായി ഇനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കായ്കളുടെ വലുപ്പം മാത്രമായിരിക്കരുത് മാനദണ്ഡം. കായ്‌പൊഴിച്ചില്‍ പ്രവണത, കുരുവും ദശയുടെ ഭാഗവും തമ്മിലുള്ള അനുപാതം, മധുരത്തിന്റെ അളവ് അഥവാ ബ്രിക് വാല്യൂ, പുറന്തോടിന്റെ കനം, പഴങ്ങളുടെ സൂക്ഷിപ്പുകാലം, പാകമായതിനുശേഷം പഴങ്ങള്‍ മരത്തില്‍ കേടുകൂടാതെ കിടക്കുന്ന കാലയളവ് ഇവയൊക്കെയും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണുള്ളത്.
ശാസ്ത്രീയമായ നടീല്‍ രീതി
നടീലിനു മുന്നോടിയായി ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക. ഈ കുഴി മൂടുന്നതിനായി ഇരുപതു കിലോഗ്രാം ഉണങ്ങിയ ചാണകം (ട്രൈക്കോഡെര്‍മ കൊണ്ട് സംപുഷ്ടീകരിച്ചതാണെങ്കില്‍ ഉത്തമം) അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ തുടക്കത്തിലേ തയ്യാറാക്കി വയ്ക്കുക. കുഴിയെടുക്കുമ്പോള്‍ ലഭിച്ച മേല്‍മണ്ണുമായി ഇവ മൂന്നും നന്നായി മിശ്രണം ചെയ്യുക. അതിനു ശേഷം ഈ മിശ്രിതം ഉപയോഗിച്ച് കുഴി നന്നായി കവിഞ്ഞു നില്‍ക്കുന്ന വിധത്തില്‍ മൂടുക. കുഴിയുടെ വാവട്ടത്തിനു മുകളിലേക്കു കൂനയായി നില്‍ക്കുന്ന മിശ്രിതം അര്‍ധവൃത്താകൃതിയിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന അര്‍ധവൃത്തത്തിനു മധ്യത്തിലായി തൈ നടുന്നതിനുള്ള ചെറിയ പിള്ളക്കുഴിയെടുക്കുക. ചാണകപ്പൊടിയും റോക്ക്‌ഫോസ്‌ഫേറ്റും മിശ്രിതമാക്കിയശേഷം ഒരു പിടി വാരി പിളക്കുഴിക്കുള്ളില്‍ വിതറിയിടുക. അതിനു ശേഷം പോളിബാഗില്‍ വളര്‍ത്തിയ തൈയെടുത്ത് അതിനുള്ളിലെ മണ്‍കട്ടയ്ക്ക് അശേഷം പോലും ഇളക്കം വരാത്തവിധത്തില്‍ ശ്രദ്ധാപൂര്‍വം പ്ലാസ്റ്റിക് കൂടി കീറിമാറ്റുക. മണ്‍കട്ട സഹിതം തൈ ശ്രദ്ധാപൂര്‍വം പിള്ളക്കുഴിക്കുള്ളിലേക്ക് ഇറക്കി വച്ച് നാലുവശവും മണ്ണുകൂട്ടി ഉറപ്പിക്കുക. നടീലിന്റെ സമയത്ത് ബഡ് സന്ധി മണ്ണിന്റെ നിരപ്പിനു മുകളില്‍ വരുന്നുവെന്നുറപ്പാക്കുക.
www.karshikarangam.com