മാവ് (മാന്‍ജിഫെറ ഇന്‍ഡിക്ക)
വംശവര്‍ധന
'സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങാണ്' മാവില്‍ ഏറ്റവും വിജയകരമായി കാണുന്ന പ്രത്യുല്‍പ്പാദനരീതി. മാങ്ങയുടെ അണ്ടി മുളച്ച് പത്തു ദിവസത്തിനകം ഈ രീതിയിലുള്ള ഗ്രാഫ്റ്റിങ് നടത്താം. ചെറിയ ചട്ടിയിലോ പോളിത്തീന്‍ കവറിലോ നടീല്‍ മിശ്രിതം നിറയ്ക്കണം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് കലര്‍ത്തിയാണ് മിശ്രിതമുണ്ടാക്കുക. നടീല്‍ മിശ്രിതത്തില്‍ മാങ്ങയണ്ടി നട്ടു മുളപ്പിക്കണം. മുളച്ച് പത്തു ദിവസമാകുന്നതോടെ തൈയ്ക്ക് ചെമ്പു നിറമായിരിക്കും. ഈ സമയത്ത് ഗ്രാഫ്റ്റിങ് നടത്താം.
ഇനി ഒട്ടിക്കേണ്ട കമ്പ് തിരഞ്ഞെടുക്കുന്ന കാര്യം. മികച്ച ഇനം മാതൃവൃക്ഷങ്ങളുടെ കമ്പാണ് ഒട്ടിക്കാന്‍ എടുക്കുന്നത്. ഗ്രാഫ്റ്റിങ്ങിന് 20 ദിവസം മുമ്പായി ഈ കമ്പിലെ ഇലകളെല്ലാം അടര്‍ത്തി മാറ്റണം. പച്ചനിറം മാറി തവിട്ടു നിറമായിത്തുടങ്ങുന്ന കമ്പുകളാണ് നല്ലത്. വണ്ണം ഒരു പെന്‍സിലിനോളം മതിയാവും. ഇത് കവറിലോ ചട്ടിയിലോ മുളച്ചു നില്‍ക്കുന്ന തൈയുടെ വണ്ണത്തിന് തുല്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആഗസ്റ്റ് മാസമാണ് സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങിനു പറ്റിയ സമയം. ഒട്ടിക്കേണ്ട തൈ തറനിരപ്പില്‍ നിന്നും 4 സെ.മീ. ഉയരത്തില്‍ വച്ച് വട്ടത്തില്‍ മുറിച്ചു കളയുക. മുറിച്ച ഭാഗത്തിനു മധ്യത്തായി നെടുകെ 2 സെ.മീ. ആഴത്തില്‍ മുറിക്കണം. മാതൃവൃക്ഷത്തില്‍ നിന്ന് ഒട്ടിക്കേണ്ട കമ്പ് 15 സെ.മീ. നീളത്തില്‍ മുറിച്ചെടുക്കുക. കമ്പിന്‍റെ ചുവട്ടില്‍ രണ്ടു ഭാഗത്തുമായി 2 സെ.മീ. നീളത്തില്‍ ആപ്പിന്‍റെ ആകൃതിയില്‍ ചെത്തിയെടുക്കണം. ഇത് തൈയില്‍ നെടുകെ ഉണ്ടാക്കിയ മുറിവില്‍ ഇറക്കി വച്ചശേഷം പോളിത്തീന്‍ ഉപയോഗിച്ച് ചുറ്റിക്കെട്ടാം. പോളിത്തീന് അരസെന്‍റിമീറ്റര്‍ വീതി മതിയാകും. ഇങ്ങനെ ഗ്രാഫ്റ്റിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തൈ തണലില്‍ മാറ്റി വയ്ക്കാം. നനയ്ക്കുമ്പോള്‍ ഒട്ടിച്ച ഭാഗത്ത് വെള്ളം വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒട്ടിക്കല്‍ വിജയകരമായാല്‍ രണ്ടു മാസമാകുന്നതോടെ ഒട്ടുകമ്പ് വളര്‍ന്നു തുടങ്ങും. ഇവയെ വെയിലത്തേക്ക് മാറ്റിവയ്ക്കാം. നടാന്‍ പരുവമാകുന്നതോടെ കവര്‍ മാറ്റി നടുകയും ചെയ്യാം. സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങിനു പുറമേ വശം ചേര്‍ത്തൊട്ടിക്കലും പാര്‍ശ്വ ഒട്ടിക്കലും മാവില്‍ ചെയ്തു വരുന്നുണ്ട്.
വലിയ മാവിന്‍തോട്ടങ്ങളിലും മാവിന്‍തൈകള്‍ ഉണ്ടാക്കുന്ന സസ്യ നഴ്സറികളിലും വിവിധ ഇനം മാവുകളുടെ മാതൃവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ട്. ഇത് 'പ്രോജനി ഓര്‍ച്ചാഡ്' എന്ന് അറിയപ്പെടുന്നു. ഇത്തരം ഒരു ഓര്‍ച്ചാഡുണ്ടെങ്കില്‍ ഒട്ടിക്കേണ്ട ഇനത്തിന്‍റെ കമ്പ് അന്വേഷിച്ച് നടക്കേണ്ടി വരില്ല.
നടീല്‍
മഴക്കാലത്ത് മാവിന്‍റെ തൈകള്‍ നടാം. തോട്ടമായുള്ള കൃഷിയാണെങ്കില്‍ കുഴി തമ്മില്‍ 9 മീറ്റര്‍ അകലം ഉണ്ടാവണം. ഇങ്ങനെ നടുമ്പോള്‍ ഒരു ഹെക്ടറില്‍ 123 മരമുണ്ടാവും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളിലാണ് തൈ നടേണ്ടത്. ഇവയില്‍ മേല്‍മണ്ണിനോടൊപ്പം 10 കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ നിറയ്ക്കാം. ഒട്ടിച്ച ഭാഗം നടുന്ന സമയത്ത് മണ്ണിന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ഒട്ടിച്ച ഭാഗം വച്ച് ഒടിയാതിരിക്കാന്‍ താങ്ങും നല്‍കേണ്ടതുണ്ട്.
www.karshikarangam.com