വിരിപ്പുനെല്‍ക്കൃഷിയില്‍ കളവളര്‍ച്ച ഉത്തേജിപ്പിച്ചാല്‍ ഒന്നിച്ച് അവ പറിച്ചുകളയുന്നതിനാവും. ഇതിനായി വിത്തു മുളച്ച് ഒരു മാസം കഴിയുമ്പോള്‍ ഹെക്ടറിന് 25 കി.ഗ്രാം യൂറിയ വിതറിക്കൊടുക്കണം.
ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ച് അല്‍പ്പം സിമന്‍റുമായി കൂട്ടിച്ചേര്‍ത്തു വരമ്പിന്‍റെ പല ഭാഗത്തായി വച്ചാല്‍ എലിയെ കൊന്നൊടുക്കാം.
ഞാറ്റടി നിരപ്പാക്കിയശേഷം വെള്ളം വാര്‍ത്തു കളയുക. വെള്ളം പോകാതെ കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി വാര്‍ന്നു പോകുവാനുള്ള സൗകര്യം ഉണ്ടാക്കുക. ശേഷം 12 മണിക്കൂര്‍ നേരം വെയിലും കാറ്റുംകൊണ്ട് മണ്ണ് അല്‍പ്പം ഉറയ്ക്കുവാന്‍ അനുവദിക്കു. ശേഷം വെള്ളം കയറ്റി 24 മണിക്കൂര്‍ വെള്ളത്തിലിട്ട നെല്‍വിത്ത് വിതയ്ക്കുക. ഒരു ഏക്കര്‍ നടുവാന്‍ 10 കി.ഗ്രാം മുതല്‍ 22 കി.ഗ്രാം വരെ വിത്തു മതിയാകും.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നെല്ലും പതിരും വിതയ്ക്കുവാന്‍ ഉപയോഗിക്കരുത്.
മെതിക്കുവാന്‍ പ്രയാസമുള്ള നെല്ലു കൃഷി ചെയ്യേണ്ടിവരുമ്പോള്‍ പൊട്ടാഷ് അധികം ഉപയോഗിക്കുക. മെതിക്കുവാനുള്ള പ്രയാസം കുറഞ്ഞുകിട്ടും.
വിത്തിനുവേണ്ടി പ്രത്യേകമായി നെല്ലു കൃഷിചെയ്യുക. വിത്തിനെടുക്കുന്ന നെല്ലു കൃഷിചെയ്ത പാടത്തു രാസവളവും കീടനാശിനിയും ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ വിളയുന്ന നെല്‍വിത്ത് എടുത്തു രാസവളം ഉപയോഗിച്ചു കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ വിളവ് കിട്ടും.
ഞാറ്റടിയില്‍നിന്നു ഞാറു പറിക്കുവാന്‍ അധികം ബലം പ്രയോഗിക്കേണ്ടിവരികയോ ഞാറ് വലിക്കുമ്പോള്‍ അറ്റുപോകുകയോ ചെയ്യുന്ന അവസരത്തില്‍ സെന്‍റിന് 2 കി.ഗ്രാം കറിയുപ്പു വിതറുക. പറിക്കുവാനുള്ള പ്രയാസം മാറിക്കിട്ടും.
ട്രാക്ടര്‍ ഉഴുതു ഞാറു നടുമ്പോള്‍ ഞാറ് അധികം താഴ്ചയില്‍ പോകുന്നതു കാരണം കരിഞാറു വരുവാന്‍ (തഴച്ചു വളരുവാന്‍) താമസം നേരിടുന്നു. ഇതുകാരണം വിളവു മോശമാവുന്നു. ഇത് ഒഴിവാക്കുവാന്‍ ട്രാക്ടര്‍ ഉഴുതാല്‍ ഒറു ദിവസമെങ്കിലും കഴിഞ്ഞേ നടാന്‍ പാടുള്ളൂ.
പാടത്തെ വെള്ളം മുഴുവന്‍ വാര്‍ത്തുകളഞ്ഞതിനുശേഷം രാസവളം ഉപയോഗിക്കുക. ബാഷ്പീകരണം മൂലമുള്ള രാസവളനഷ്ടം കുറയ്ക്കുവാന്‍ സാധിക്കും.
കീടനാശിനി ഉപയോഗിക്കുമ്പോള്‍ പാടത്തെ വെള്ളം മുഴുവന്‍ വാര്‍ത്തുകളയുക. ശേഷം കീടനാശിനി ഉപയോഗിക്കുക. മണ്ണില്‍ പതുങ്ങിയിരിക്കുന്ന കൃമി, കീടങ്ങള്‍ കൂടി നശിച്ചുകിട്ടും. കീടനാശിനി വെള്ളത്തില്‍ കലങ്ങി വീര്യം കുറഞ്ഞു പോകുന്നതു തടയാം.
യൂറിയയില്‍ വേപ്പിന്‍ പിണ്ണാക്ക് കലര്‍ത്തി വച്ചിരുന്നാല്‍ വര്‍ഷങ്ങളോളം യൂറിയ ഗുണം നഷ്ടപ്പെടാതിരിക്കും.
നെല്‍വിത്ത് ഏഴുദിവസം ഉണങ്ങിയാല്‍ രണ്ടുകൃഷിക്കും ഉപയോഗിക്കാം.
പുതുമഴ കഴിഞ്ഞ ഒരു മഴക്കൂടി കിട്ടയതിനുശേഷം വീണ്ടും ഉഴുക. കള വരുന്നതു കുറയും.
പുല്‍പ്പോത്ത് വന്നാല്‍ എല്ലാറ്റിനെയും കൂടി ആട്ടിക്കൊണ്ടുവന്നു തീയില്‍ ചുട്ടുകൊല്ലുക.
രണ്ടാംവിള കൊയ്ത്തു കഴിഞ്ഞാല്‍ പാടം ഒരു തവണ ഉഴുതിടുക മണ്ണില്‍ വായു സഞ്ചാരം കൂടും.
ചാണകം ഒരു ദിവസം കലക്കിവച്ച് പിറ്റേന്ന് തെളിയെടുത്തു സ്പ്രേ ചെയ്താല്‍ ഓല കരിച്ചില്‍ മാറും.
മെയ് മാസം 10-നും 24-നും ഇടയില്‍ ഒന്നാം വിള വിതച്ചാല്‍ കളകള്‍ കുറവായിരിക്കും. കാര്‍ത്തിതകപ്പട്ട് എന്നാണ് ഈ സമയം അറിയപ്പെടുന്നതു കനകപ്പട്ടെന്നും പറയും.
നല്ല ഉണക്കായ വിത്തിനെ മാമ്പൂ കാണിക്കണമെന്നു പാലക്കാട്ട് പറയുന്നു. വിഷു കഴിഞ്ഞ് ഒരു രാത്രി മഞ്ഞത്ത് വിരിച്ചിടണമെന്നാണ് ഇതിനര്‍ത്ഥം. ഈ വിത്ത് കേടുകൂടാതെ ഒരു വര്‍ഷം സൂക്ഷിച്ചു വയ്ക്കാം.
വിഷു കഴിഞ്ഞു മൊത്തം വിത്തില്‍നിന്നു നൂറെണ്ണമെടുത്തു കിഴികെട്ടി ചിരട്ടയിലെ വെള്ളത്തില്‍ മുക്കി മൂന്നുദിവസം വയ്ക്കുക. പിന്നീട് തുറന്നു നോക്കുമ്പോള്‍ 95 ശതമാനത്തില്‍ ശതമാനത്തിനു കുറുമുള വന്നെങ്കില്‍ മാത്രം ആ വിത്ത് നടാനെടുക്കുക.
പാടത്തുകൂടി നടന്ന് ചാഴിയെ ഓടിച്ചാല്‍ നാലഞ്ചു ദിവസം കഴിഞ്ഞേ അവ വീണ്ടും വരൂ.
വിത്തുവയ്ക്കുന്ന അറയില്‍ ബോഗന്‍വില്ല ഇല കെട്ടിത്തൂക്കിയാല്‍ കീട ശല്യം കുറയും.
പാടത്തുനിന്ന് ഞണ്ടു വരുന്ന വഴിയില്‍ അരി നെല്ലിക്ക വയ്ക്കുക. ഞണ്ട് ഇതില്‍ ഇറുക്കും. പിന്നെ കാല് ഊരിയെടുക്കാനാവില്ല. പിടിച്ചു നശിപ്പിക്കാം.
വരമ്പിലൂടെ മണ്ണെണ്ണയൊഴിച്ചാല്‍ എലി ശല്യം കുറയും.
മുഴുവന്‍ വിളവെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് (കടപ്പച്ച മൂക്കുമ്പോള്‍) കൊയ്യുക. നെല്ലിന്‍റെ പൊഴിച്ചില്‍ കുറയും.
കണ്ണി മുറിഞ്ഞു പാലക്കാടന്‍ പ്രദേശത്ത് രണ്ടാം വിളയ്ക്കു നെല്ലു നഷ്ടപ്പെടുന്നതിനും പരിഹാരം മുഴുവന്‍ മൂപ്പെത്തുന്നതിനു മുമ്പു കൊയ്യുകയാണ്.
മെതിച്ച നെല്ല് കൂട്ടിയിടുമ്പോള്‍ ഏറ്റവും അടിയിലെ നെല്ല് വിത്തിനെടുക്കരുത്. അങ്കുരണശേഷി കുറവായിരിക്കും.
ഗോമൂത്രം ശേഖരിച്ച് സ്പ്രേ ചെയ്താല്‍ പുല്‍പ്പോത്ത് മുഴുവന്‍ അകന്നുപോകും.
ചിരട്ടയില്‍ എണ്ണയെടുത്ത് തിരിയിട്ടു കത്തിച്ചു പറമ്പില്‍ വയ്ക്കുക. ഇതിനു നാലുവശവും ഗ്രീസ് പുരട്ടിയ കടലാസ് തൂക്കിയിടുക. കീടങ്ങള്‍ വന്ന് ഇതില്‍ ഒട്ടിപ്പിടിക്കും.
ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റിന് പത്തു കിലോ ചാരവും ഒരു കിലോ ഉപ്പും വയലിലെ വെള്ളം വാര്‍ത്തുകളഞ്ഞശേഷം ഇടുക.
മോസ് (കല്ലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായല്‍) ശേഖരിച്ച് വയലില്‍ ഇടുക. നെല്ലിനു വിളവു കൂടും.
ബ്ലൂഗ്രീന്‍ ആല്‍ഗ ശേഖരിച്ച് ഒരു പ്രദേശത്ത് വളര്‍ത്തി പാടത്തേക്കു തുറന്നു വിടുക. പുറത്തേക്കിറങ്ങിപ്പോകാതിരിക്കാന്‍ വെള്ളം തുറന്നുവിടുന്ന സ്ഥലത്തു വില വയ്ക്കുക. ഹെക്ടറിന് 30 കി.ഗ്രാം നൈട്രജന്‍ വലിച്ചെടുത്തു നെല്ലിനു നല്‍കും.
വലിയൊരു ഫണലിന്‍റെ (ചോര്‍പ്പിന്‍റെ) മീതെ 200 വാട്ട് ബള്‍ബ് കത്തിച്ചു വച്ചു കെട്ടിത്തൂക്കിയിടുക. ചുവടെ വലിയൊരു പാത്രത്തില്‍ ഫ്യൂറഡാന്‍ കലക്കിയ വെള്ളം വയ്ക്കുക. രാത്രി 10 മണിയാകുമ്പോള്‍ ഓഫാക്കുക. ശത്രു കീടങ്ങള്‍ വന്നു വെള്ളത്തില്‍ ചാകും.
അമ്പതു ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് വിത്ത് മുക്കിവയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. അതിനുശേഷം പണച്ചാക്കില്‍കെട്ടി 24 മണിക്കൂര്‍ വച്ചശേഷം പാകുക. കൂടുതല്‍ എണ്ണം മുളയ്ക്കും.
ഒരു പാത്രത്തില്‍ വെള്ളമെടുത്തശേഷം ഒരു കോഴിമുട്ട അതിലിടുക. മുട്ടപൊങ്ങി വരുന്നതുവരെ ഉപ്പു ചേര്‍ക്കുക. ഈ വെള്ളത്തില്‍ വിത്തു മുക്കിവച്ചശേഷം വിതയ്ക്കുക. കൂടുതല്‍ എണ്ണം മുളയ്ക്കും.
അഞ്ചു കി.ഗ്രാം കമ്പോസ്റ്റോ ജൈവാംശമുള്ള മേല്‍മണ്ണോ ഒരു കി.ഗ്രാം യൂറിയയുമായി ചേര്‍ത്തു വായുകടക്കാതെ ചാക്കിട്ടുമൂടി 24 മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ഇതു പാടത്തിടുക. ഇതിനകം യൂറിയ നൈട്രറ്റ് ആയി മാറിയിരിക്കും.
തലമണി നെല്ലാണ് വിത്താക്കുന്നതിനു നല്ലത്. കറ്റ ഒന്നോ രണ്ടോ തവണ അടിക്കുമ്പോള്‍ വീഴുന്ന നെല്ലാണ് തലമണി നെല്ല്.
ഉമി ചേര്‍ത്ത് ഉഴുതാല്‍ നെല്ലിനു നല്ല വേരോട്ടം കിട്ടം. തണ്ടിനു ബലവും വയ്ക്കും.
വരമ്പ് വീതികൂട്ടിയെടുത്താല്‍ ഇവിടെ ഇഞ്ചി, തെങ്ങ്, മഞ്ഞള്‍ എന്നിവ നടാം.
ഞാറ്റടി തയാറാക്കുമ്പോള്‍ 12 മണിക്കൂര്‍ വെള്ളം വറ്റിച്ചു വെയില്‍ കൊള്ളിക്കുക. പിന്നീട് 24 മണിക്കൂര്‍ കുതിര്‍ത്ത വിത്ത് വിതയ്ക്കുക. ഒന്നും താഴ്ന്നു പോകില്ല.
ചാഴികള്‍ അതിരാവിലെയും വെയിലാറിയശേഷവുമാണ് കതിരുകളില്‍ വന്നിരിക്കുക ഈ സമയത്ത് കുറെപേര്‍ വയലിലൂടെ വലവീശി കൊണ്ടു നടന്നാല്‍ ഇവയെ ഒന്നടങ്കം പിടിക്കാം.
നെല്‍ക്കൃഷിക്ക് വയല്‍ ഒരുക്കുമ്പോള്‍ കുറച്ചു പുതുമണ്ണ് ഇട്ടു കൊടുത്താല്‍ കേടുകുറയും.
മുളകുറവുള്ള വിത്തുകള്‍ അല്‍പ്പം ചൂടുവെള്ളത്തില്‍ മുക്കി എടുത്തുവച്ചാല്‍ നല്ലവണ്ണം കിളിര്‍ക്കും.
വിത്തു വിതയ്ക്കുന്നതിനു ഒരാഴ്ച മുമ്പ് വെയിലില്‍ ചൂടാക്കിയാല്‍ കൂടുതല്‍ എണ്ണം മുളയ്ക്കും.
നെല്‍വിത്തു ചെളിപ്പാടത്ത് വിതയ്ക്കുമ്പോള്‍ കുരുപ്പിച്ച് (മുളപ്പിച്ച്) വിതയേ ആവശ്യമില്ല. വെറുതെ വിത്തു വിതച്ചാല്‍ മതിയാകും. വിതച്ച് പിറ്റേദിവസം വെള്ളം വറ്റിച്ചാല്‍ നന്ന് അല്ലെങ്കില്‍ ഒമ്പതാം ദിവസം വെള്ളം വറ്റിക്കുക.
നെല്‍വിത്ത് മുളപ്പിക്കുമ്പോള്‍ സന്ധ്യക്കു വിത്ത് വെള്ളത്തില്‍ ഇട്ടാല്‍ പിറ്റേദിവസം ഉച്ചയോടുകൂടി വാരി കൈവെള്ളകൊണ്ട് അമര്‍ത്തി പൊത്തുക. വിത്തിന്‍റെ മുകളില്‍ ഭാരമുള്ള സാധനം കയറ്റി വയ്ക്കേണ്ട ആവശ്യമില്ല. 3-ാം ദിവസം വിത്ത് മുള വന്നിരിക്കും.
മേടമാസത്തില്‍ കൃഷിയിറക്കുന്ന കരനെല്ലിനു വമ്പിച്ച നാശനഷ്ടം വരുത്തുന്ന കെടുവന്‍ അഥവാ സ്ട്രൈഗാ ലൂട്ടിയാ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പ്രത്യേകതരം കളയുടെ ഉപദ്രവം കുറയ്ക്കാന്‍ നെല്ല് വിതയ്ക്കുന്നതിനോടൊപ്പം കുറച്ചു കടുകു കൂടി വിതച്ചാല്‍ മതി.