Published : Friday May 15, 2020, 2:04 pm
കോവിഡിന്റെ പിടിയിലകപ്പെട്ട ലോകം പുതിയ ജീവിതരീതികള്‍ പരിശീലിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ വെല്ലുവിളിയും പുതിയ സാധ്യതകള്‍ തുറക്കുക കൂടി ചെയ്യുമെന്നു പറയുന്നത് കേരളത്തിന്റെ കാര്യത്തില്‍ മറ്റു പലതിലുമെന്ന പോലെ ആഹാരത്തിന്റെ കാര്യത്തിലും ശരിയാകുന്നു. ട്രക്കുകള്‍ ഓടാതായാലും അതിര്‍ത്തിയിലെ റോഡുകളില്‍ തടസങ്ങള്‍ നിര്‍മിക്കപ്പെട്ടാലും പഞ്ഞം കിടക്കില്ലെന്ന നിശ്ചയദാര്‍ഢ്യം ഈ മഹാമാരിക്കാലത്ത് മലയാളികള്‍ പങ്കിടുന്നു.
പച്ചക്കറികളിലെ സ്വയം പര്യാപ്തതയെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് മലയാളി ചുവടുവയ്ക്കുമ്പോള്‍ ഇടവപ്പാതി മഴക്കാലമെത്തുകയായി. മഴ തുടങ്ങിയാല്‍ പച്ചക്കറിക്കൃഷിക്ക് പ്രതിബന്ധങ്ങളേയുള്ളൂ. മഴയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്ത് സ്വന്തം വീട്ടിലേക്കു വേണ്ട പച്ചക്കറികള്‍ വീട്ടുവളപ്പിലോ ടെറസിലോ വിളയിക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് മഴമറയിലെ കൃഷി.
മഴമറയെന്നാല്‍ പേരു സൂചിപ്പിക്കുന്നതു പോലെ മഴയില്‍ നിന്നു മറതീര്‍ത്തുള്ള കൃഷി. ഇതു വഴി തുള്ളിതോരാത്ത മഴയില്‍ നിന്നു പോലും വിളകളെ സംരക്ഷിച്ചു നിര്‍ത്താനാവുന്നു. മഴക്കാലം അന്തരീക്ഷ ആര്‍ദ്രത അഥവാ ഹ്യൂമിഡിറ്റി ഏറ്റവും കൂടി നില്‍ക്കുന്ന സമയമാണെങ്കിലും വിളകളെ അതു ബാധിക്കാതെ കാത്തുസംരക്ഷിക്കുന്നതിനു കഴിയുന്നു. വെള്ളക്കെട്ടിന്റെയും ചെളിക്കെട്ടിന്റെയും പ്രശ്‌നങ്ങളെയും ഒഴിവാക്കുന്നു എന്നിങ്ങനെ മഴമറയുടെ പ്രയോജനങ്ങള്‍ നിരവധിയാണ്.
ലളിതമാണ് മഴമറയുടെ ഘടന. പ്രത്യേകയിനം പോളിത്തീന്‍ ഷീറ്റുകൊണ്ടു മറച്ച മേല്‍ക്കൂരയും മറകളില്ലാതെ നിര്‍മിച്ച വശങ്ങളുമാണിതിനുള്ളത്. തുറസായതും നല്ല തോതില്‍ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്തായിരിക്കണം നിര്‍മിതി എന്നതാണ് പ്രധാനമായി ശ്രദ്ധിക്കാനുള്ളത്. തണല്‍ വീഴ്ത്തുന്ന വലിയ മരങ്ങളുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണം. വടക്കു പടിഞ്ഞാറ് ദിശയില്‍ നിര്‍മിക്കുന്നതാണ് ഉത്തമം. മഴക്കാലത്താണ് കൃഷി ചെയ്യുന്നതെങ്കിലും മഴമറയ്ക്കുള്ളില്‍ നനച്ചു മാത്രമേ കൃഷി സാധിക്കൂ എന്ന കാര്യം മറക്കരുത്. ടെറസുകള്‍ മഴമറയ്ക്കു പറ്റിയ സ്ഥലമാണെങ്കിലും വീടു നിര്‍മിക്കുമ്പോള്‍ തന്നെ അതിനുള്ള സൗകര്യം കൂടി ഒരുക്കിയാലായിരിക്കും നിര്‍മാണം എളുപ്പമാകുന്നത്. എന്നാല്‍ തണല്‍ വീഴാത്ത തുറസായ സ്ഥലമെന്ന മെച്ചം ടെറസിനുണ്ട്.
മഴമറ നിര്‍മിക്കുമ്പോള്‍ ഷെഡ് പോലെ ചെറിയൊരു കൂര നിര്‍മിക്കുന്നതിനെ മനസ്സില്‍ കരുതിയാല്‍ മതി. തൂണുകള്‍ വേണം, ഉത്തരം, കഴുക്കോല്‍ തുടങ്ങിയവയെല്ലാം വേണം. താല്‍ക്കാലിക രീതിയിലോ സ്ഥിരസ്വഭാവത്തോടു കൂടിയോ മഴമറ നിര്‍മിക്കാമെന്നത് മറ്റൊരു കാര്യം. ആദ്യത്തേതിനു ചെലവു കുറവായിരിക്കും. രണ്ടാമത്തേതു ചെലവേറിയതും. ടെറസിലാണ് കൃഷിയെങ്കില്‍ രണ്ടാമത്തെ രീതിയാണ് വേണ്ടത്. ചെലവു കൂറഞ്ഞ രീതിയില്‍ നിര്‍മിക്കുമ്പോള്‍ മഴമറയുടെ കാലുകള്‍, കഴുക്കോല്‍ തുടങ്ങിയവയുടെ സ്ഥാനത്ത് പറമ്പില്‍ ലഭ്യമാകുന്ന മുള, കമുക് തുടങ്ങിയവ ഉപയോഗിക്കാം. മുളയെക്കാള്‍ ആയുസുള്ളത് ഇല്ലി ഇനത്തില്‍ പെട്ടവയ്ക്കാണ്. മുളകളില്‍ പച്ചമുളയ്ക്കാണ് മഞ്ഞമുളയെക്കാള്‍ ആയുസ് കിട്ടുന്നത്. മുളയുടെ ശാഖകള്‍ മുറിച്ചു മാറ്റുന്നതിനൊപ്പം അവയുടെ തുടക്കത്തിലുള്ള മൂര്‍ച്ചയേറിയ ഭാഗം മുഴുവന്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മേയാനുപയോഗിക്കുന്ന ഷീറ്റ് കീറിപ്പോകാനിടയുണ്ട്.
ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പൈപ്പിനാണ് നിര്‍മാണമെങ്കില്‍ എംഎസ് പൈപ്പുകളോ ജിഐ പൈപ്പുകളോ ഉപയോഗിക്കാം. പോളിത്തീന്‍ ഷീറ്റ് ചെമ്പുകമ്പി ഉപയോഗിച്ച് ചട്ടക്കൂടിനോടു ചേര്‍ത്ത് കെട്ടിയുറപ്പിച്ചാല്‍ മതി.
മഴമറയുടെ മേല്‍ക്കൂരയ്്ക്ക് 200 മൈക്രോണ്‍ യൂവി സ്‌റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുപയോഗിക്കാം. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഉള്ളിലേക്കു കടക്കാന്‍ അനുവദിക്കാതെ ഇവ സംരക്ഷിക്കുന്നു. പ്രധാന നഗരങ്ങളിലെല്ലാം സില്‍പോളിന്‍ മുതലായ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്ക്കുന്ന വലിയ കടകളില്‍ ഇത്തരം ഷീറ്റ് വാങ്ങാന്‍ ലഭിക്കും. മഴമറയ്ക്കുള്ളില്‍ പുറത്തെ അന്തരീക്ഷത്തെ അപേക്ഷിച്ച് രണ്ടു മുതല്‍ ആറു വരെ ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടുതലായിരിക്കും. സ്ഥിരം നിര്‍മിതിയായി മഴമറ നിര്‍മിക്കുന്നവര്‍ വേനല്‍ക്കാലത്ത് പോളിത്തീന്‍ ഷീറ്റിനു താഴെ അമ്പതു ശതമാനത്തിന്റെ ഷേഡ് നെറ്റ് കെട്ടി ചൂടു നിയന്ത്രിക്കണം. സൂര്യരശ്മികള്‍ ഷീറ്റിനു മുകളില്‍ വീണ ശേഷം മാത്രം താഴേക്ക് ചിതറിയെത്തുന്നതിനാല്‍ ചെടികള്‍ വെയിലില്‍ വാടാതെ മികച്ച വിളവു തരുന്നു.
മഴമറകള്‍ അധിക വലുപ്പത്തില്‍ ആകാതിരിക്കുന്നതാണ് നല്ലത്. ഇരുപതു മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമാണ് ഏറ്റവും മികച്ച ഫലം തരുന്നതായി കണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നൂറു ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഒന്നിലധികം മഴമറകളുണ്ടാക്കുന്നതാണ് വളരെ വലിയ ഒരെണ്ണമുണ്ടാക്കുന്നതിനെക്കാള്‍ മെച്ചം. തറനിരപ്പില്‍ നിന്നു മധ്യഭാഗത്ത് മൂന്നു മീറ്റര്‍ ഉയരവും വശങ്ങളില്‍ രണ്ടു മീറ്റര്‍ ഉയരവും നല്‍കുന്നത് നന്നായിരിക്കും.
മഴക്കാലത്തും നന നല്‍കണമെന്നതാണ് മഴമറയുടെ ഏറ്റവും വലിയ പരിമിതിയും മെച്ചവും. തൂള്ളി നന രീതി ഏര്‍പ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അങ്ങനെയാകാം. അതിനു പറ്റുന്നില്ലെങ്കില്‍ ദിവസവും രണ്ടു നേരം പൂവാലി കൊണ്ടു നനച്ചാലും മതി. തുള്ളി നനയാണെങ്കില്‍ 45 സെന്റിമീറ്റര്‍ അകലത്തിലുള്ള ഡ്രിപ്പറുകളിലൂടെ മണിക്കൂറില്‍ 3-6 ലിറ്റര്‍ വീതം ജലം 220 ചെടികള്‍ക്കു കൊടുക്കാന്‍ സാധിക്കും.
വര്‍ഷത്തിലൊരിക്കല്‍ കോട്ടണ്‍ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് സോപ്പുവെള്ളത്തില്‍ പോളിത്തീന്‍ ഷീറ്റുകള്‍ തുടച്ചു വൃത്തിയാക്കണമെന്നതു മാത്രമാണ് പരിചരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാനുള്ളത്. പൊടിയും പായലുമൊക്കെ നീക്കം ചെയ്യാനാണിത്.
എത്ര ചെലവ്
തുള്ളി നന ഏര്‍പ്പെടുത്താത്ത താല്‍ക്കാലിക മഴമറയില്‍ പ്രധാനമായും പോളിത്തീന്‍ ഷീറ്റിന്റെ ചെലവു മാത്രമേ വരുന്നുള്ളൂ. സ്ഥിര സ്വഭാവമുള്ള മഴമറയില്‍ പൈപ്പുകളുടെ വിലയും പോളിത്തീന്‍ ഷീറ്റിന്റെ വിലയും ചേര്‍ത്ത് അമ്പതിനായിരം രൂപ ചെലവാകുമെന്നു പ്രതീക്ഷിക്കാം. തുള്ളി നന വേണമെങ്കില്‍ അതിനായുള്ള കുഴലുകളും എമിറ്ററുകളും അടങ്ങിയ ഡ്രിപ്പ് കിറ്റ് വാങ്ങേണ്ടതായി വരും. നൂറു ചതുരശ്രമീറ്ററിലേക്കു വേണ്ട ഡ്രിപ്പ് കിറ്റിന് ആയിരം രൂപയ്ക്കു മേല്‍ വിലയാകും.
ഏതൊക്കെ വിളകള്‍
തക്കാളി, മുളക്, കാപ്‌സിക്കം, നീളന്‍ പയര്‍, വെണ്ട, പാവല്‍, വഴുതിന, കോളിഫ്‌ളവര്‍ തുടങ്ങി മലയാളി സ്ഥിരമായി ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികളും തന്നെ മഴമറയ്ക്കുള്ളില്‍ കൃഷി ചെയ്യാം.
www.karshikarangam.com