ജൈവകൃഷിയിലേക്കു ചുവടുമാറ്റം

Published : Thursday June 4, 2020, 1:14 pm



സ്വന്തം കൃഷിയിടവും വീട്ടുവളപ്പുമെല്ലാം വിഷമുക്തമാക്കാമെന്ന നിലപാടിന്‍റെ പേരിലാണ് പലരും ജൈവകൃഷിയിലേക്കു ചുവടുമാറുന്നത്. എന്നാല്‍ നിലവിലുള്ള കൃഷിയില്‍ നിന്ന് ജൈവകൃഷി രീതികളിലേക്കു മാറുന്നവര്‍ക്കു തുടക്കത്തില്‍ പല പ്രായോഗിക പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. അവയെ നേരിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വഴികള്‍ അറിയുക.
പ്രധാനമായും ഒരു ഡസന്‍ കാര്യങ്ങളിലാണ് തുടക്കക്കാര്‍ ശ്രദ്ധിക്കാനുള്ളത്. ഓര്‍ക്കുക, ആരോഗ്യപരമായ പ്രശ്നങ്ങളെ മറക്കാന്‍ തയ്യാറാകുമെങ്കില്‍ എല്ലാം തികഞ്ഞ കൃഷി സമ്പ്രദായത്തില്‍ നിന്നാണ് ചുവടുമാറ്റം നടത്തുന്നത്. പുതുതായി സൃഷ്ടിച്ചെടുക്കുന്ന കൃഷി സമ്പ്രദായവും ഇതേ രീതിയില്‍ കുറ്റവും കുറവും തീര്‍ത്തെടുക്കാന്‍ സമയം ആവശ്യമാണ്. അതിനുള്ള ക്ഷമയും സ്വന്തം രീതികള്‍ കണ്ടെത്തുന്നതിനുള്ള തന്മയത്വവുമാണ് ജൈവകൃഷിയിലേക്കു തിരിയുന്നവര്‍ക്കു വേണ്ടത്. 
മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായി മാറാവുന്ന ഒരു കാര്യവും ചെയ്യരുത്. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമാണ് ആവശ്യം. കാരണം രാസകൃഷിയുടെ ദോഷങ്ങള്‍ സംബന്ധിച്ച വ്യക്തമായ ബോധ്യത്തില്‍ നിന്നാണല്ലോ ജൈവകൃഷിയിലേക്ക് ചുവടു മാറാനുള്ള തീരുമാനമെടുക്കുന്നത്. 
ഏതെങ്കിലും പച്ച ഇലയില്‍ വീഴുന്ന സൂര്യപ്രകാശം ഉപയോഗിച്ച് സസ്യം പ്രകാശസംശ്ലേഷണം ചെയ്യുന്നതനുസരിച്ചാണ് ഭക്ഷണത്തിന്‍റെ പ്രാഥമിക ഉല്‍പാദനം നടക്കുന്നത്. അതിനാല്‍ കൃഷിയിടം പരമാവധി സസ്യങ്ങള്‍ വളരുന്ന അവസ്ഥയില്‍ സംരക്ഷിക്കുക. ഏതെങ്കിലും സസ്യങ്ങള്‍ വളരട്ടെ. ഒന്നുമില്ലാതെ പുരയിടം സൂക്ഷിക്കുന്നതില്‍ നല്ലത് പുല്ലെങ്കിലും വളരുന്നതാണ്.
ആഴത്തിലുള്ള കൊത്തും കിളയും ഉഴവും ഒഴിവാക്കുക. ഇതു വഴി മേല്‍മണ്ണ് ഇളകി ചുവടു ഭാഗത്തേക്കു പോകുന്നു എന്ന പ്രശ്നത്തിലുപരി മണ്ണൊലിപ്പിനു കാരണമാകുകയും ചെയ്യുന്നു. നടീലിന്‍റെ സമയത്തും വിത്തു വിതയ്ക്കുമ്പോഴും മണ്ണിളക്കാതെ സാധിക്കില്ലാത്തതിനാല്‍ ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അങ്ങനെ ചെയ്യുക. രോഗ-കീട പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളും വിളയിനങ്ങളും നടീലിനായി തിരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ പരീക്ഷണശാലകള്‍ പുറത്തിറക്കിയ വിത്തുകളും ഒട്ടുതൈകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
കൃഷിയിടം പരമാവധി പുതയിട്ടു സംരക്ഷിക്കുക. മൊത്തത്തില്‍ പുതയിടാന്‍ സാധിക്കില്ലെങ്കില്‍ നടീല്‍ കഴിഞ്ഞ ചെടികളുടെ ചുവട്ടിലെങ്കിലും ആവശ്യത്തിനു പുതയിടുക. ഏതു ജൈവവസ്തുവും അഴുകി മണ്ണില്‍ ചേരുമ്പോള്‍ അത് മണ്ണിന്‍റെ വളക്കൂറാണ് വര്‍ധിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ക്ലേദം എന്ന പദാര്‍ഥം ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.
പുതയിട്ടതിന്‍റെ മേല്‍ പച്ചച്ചാണകമിടുകയോ ചാണകം കലക്കിയ കുഴമ്പ് ഒഴിക്കുകയോ ചെയ്യുക. ബയോഗ്യാസ് പ്ലാന്‍റുള്ളവര്‍ അതില്‍ നിന്നുള്ള സ്ലറി ഇതിനുപയോഗിച്ചാലും കുഴപ്പമില്ല. പുതയിട്ട ജൈവവസ്തുക്കള്‍ വേഗത്തില്‍ അഴുകുന്നതിന് ഇതു സഹായിക്കും. കുറേശെയായി പുത നനച്ചു കൊടുക്കുന്നതും നല്ലതാണ്. 
പുതയിടുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. പുതയിടുന്നതിനനുസരിച്ച് മണ്ണിലെ സൂക്ഷ്മജീവി സാന്നിധ്യമാണ് വര്‍ധിക്കുന്നത്. അവ കൂടുന്നതനുസരിച്ച് കൂടുതല്‍ പുതയിട്ടു കൊടുത്താല്‍ മണ്ണിന്‍റെ വളക്കൂറ് അതിവേഗം വര്‍ധിക്കും. ഓല, ചപ്പുചവറുകള്‍, കടലാസ്, വാഴപ്പിണ്ടി, അടുക്കളയിലെ പാഴ്വസ്തുക്കള്‍ എന്നിവയെല്ലാം പുതയിടാനായി ഉപയോഗിക്കാം. 
പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ക്കും വൃക്ഷ വിളകള്‍ക്കും കൃഷിയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുക. പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ ചെടികളുടെ വേരുഭാഗത്ത് നൈട്രജന്‍ ലഭ്യത ഉറപ്പാക്കുന്നു. മരങ്ങളാകട്ടെ പുരയിടത്തിനെ സൂര്യരശ്മികളില്‍ നിന്നു സംരക്ഷിക്കുന്നതോടൊപ്പം ചപ്പുചവറുകള്‍ നല്‍കുകയും ചെയ്യുന്നു.
പാഴ്വസ്തുക്കളൊന്നും കത്തിച്ചു കളയരുത്. കാരണം ഇതുവഴി നഷ്ടപ്പെടുന്നത് പുതയിടുന്നതിനുള്ള വിലപ്പെട്ട വസ്തുക്കളാണ്. പോരെങ്കില്‍ കൃഷിയിടത്തില്‍ വച്ചു തീകത്തിക്കുമ്പോള്‍ അത്രയും സ്ഥലത്തെ സൂക്ഷ്മജീവികളുടെ നാശത്തിനും ഇടയാക്കുന്നു. വേണമെങ്കില്‍ പുറമെ നിന്നു ചാരം കൊണ്ടുവന്ന് കൃഷിയിടത്തിലുപയോഗിക്കാം.
രാസവസ്തുക്കള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുകയേ ചെയ്യരുത്. രാസവളങ്ങളില്‍ ഫോസ്ഫാറ്റിക് വളങ്ങള്‍ (മസൂറി ഫോസ്, രാജ്ഫോസ്) ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാരണം ഇവരണ്ടും പാറപ്പൊടി മാത്രമാണ്. രാസവളങ്ങള്‍ നല്‍കുന്നതിനു തുല്യമായ പ്രയോജനം നല്‍കാന്‍ കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ്, ജൈവസ്ലറികള്‍, പച്ചിലവളങ്ങള്‍ എന്നിവയ്ക്കു സാധിക്കും. 
പച്ചിലവളങ്ങള്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നതിലും മെച്ചം അവ പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്നതാണ്. പുളിപ്പിക്കുന്നതിനായി വളക്കൂട്ടുക്കള്‍ തയ്യാറാക്കുമ്പോള്‍ ശര്‍ക്കര, പാളയന്‍കോടന്‍ (മൈസൂര്‍ പൂവന്‍) പഴം, തൈര്, ചാണകം, ഗോമൂത്രം തുടങ്ങിയവ ചേര്‍ക്കുന്നത് ഏറ്റവും ഫലപ്രദമാണ്. പുളിക്കുന്നതനുസരിച്ച് വളക്കൂട്ടുകളില്‍ സൂക്ഷ്മജീവി സാന്നിധ്യം പരമാവധി വര്‍ധിക്കുന്നു. 
ജീവാണു വളങ്ങളും ജീവാണുമിശ്രിതങ്ങളും കൃഷിയുടെ ഭാഗമാക്കുക. റൈസോബിയം, അസറ്റോബാക്ടര്‍, അസോസ്പൈറില്ലം, സ്യൂഡോമൊണാസ്, ട്രൈക്കോഡെര്‍മ, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, വാം തുടങ്ങി കൃഷിയില്‍ നിത്യേന ആവശ്യമായി വരുന്ന ജീവാണുവളങ്ങളും മിശ്രിതങ്ങളും ഏറെയാണ്. 
കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെതിരേ അങ്ങേയറ്റത്തെ ശ്രദ്ധപുലര്‍ത്തുക. ഏതെങ്കിലും ഒരു പ്രാണിയെ കണ്ടെന്നു കരുതി പരിഭ്രമിക്കേണ്ട. പ്രാണികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാത്രമാണ് അവ കീടമായി മാറുന്നത്. അതിനു മുമ്പുതന്നെ അവയെ കൈകൊണ്ടു പിടിച്ചു നശിപ്പിക്കുകയോ കെണികള്‍ ഉപയോഗിച്ചു നശിപ്പിക്കുകയോ ചെയ്യുക. വ്യത്യസ്തമായ കെണികളും ജീവാണുകീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്. 
(കൂടുതല്‍ അറിവിനു ഹോം പേജില്‍ തന്നെയുള്ള ജൈവകൃഷി, ജീവാണു വളങ്ങള്‍, ജീവാണു മിശ്രിതങ്ങള്‍, അടുക്കളത്തോട്ടം തുടങ്ങിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക)


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145009