മൈക്രോഗ്രീന്‍സാണ് താരം

Published : Friday May 1, 2020, 7:05 pm



ഒരു പിടി പയറും ഇത്തിരി പഴന്തുണിയും ഒരു പാത്രവുമുണ്ടോ. ഊണുമേശയുടെ ഒരു അരികില്‍ തന്നെ ചെറിയൊരു അടുക്കളത്തോട്ടം തയ്യാറാക്കാം. പത്തു ദിവസം കഴിയുമ്പോള്‍ വളരെ വ്യത്യസ്തവും സ്വാദിഷ്ഠവും അങ്ങേയറ്റം പോഷകസമൃദ്ധവുമായൊരു തോരന്‍ തയ്യാറാക്കുകയും ചെയ്യാം. എന്താ അരക്കൈ നോക്കുന്നോ.
ഇത് മൈക്രോഗ്രീന്‍സിന്റെ അദ്ഭുതം. കോവിഡിനെ പടിക്കു പുറത്താക്കാന്‍ ജനം മുഴുവന്‍ പടിയടച്ച് വീട്ടിലിരിക്കുമ്പോള്‍ മൈക്രോഗ്രീന്‍സ് തന്നെ താരം. ഒരുവര്‍ഷത്തിലധികം കാലം മുമ്പ് ട്രേഫാമിങ് എന്ന പേരില്‍ കാര്‍ഷികരംഗം ഡോട്ട് കോം പ്രചരിപ്പിച്ച കൃഷിരീതി തന്നെയാണ് മൈക്രോഗ്രീന്‍സ് എന്ന പേരില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 
മെഡിക്കല്‍ ന്യൂസ് ടുഡേ പോലെയുള്ള വിശ്രുതമായ പാശ്ചാത്യ സൈറ്റുകള്‍ പറയുന്നത് മൈക്രോഗ്രീന്‍സ് ആന്റിഓക്‌സിഡന്റ്‌സ് അഥവാ നിരോക്‌സീകാരകങ്ങളാല്‍ സമൃദ്ധമാണെന്നാണ്. പലവിധ കാരണങ്ങളാല്‍ മനുഷ്യശരീരത്തിലുണ്ടാകകുന്ന ഫ്രീറാഡിക്കലുകള്‍ എന്നു വിളിക്കുന്ന ഉപയോഗശൂന്യമായ തന്മാത്രകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നത് ആന്റി ഓക്‌സിഡന്റുകള്‍ക്കാണ്. ഇത്തരം ഫ്രീറാഡിക്കലുകളാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്നത്. പൊട്ടാസിയം, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയ മൂലകങ്ങളാലും വിറ്റാമിനുകള്‍ എ, സി, ഇ, കെ എന്നിവയാലും മൈക്രോഗ്രീന്‍സ് സമ്പന്നമാണെന്ന് അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ തെളിയുന്നു. കാന്‍സര്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കും ഇത് മികച്ചതു തന്നെ. എണ്‍പതുകളില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ആദ്യമായി മൈക്രോഗ്രീന്‍സ് പരീക്ഷിക്കപ്പെടുന്നത്. പിന്നീട് ലോകം മുഴുവന്‍ ഇതു പ്രചാരത്തിലെത്തുകയും ചെയ്തു. വിത്തു പാകി മൂന്നാഴ്ച കഴിയുമ്പോള്‍ വേരോടെ പിഴുതെടുത്ത് നാം കറിവയ്ക്കുന്ന ചീരത്തൈകളും ഒരിനം മൈക്രോ ഗ്രീന്‍സാണ്. 
ഒട്ടുമിക്ക പച്ചക്കറി വിത്തുകള്‍കൊണ്ടും മൈക്രോഗ്രീന്‍സുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ പോലും ഏറ്റവും മികച്ചതായി കണക്കാക്കിയിരിക്കുന്ന പയര്‍ ഇനങ്ങളില്‍ നിന്നുണ്ടാക്കുന്ന മൈക്രോഗ്രീന്‍സാണ്. പൊതുവേയുള്ള പ്രിയത്തിന്റെ ഗ്രാഫില്‍ രണ്ടാമതായി വരുന്നത് സൂര്യകാന്തിവിത്തുകളില്‍ നിന്നുള്ളതാണ്. മൂന്നാമത് ഗോതമ്പിന്റെ മൈക്രോഗ്രീന്‍സും. വീറ്റ്ഗ്രാസ് എന്ന പേരില്‍ പ്രസിദ്ധമായ ഗോതമ്പിന്റെ മൈക്രോഗ്രീന്‍സ് കാന്‍സറിനെതിരേയുള്ള ഒറ്റമൂലി ചികിത്സയിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അമേരിക്കയിലും മറ്റും കാരറ്റ്, റാഡിഷ്, കെയ്ല്‍, ബ്രൊക്കോളി, ഉള്ളി തുടങ്ങി നിരവധി പച്ചക്കറികള്‍ കൊണ്ടു മൈക്രോഗ്രീന്‍സ് തയ്യാറാക്കുന്നുണ്ട്. 
വിത്തു മുളച്ച് ഏഴു മുതല്‍ ഇരുപത്തൊന്നു ദിവസം വരെയുള്ള വളര്‍ച്ചയാണ് മൈക്രോഗ്രീന്‍സിനുള്ളത്. ചീരയ്ക്കാണ് ഏറ്റവും കൂടിയ വളര്‍ച്ച. പയറിനങ്ങള്‍ക്ക് ഏറ്റവും കുറവും. തക്കാളി, മുളക് തുടങ്ങിയ വിത്തുകളില്‍ നി്ന്നുള്ള മൈക്രോഗ്രീന്‍സ് മാത്രമാണ് ഉപയോഗിക്കുന്നതിന് നല്ലതല്ലെന്നു കണ്ടെത്തിയിരിക്കുന്നത്.  
വളര്‍ത്തുന്ന വിധം ഇങ്ങനെയാണ്. ഏതിനം വിത്താണോ വളര്‍ത്താനായി ഉദ്ദേശിക്കുന്നത് അത് ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് സൂക്ഷിക്കുക. അതിനു ശേഷം വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കുക. പിന്നീട് പരന്ന ഒരു പാത്രത്തില്‍ പരുത്തിത്തുണിയോ വൂളന്‍ തുണിയോ പലതായി മടക്കി വിരിക്കുക. എത്ര വിസ്താരത്തിലാണോ വിത്തു പാകുന്നത് അത്രയും വിസ്താരത്തിലാണ് തുണി വിരിക്കേണ്ടത്. ഇങ്ങനെ വിരിക്കുന്ന തുണി കുതിര്‍ന്നിരിക്കുന്ന വിധത്തില്‍ വെള്ളം തളിക്കുക. തുണിയുടെ നനവ് ഒരിക്കലും മാറുന്നതിന് അനുവദിക്കരുത്. 
ഇതിലേക്ക്  വിത്ത് ഒരേ കനത്തില്‍ വിരിച്ചുകൊടുക്കുക. ഒന്നിനു മേല്‍ മറ്റൊന്നു  വരുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ കൂന കൂടി കിടക്കരുത്. ഒരു ദിവസം കൊണ്ടു തന്നെ ഇതില്‍ നിന്നു വേരുകള്‍ താഴേക്കിറങ്ങിയിരിക്കും. ഇത്തരം വേരുകള്‍ തുണിയിലേക്കിറങ്ങുന്നതോടെ വിത്തിന്റെ വളര്‍ച്ചയ്ക്കു വേഗം കൂടുന്നു. ഓരോ ദിവസം ചെല്ലുന്തോറും വളര്‍ച്ച നമുക്കു തന്നെ കണ്ടു മനസ്സിലാക്കാം. നാലു ദിവസം കൊണ്ട് എല്ലാ വിത്തില്‍ നിന്നും രണ്ടില വീതം വിരിഞ്ഞിരിക്കും. അതിനു ശേഷം അഞ്ചോ ആറോ ദിവസം കൊണ്ട് തണ്ടിനു നീളം വച്ച് ഇലകള്‍ പൂര്‍ണമായി വിരിഞ്ഞ അവസ്ഥയിലെത്തും. വിത്തിന്റെ പരിപ്പ് പൊഴിഞ്ഞു പോകുന്നതിനു മുമ്പുതന്നെ ഉപയോഗിക്കുന്നതിനു ശ്രദ്ധിക്കണം. 
പാത്രം സൂക്ഷിക്കേണ്ടത് വെളിച്ചം കിട്ടുന്ന മുറിയിലായിരിക്കണം. എന്നാല്‍ നേരിട്ടു വെയില്‍ അടിക്കുകയുമരുത്. ജനലില്‍ നിന്നും കുറച്ചു മാറ്റി വയ്ക്കുകയാണെങ്കില്‍ തണ്ടിനു പരമാവധി നീളം വയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഒരു ചെറിയ ഹാന്‍ഡ് സ്‌പ്രേയര്‍ ഉപയോഗിച്ച് എല്ലാ ദിവസവും വെള്ളം തളിച്ച് തുണിയിലെ ഈര്‍പ്പം നിലനിര്‍ത്തണം. ഏഴു മുതല്‍ പത്തു വരെ ദിവസം കൊണ്ടു 'വിളവെടുപ്പിനു' തയ്യാറാകും. തൈകള്‍ ചുവടോടെ പിഴുതെടുത്താണ് ഉപയോഗിക്കേണ്ടത്. വേരുസഹിതം ഉപയോഗിക്കാം. പിഴുതെടുത്ത ശേഷം വൃത്തിയായി കഴുകിയെടുക്കുക. അതിനു ശേഷം കറിയാക്കുക. 
തോരന്‍ വയ്ക്കുന്ന വിധം: മൈക്രോഗ്രീന്‍സ് വേരും ഇലയും തണ്ടും സഹിതം കൊത്തിയരിയുക. അരിഞ്ഞെടുത്തതിന്റെ തൂക്കത്തിന്റെ നാലിലൊന്നു നാളികേരം ചിരകിയതും ആവശ്യത്തിനു പച്ചമുളകും ഉള്ളിയും ഉപ്പും നേരിയ തോതില്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിരുമ്മിയതിനു ശേഷം ചട്ടിയില്‍ അടച്ച് അടുപ്പില്‍ വയ്ക്കുക. നല്ലതീയില്‍ അവി കയറാന്‍ അനുവദിക്കുക. അതിനു ശേഷം ചെറുതീയില്‍ മറിച്ചു വച്ച് വേവിക്കുക. ആകെ കൂടി പത്തു മിനിറ്റ് കൊണ്ടു പാചകം തീര്‍ന്നിരിക്കും. ചട്ടി തുറന്നു വച്ച് ചെറുതീയില്‍ ഉണക്കിയെടുത്തു ചൂടോടെ വിളമ്പുക. നൂറുശതമാനം ജൈവഭക്ഷണമാണെന്നോര്‍ക്കുക. അതും സ്വന്തം വീട്ടില്‍ സ്വന്തം കണ്‍മുന്നില്‍ വളര്‍ത്തി ഫ്രഷ് ആയി വിളവെടുത്തത്. ഏതു തരത്തില്‍ നോക്കിയാലും പോഷകസമൃദ്ധം. ഇതിനെ വെല്ലാന്‍ മറ്റെന്തുണ്ട്. 

 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145141