സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി ഏറ്റവുമധികം ആശ്രയിക്കുന്ന ജൈവവളക്കൂട്ടാണ് ജീവാമൃതം. നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവുമുപയോഗിച്ചു തയ്യാറാക്കുന്ന ജീവാമൃതത്തിന് ദ്രാവകരൂപവും ഖരരൂപവുമുണ്ട്. ഏതു തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കും ജീവാമൃതം മികച്ച ഫലമാണ് നല്‍കുന്നത്. അതിനാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും അടുക്കളത്തോട്ടത്തിലും ജീവാമൃതത്തിന് പ്രധാന സ്ഥാനം നല്‍കുന്നതു നല്ലതാണ്. ദ്രാവകരൂപത്തിലുള്ള ജീവമൃതം തയ്യാറാക്കുന്നതിനുള്ള ചേരുവകളും തയ്യാറാക്കുന്ന രീതിയും ചുവടെ ചേര്‍ക്കുന്നു.
-നാടന്‍ പശുവിന്‍റെ ചാണകം -10 കി.ഗ്രാം
-നാടന്‍ പശുവിന്‍റെ മൂത്രം - 7-10 ലിറ്റര്‍
-കുരുകളഞ്ഞ ചക്കപ്പഴം അല്ലെങ്കില്‍ കേടായ മാമ്പഴം അല്ലെങ്കില്‍ പാളയങ്കോടന്‍ പഴം (നന്നായി പഴുത്തതാണെങ്കില്‍ നല്ലത്. തൊലിയുള്‍പ്പെടെ) - 5 കി.ഗ്രാം വരെ. (രണ്ടു കിലോഗ്രാമില്‍ കുറയരുത്)
(മേല്‍പ്പറഞ്ഞവ ഇല്ലെങ്കില്‍ കറുത്ത ശര്‍ക്കര ഒരു കിലോ പകരമായി ഉപയോഗിക്കാം.)
-മുതിര, വന്‍പയര്‍, കടല, ഉഴുന്ന് എന്നിവയിലേതെങ്കിലും ഒന്നിന്‍റെ പൊടി ഒരു കി.ഗ്രാം
-കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്‍റെ ചുവട്ടില്‍നിന്നും ഒരു പിടിമണ്ണ്
-ശുദ്ധജലം 200 ലിറ്റര്‍. (ക്ലോറിന്‍ ചേരാത്തത്)
തയ്യാറാക്കുന്ന രീതി
200 ലിറ്റര്‍ ഉള്ളളവുള്ള പ്ലാസ്റ്റിക് ബാരലില്‍ എല്ലാ ചേരുവകളും ചേര്‍ത്തു നന്നായി ഇളക്കണം. തണലില്‍ വച്ചാണിതു ചെയ്യേണ്ടത്. മിശ്രണം ചെയ്തു കഴിഞ്ഞ് ചാക്കുകൊണ്ടു മൂടണം. ദിവസേന 2-3 നേരം ഘടികാരദിശയില്‍ ഒരു വടി ഉപയോഗിച്ച് ഇളക്കണം. 2-3 മിനിട്ടെങ്കിലും ഇളക്കണം. 48 മണിക്കൂറിനുശേഷം ഉപയോഗിക്കാം. ഏഴു ദിവസത്തിനുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കണം. 15 ദിവസം ഇടവിട്ട് വൈകുന്നേരങ്ങളില്‍ ഇതു പുതയുടെ മീതെയോ ചാലിലോ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കണം. കരകൃഷിയില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ മാസത്തില്‍ ഒരു പ്രാവശ്യം വീതം ഒഴിച്ചു കൊടുത്താലും മതി. 6 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചു കഴിഞ്ഞാല്‍ ജീവാമൃതം നിര്‍ത്താം. പിന്നീട് ഉപയോഗിക്കേണ്ട ആവശ്യമില്ല. നെല്‍കൃഷിയില്‍ സ്ഥിരമായി ഉപയോഗിക്കണം. എന്തെങ്കിലും കാരണത്താല്‍ വെള്ളം പൊങ്ങിനിലം മുഴുവന്‍ മുങ്ങി ദിവസങ്ങളോളം കിടക്കുകയും വിരകളെല്ലാം നശിച്ചു പോകുകയും ചെയ്യുകയാണെങ്കില്‍ മാത്രം പിന്നീട് ജീവാമൃതം ഒഴിച്ചുകൊടുത്താല്‍ മതി.
ജീവാമൃതം ഉണ്ടാക്കാന്‍ ചെമ്പുപാത്രം പാടില്ല. നിലത്തു കുഴിയുണ്ടാക്കി അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ലായനി തയാറാക്കുന്നതാണ് ഏറ്റവും നല്ലത്. തണലത്തായിരിക്കണം കുഴിയുണ്ടാക്കേണ്ടത്. ജീവാമൃതം ഉപയോഗിക്കുന്ന വിളകളില്‍ സാധാരണയായി യാതൊരു കീടങ്ങളും രോഗങ്ങളും ആക്രമിക്കുകയില്ല. മണ്ണിനടിയില്‍ 15 അടിവരെ ആഴത്തില്‍ കഴിയുന്ന മണ്ണിരകള്‍ മുകളിലെത്തുകയും സസ്യങ്ങള്‍ക്കാവശ്യമുള്ള മൂലകങ്ങള്‍ വേരുപടലത്തിനടുത്തെത്തിക്കുകയും ചെയ്യും. മണ്ണില്‍ വളരുന്ന നാടന്‍ മണ്ണിര മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളൂ. വിദേശമണ്ണിരകള്‍ (വളര്‍ത്തുവിരകള്‍) മണ്ണു തിന്നില്ല. അവ ജൈവവസ്തുക്കള്‍ ചീയുന്നതു മാത്രമേ തിന്നുകയുള്ളൂ. അവ മണ്ണ് ഉഴുകയില്ല. ജീവാമൃതത്തില്‍ ഹോര്‍മോണുകള്‍ ഉണ്ട്. ഇതൊരു കുമിള്‍നാശിനിയുമാണ്.
ചാലുകളില്‍ക്കൂടി വെള്ളമൊഴുക്കി നന നടത്തുന്ന സ്ഥലങ്ങളില്‍ ജീവാമൃതം ബാരലില്‍നിന്ന് ഒരു ചെറുകുഴല്‍ ചാലിലെ വെള്ളത്തിലേക്കു ക്രമമായി നേര്‍ത്ത തോതില്‍ ഒഴുക്കിവിട്ടാല്‍ വെള്ളത്തിനൊപ്പം ഇതും കൃഷിയിടത്തിലെത്തും. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തൂമ്പിലേക്കു ജീവാമൃതത്തിന്‍റെ ചെറുകുഴല്‍ ഘടിപ്പിച്ചാല്‍ മതി. തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് 20 ലിറ്റര്‍ വരെയും കുരുമുളക്, വാഴ, പച്ചക്കറികള്‍ ഇവയ്ക്ക് 5 ലിറ്റര്‍ വരെയും നേര്‍പ്പിച്ച ജീവാമൃതം ആഴ്ചയിലൊരു തവണ കൊടുക്കാം. വൈകുന്നേരമാണ് വളപ്രയോഗത്തിനു നല്ല സമയം. മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. പുതയുണ്ടെങ്കില്‍ പുതയുടെ മുകളില്‍ ഒഴിച്ചുകൊടുത്താല്‍മതി. അരിച്ചെടുത്ത ജീവാമൃതം തുള്ളിനനയ്ക്ക് (ഡ്രിപ് ഇറിഗേഷന്‍ ഉപയോഗിക്കാം. തുള്ളിനനയ്ക്ക് ഉപയോഗിക്കുന്ന അരിപ്പ (വെഞ്ചുറി)യുമായി ജീവാമൃത ബാരലിലെ കുഴല്‍ ഘടിപ്പിച്ചാല്‍ തുള്ളി നനയ്ക്കൊപ്പം ജീവാമൃതവും കൃഷിസ്ഥലത്തെത്തും.
ജീവാമൃതം മണ്ണില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മണ്ണിലെ വിരകള്‍ വളരെ ആഴത്തില്‍നിന്നു തീരെ ചെറിയ കല്ലുകളും ചെറിയ കക്കകളും വയറ്റിലിട്ട് പൊടിച്ചു മുകളിലെത്തിക്കും. മണ്ണിലെ നൈട്രജന്‍റെ അളവ് ഏഴ് ഇരട്ടിയായും ഫോസ്ഫറസ് ഒമ്പത് ഇരട്ടിയായും പൊട്ടാഷ് പതിനൊന്ന് ഇരട്ടിയായും വര്‍ധിക്കും.
ജീവാമൃതത്തിന്‍റെ ഖരരൂപങ്ങള്‍
ഖരജീവാമൃതം-1
നാടന്‍ പശുവിന്‍റെ 100 കി.ഗ്രാം ചാണകം (ഉണങ്ങിയത്) പൊടിച്ചെടുക്കുക. കട്ടകള്‍ മാറ്റി അരിച്ചെടുക്കുക. ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക. 20 ലിറ്റര്‍ ദ്രാവക ജീവാമൃതം ഇതില്‍ തളിക്കുക. കൈകൊണ്ടോ തടികൊണ്ടോ ഇളക്കി കൂനകൂട്ടുക. തണലത്തുവച്ചു ചണച്ചാക്കുകൊണ്ടു മൂടുക. 48 മണിക്കൂര്‍ പുളിക്കാനായി വയ്ക്കുക. 48 മണിക്കൂറിനുശേഷം വെയിലത്ത് നിരത്തിയിട്ട് ഉണക്കുക. കട്ടയുണ്ടെങ്കില്‍ പൊടിക്കുക. ഉണക്കി ചാക്കിലാക്കി തണലത്തു സൂക്ഷിക്കുക. വെയിലും മഴയും കൊള്ളാതെ വച്ചിരുന്നാല്‍ 6 മാസംവരെ സൂക്ഷിക്കാം.
ഖരജീവാമൃതം-2
നാടന്‍പശുവിന്‍റെ 100 കിലോ ചാണകം ഉണക്കിയെടുക്കുക. നാടന്‍ പശുവില്ലെങ്കില്‍ നാടന്‍ കാളയുടെയോ നാടന്‍ എരുമയുടെയോ ചാണകമായാലും മതി. ബയോഗ്യാസ് സ്ലറി ഇതിനൊപ്പം 25% വരെ ചേര്‍ക്കാം. രണ്ടു കി.ഗ്രാം. കറുത്ത ശര്‍ക്കര പൊടിച്ചതും 2 കി.ഗ്രാം മുതിരയോ വന്‍പയറോ കടലയോ പൊടിച്ചതും ചേര്‍ക്കുക. എവിടെയാണോ വളം പ്രയോഗിക്കുന്നത് അവിടത്തെ ഒരുപിടി മണ്ണും ചേര്‍ക്കമം. ഇവയത്രയും നന്നായി ഇളക്കിച്ചേര്‍ക്കുക. പിന്നീട് കൂനകൂട്ടി ചണച്ചാക്കിട്ട് മൂടി സൂക്ഷിക്കുക. 48 മണിക്കൂര്‍ പുളിക്കാനായി തണലത്തു വയ്ക്കുക. ശേഷം വെയിലത്തു നിരത്തിയിട്ട് ഉണക്കുക. പൊടിച്ചു ചാക്കിലാക്കി തണലത്തു സൂക്ഷിച്ചാല്‍ 6 മാസം വരെ ഉപയോഗിക്കാം.
www.karshikarangam.com