വീട്ടുവളപ്പിലെ കൃഷിയില്‍ വിവിധ കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിരിക്കുന്ന ഉത്തമ ജൈവകീടനാശിനിയാണ് സസ്യാമൃത്. സര്‍ട്ടിഫൈഡ് ജൈവകര്‍ഷകനായ സി. നരേന്ദ്രനാഥാണ് ഇതു പ്രചാരത്തിലെത്തിച്ചിരിക്കുന്നത്. ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍ എന്നിവയ്‌ക്കെതിരേ ഇതു വളരെ ഫലപ്രദമാണ്. കശുമാവ്, കുരുമുളക്, മാവ്, പച്ചക്കറികള്‍ തുടങ്ങിയവയെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേയാണിതു ഫലസിദ്ധി തെളിയിച്ചിരിക്കുന്നത്.
ആവശ്യമായ വസ്‌തുക്കളും അളവുകളും
വെള്ളം ഏഴു ലിറ്റര്‍
നീറ്റുകക്ക(കുമ്മായം) നൂറു ഗ്രാം
ചാരം നൂറു ഗ്രാം
കാന്താരി മുളക് നൂറു ഗ്രാം
ചെന്നിനായകം അമ്പതു ഗ്രാം
പാല്‍ക്കായം അമ്പതു ഗ്രാം
കാഞ്ഞിരത്തൊലി അമ്പതു ഗ്രാം
കാഞ്ഞിരയില അമ്പതു ഗ്രാം
കടലാവണക്ക് കായ് നൂറു ഗ്രാം
(കായ്‌ക്കു പകരം ഇലയും ഉപയോഗിക്കാം)
കോലിഞ്ചി 250 ഗ്രാം
കച്ചോലം 25 ഗ്രാം
ഗോമൂത്രം രണ്ടു ലിറ്റര്‍
ചെറുനാരങ്ങ മൂന്നെണ്ണം
വെളുത്തുള്ളി അമ്പതു ഗ്രാം
തയ്യാറാക്കുന്ന വിധം
രണ്ടു ലിറ്റര്‍ വെള്ളത്തില്‍ നീറ്റുകക്കയിട്ട് നന്നായി കലക്കി പത്തു മണിക്കൂര്‍ വയ്‌ക്കുക. ഇതില്‍ നിന്ന് ഒന്നരി ലിറ്റര്‍ തെളി മാത്രമെടുക്കുക. ചാരം, ചെന്നിനായകം, പാല്‍ക്കായം, എന്നിവ ഇതില്‍ ചേര്‍ത്ത് നന്നായിളക്കുക. ഈ കൂട്ട് രണ്ടു ദിവസം വയ്‌ക്കുക. കാന്താരി, വെളുത്തുള്ളി, നാരങ്ങ, കോലിഞ്ചി, കച്ചോലം, കാഞ്ഞിരത്തൊലി, കടലാവണക്കിന്റെ കായ് എന്നിവ അരച്ച് ഇതിലിട്ട് ഇളക്കുക. ഇതു മൂന്നു മണിക്കൂര്‍ വയ്‌ക്കുക. പിന്നീട് ഗോമൂത്രം ഇതിനൊപ്പം ചേര്‍ത്തു കൊടുക്കുക. ഗോമൂത്രം പശുവില്‍ നിന്നു നേരിട്ടു ശേഖരിച്ച് ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ആറോ ഏഴോ ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണിത് ഉപയോഗിക്കേണ്ടത്. സസ്യങ്ങളുടെ എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തില്‍ സ്‌പ്രേ പമ്പ് ഉപയോഗിച്ച് തളിച്ചു കൊടുക്കുക. ഗോമൂത്രം ഒഴികെയുള്ളതെല്ലാം കൂട്ടി തയ്യാറാക്കിയ മിശ്രിതം ആറു മാസം വരെ കേടുകൂടാതെയിരിക്കും. ആവശ്യാനുസരണം ഗോമൂത്രം ചേര്‍ത്തു തളിക്കാനെടുക്കാം.
www.karshikarangam.com