നടീല്‍
തനിവിളയായാണ് പൈനാപ്പിള്‍ കേരളത്തില്‍ കൂടുതലായി വളര്‍ത്തുന്നത്. ഇടവിളയായും ഇതിനു സാധ്യതയുണ്ട്. നടേണ്ട സ്ഥലം കിളച്ച് 60 സെ.മീ. വീതിയും 30 സെ.മീ. ആഴവുമുള്ള ചാലുകളുണ്ടാക്കണം. ചാലുകള്‍ തമ്മില്‍ 60 സെ.മീ. ഇടയകലം മതിയാവും. ചാലില്‍ രണ്ടു വരിയായി തൈകള്‍ നടാം. വരികള്‍ തമ്മില്‍ 60 സെന്‍റിമീറ്ററും തൈകള്‍ തമ്മില്‍ 60 സെന്‍റിമീറ്ററും അകലം പാലിക്കാം. തൈകള്‍ നടുമ്പോള്‍ രണ്ടു വരിയിലേത് നേര്‍ക്കുനേര്‍ വരാതെ നടണം. ഒരു വരിയിലെ രണ്ടു തൈകള്‍ക്കു മധ്യേ മറ്റേ വരിയിലെ ഒരു തൈ വരുന്ന വിധത്തില്‍ ത്രികോണരീതി അനുവര്‍ത്തിക്കാം. നടേണ്ട ആഴം 10 സെന്‍റിമീറ്ററാണ്.
ആരോഗ്യമുള്ളതും അര മുതല്‍ ഒരു കിലോഗ്രാം ഭാരമുള്ളതുമായ കന്നുകളാണ് നടാന്‍ അനുയോജ്യം. കൈതച്ചക്കചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്തുണ്ടാകുന്നതാണ് സക്കര്‍ എന്നറിയപ്പെടുന്നത്. ഇവ ഒരാഴ്ച തണലത്തുണക്കിയശേഷം പുറമേയുള്ള ഉണക്ക ഇലകള്‍ മാറ്റി ഒരു ശതമാനം ബോര്‍ഡോമിശ്രിതത്തില്‍ മുക്കിയശേഷം നടാം. മേയ്-ജൂണാണ് നടീല്‍കാലം.
വളപ്രയോഗം
തൈകള്‍ നടുമ്പോള്‍ അടിവളമായി ഏക്കറില്‍ 10 ടണ്‍ ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളത്തോത് ചെടിയൊന്നിന് 8 ഗ്രാം നൈട്രജന്‍, 4 ഗ്രാം ഫോസ്ഫറസ്, 8 ഗ്രാം പൊട്ടാഷ് എന്ന തോതിലാണ്. ഒരേക്കറില്‍ വേണ്ട രാസവളശുപാര്‍ശ 128 കിലോഗ്രാം നൈട്രജന്‍ (280 കിലോഗ്രാം യൂറിയ), 64 കിലോഗ്രാം ഫോസ്ഫറസ് (360 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്), 128 കിലോഗ്രാം പൊട്ടാഷ് (215 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) എന്നിവയാണ്. നൈട്രജന്‍, പൊട്ടാഷ് വളങ്ങള്‍ നാല് തുല്യ തവണകളായി നല്‍കാം. നടുമ്പോഴും (മേയ്-ജൂണ്‍), ആദ്യവര്‍ഷം ആഗസ്റ്റ്-സെപ്തംബറിലും നവംബറിലും രണ്ടാം വര്‍ഷം മേയ്-ജൂണിലും. രാസവളങ്ങള്‍ ചെടിക്കു ചുറ്റുമിട്ട് മണ്ണ് ചെത്തി മൂടണം. തുലാവര്‍ഷം കുറവാണെങ്കില്‍ നൈട്രജന്‍, പൊട്ടാഷ് വളങ്ങള്‍ നാലിനു പകരം മൂന്നു തുല്യ തവണകളായി നല്‍കിയാല്‍ മതി, നടുമ്പോഴും, ആഗസ്റ്റ്-സെപ്തംബറിലും, രണ്ടാം വര്‍ഷം മേയ്-ജൂണിലും.
മറ്റു പരിചരണങ്ങള്‍
വേനലില്‍ തടത്തില്‍ പുതയിടുന്നതും അഞ്ചോ ആറോ തവണ നനയ്ക്കുന്നതും നല്ലതാണ്. കളകള്‍ മാറ്റുകയും വേണം. ഒരു ഹെക്ടറില്‍ ബ്രോമോസില്‍ 2.5 കിലോഗ്രാം അല്ലെങ്കില്‍ ഡൈയൂറോണ്‍ 3 കിലോഗ്രാം 600 ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലയിപ്പിച്ചു തളിക്കാം. കളനാശിനി പ്രയോഗിക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം.
ഒരേ സമയത്തു പുഷ്പിക്കാനും വിളവെടുക്കാനും പൈനാപ്പിളില്‍ ഹോര്‍മോണ്‍ പ്രയോഗം നടത്തുന്നുണ്ട്. നട്ട് 16-17 മാസമാകുമ്പോള്‍ ഇതു നടത്താം. 'എത്രല്‍' എന്ന ഹോര്‍മോണ്‍ 39% വീര്യത്തിലുള്ളതാണെങ്കില്‍ 3.2 മില്ലിലിറ്റര്‍ (10% വീര്യത്തിലുള്ളതാണെങ്കില്‍ 12.5 മില്ലിലിറ്റര്‍) ഒരു കിലോഗ്രാം യൂറിയ, 20 ഗ്രാം കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ 50 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തുന്നു. ഇത് ഓരോ ചെടിയുടെയും കൂമ്പില്‍ 50 മില്ലിലിറ്റര്‍ വീതം ഒഴിക്കണം. ഒഴിച്ച് 40- ദിവസം തൊട്ടു പുഷ്പിക്കല്‍ ആരംഭിക്കുകയും 70- ദിവസം മുഴുവനായി പൂക്കുകയും ചെയ്യും.
സസ്യസംരക്ഷണം
ഇലകളില്‍ പൊട്ടുവീണ് അഴുകുന്ന രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഹെക്ടറില്‍ 225 ലിറ്ററെന്ന തോതില്‍ തളിക്കുക. അല്ലാത്തപക്ഷം സിനേബ്, മാങ്കോസേബ്, സൈറം ഇവയിലൊന്ന് ഒരു കിലോഗ്രാമെടുത്ത് 225 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു ഹെക്ടര്‍ തോട്ടത്തില്‍ തളിക്കണം.
മീലിമൂട്ടയുടെ ആക്രമണം കണ്ടാല്‍ എക്കാലക്സ് 25 EC ഒരു മില്ലിലിറ്റര്‍, സുമിത്തിയോണ്‍ 50 EC ഒരു മില്ലിലിറ്റര്‍, ലെബാസിസ് 50 EC ഒരു മില്ലിലിറ്റര്‍ ഇവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലയിപ്പിച്ചു തളിക്കുക. മീലിമൂട്ടയെ കൊണ്ടുനടക്കുന്ന ഉറുമ്പുകളെ നശിപ്പിക്കാന്‍ 10% കാര്‍ബാറില്‍ ഉറുമ്പുമാളങ്ങളില്‍ വിതറുക.
www.karshikarangam.com