Published : Friday May 3, 2019, 1:07 pm
പൊതുവേ കേരളത്തിലെമ്പാടും ചക്കയുടെ കാലം കഴിയുവാന്‍ ഇനിയധികം നാളുകളില്ല. പച്ചച്ചക്ക അതേ രീതിയില്‍ തന്നെ അടുത്ത ചക്കസീസണ്‍ വരെ സൂക്ഷിച്ചു വയ്‌ക്കാന്‍ ഇതാ ഒരു ലളിത മാര്‍ഗം.
കേരളത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസമാണ് ചക്കസുലഭമായി കിട്ടുന്നത്. ഓള്‍ സീസണ്‍ വരിക്കപോലെയുള്ള ഒട്ടുതൈകള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് മഴക്കാലത്തും ചുരുങ്ങിയ തോതില്‍ ചക്ക കിട്ടാറുണ്ട്. എങ്കില്‍ പോലും ചക്കയില്ലാകാലമായാണ് ഇടവപ്പാതി മഴക്കാലം മുതല്‍ ഡിസംബറിലെ തണുപ്പുകാലം വരെ കണക്കാക്കിയിരിക്കുന്നത്.
ചക്കച്ചുളകള്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നതിലൂടെ ആറുമാസത്തെ ക്ഷാമകാലത്തും ചക്കയുടെ സ്വാദ് വേണ്ടുവോളം ആസ്വദിക്കുന്നതിനു സാധിക്കും. തികച്ചും ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗം എന്നതിലുപരി സങ്കീര്‍ണമായ സാങ്കേതിക വിദ്യയുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ ആര്‍ക്കും സാധിക്കുന്നതാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ആവശ്യമായ ഏതു സമയത്തും ഏതളവിലും ചുളകള്‍ തിരികെയെടുത്ത് ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്.
ആവശ്യമായ സാധനങ്ങള്‍
ഇരുനൂറു ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാസ്റ്റിക് വീപ്പ-ഒന്ന്
കല്ലുപ്പ്-പന്ത്രണ്ടു കിലോ
ചക്കച്ചുള (കുരുനീക്കിയത്)-മുപ്പതു കിലോ
വെള്ളം-നൂറു ലിറ്റര്‍
ഉപ്പിലിടുന്ന വിധം-നൂറു ലിറ്റര്‍ വെള്ളം തിളപ്പിച്ച് ആറിച്ചെടുക്കുക. ഇത് പ്ലാസ്റ്റിക്ക് വീപ്പയിലേക്ക് ഒഴിച്ചതിനു ശേഷം കല്ലുപ്പ് മുഴുവന്‍ അതിലേക്കിട്ട് നന്നായി ഇളക്കിച്ചേര്‍ക്കുക. വായില്‍ രുചിച്ചു നോക്കിയാല്‍ ഉപ്പുരസം അറിയാന്‍ സാധിക്കണം. ചതവില്ലാത്ത ചക്കച്ചുളകള്‍ ചകിണിയും കുരുവും പാടയും മാറ്റിയ ശേഷം കഴുകിവാരി വൃത്തിയാക്കി തോരയ്‌ക്കു വയ്‌ക്കുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം ഉപ്പുവെള്ളത്തിലേക്ക് ഇടുക. ചുളകള്‍ ആവുന്നത്ര മുങ്ങിക്കിടക്കാന്‍ ശ്രദ്ധിക്കണം. കുറച്ചെണ്ണം പൊങ്ങിക്കിടക്കുകയാണെങ്കില്‍ വൃത്താകൃതിയില്‍ വെട്ടിയെടുത്ത വൃത്തിയുള്ള പലകയോ മറ്റോ വീപ്പയിലേക്ക് ചുളകള്‍ക്കു മുകളിലായി ഇറക്കിവച്ച് അവയെയും വെള്ളത്തില്‍ താഴ്‌ന്നു നില്‍ക്കുന്ന രീതിയിലാക്കുക. അല്ലെങ്കില്‍ കണ്ണിയകലമുള്ള വലസഞ്ചിയില്‍ ചക്കച്ചുളകള്‍ അയച്ചു കെട്ടി വീപ്പയിലേക്ക് ഇറക്കിയ ശേഷം ഉപ്പുവെള്ളം നിറച്ചാലും മതി. എന്തായാലും ചുളകള്‍ മുങ്ങി നില്‍ക്കുക എന്നതാണ് പ്രധാനം. അഥവാ പത്തോ പതിനഞ്ചോ ചുളകള്‍ ജലനിരപ്പിനു മുകളില്‍ നിന്നാലും അവയില്‍ കരിമ്പന്‍ പോലെ പാടുകള്‍ വീണ് ഉപയോഗശൂന്യമാകുമെന്നതിലുപരി മറ്റു ചുളകള്‍ക്ക് ദോഷമൊന്നും സംഭവിക്കില്ല.
ആവശ്യാനുസരണം ഇതില്‍ നിന്നു ചുളകള്‍ പുറത്തെടുക്കുമ്പോള്‍ രണ്ടു പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകുക. ഉപ്പിന്റെ നല്ലൊരു ഭാഗവും അപ്പോള്‍ പോകും. അഞ്ചുമുതല്‍ എട്ടു മണിക്കൂര്‍ വരെ വെള്ളത്തിലിട്ടു വച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്. അപ്പോള്‍ സാധാരണ ചക്കച്ചുളകള്‍ പോലെ തന്നെയാകും. ഉണക്കുകപ്പയും മറ്റും ഉപയോഗിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ടു കുതിരാന്‍ വയ്‌ക്കുന്നതു പോലെ ഉപ്പിലിട്ട ചക്കയും വെള്ളത്തിലിട്ടാല്‍ മതി. ഈ ചക്ക വെയിലിലോ ഡ്രയറിലോ ഉണക്കിയാല്‍ പൊടിച്ച് ചക്കപ്പൊടികൊണ്ടുള്ള ഏതു വിഭവവും ഉണ്ടാക്കുന്നതിനും നല്ലതാണ്.
കുരു കളയാതെയും ചുള ഉപ്പിലിടാനെടുക്കാം. പക്ഷേ അപ്പോള്‍ കൂഞ്ഞിയുമായി ചേരുന്ന ചുളയുടെ ഭാഗം അശേഷം ശേഷിക്കാതെ ചെത്തി മാറ്റാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചുളയ്‌ക്ക് കയ്‌പുണ്ടാകാനിടയുണ്ട്. പച്ചകെടാത്ത ചക്കക്കുരുവും പാടനീക്കിയ ശേഷം ഇതേ രീതിയില്‍ ഉപ്പിലിട്ടു വയ്‌ക്കാം. ചക്കക്കുരു സൂക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം വായുകടക്കാത്ത വിധത്തില്‍ പ്ലാസ്റ്റിക് കൂടുകള്‍ക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സൂക്ഷിക്കുന്നതാണ്. രണ്ടു ദിവസം വെയിലില്‍ വിരിച്ചുണക്കി ജലാംശം നീക്കിയ ശേഷം ഉണങ്ങിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ മുറുക്കികെട്ടി വയ്‌ക്കുക. ഏതാനും മാസം കേടുകൂടാതെയിരിക്കും.
www.karshikarangam.com