റോസ്


 

ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്‍പുതന്നെ റോസുകള്‍ വളര്‍ന്നിരുന്നതായാണ് പാറകളില്‍  കണ്ട സസ്യാവശിഷ്ടങ്ങളായ ഫോസിലുകള്‍ തെളിയിച്ചിട്ടുള്ളത്. ഇതിന്‍റെ ഏകദേശം മുന്നൂറോളം സ്പീഷീസുകള്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഡബ്ലിയു. എച്ച്. ലാറന്‍സ് എന്ന ശാസ്ത്രജ്ഞന്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.
 

റോസ് അലങ്കാരത്തിനായി മുറിക്കുള്ളില്‍ ഫ്ളവര്‍വേസില്‍ സൂക്ഷിക്കാനും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളില്‍ നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുവാനും ബഹുഭൂരിപക്ഷം പേരും ഉപയോഗിച്ചു വരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ വിപണിയില്‍ ഡിമാന്‍ഡുള്ള ഇനങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം. ഇതിനെ പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു. 

 

ഇനങ്ങള്‍


1. ഹൈബ്രിഡ് പെര്‍പെച്വല്‍


കടുപ്പമുള്ള തണ്ടും ധാരാളം ഇലകളും ശിഖരങ്ങളുമുണ്ടാകുന്നു. തുടര്‍ച്ചയായി പുഷ്പിക്കുവാന്‍ കഴിവുള്ള  ഒരിനമാണ്. പൂക്കള്‍ ചെറുതാണ്. ചില ഇനങ്ങള്‍ക്കു നല്ല മണമുണ്ട്. 
പ്രധാന ഇനങ്ങള്‍-നെയ്റോണ്‍, ജനറല്‍ ജക്കാനിമോട്ട്, മിസിസ് ജക്കാനിമോട്ട്.


2. ഹൈബ്രിഡ് ടീ


റോസിലെ ഏറ്റവും പ്രചാരമുള്ള ഇനമാണിത്. ദീര്‍ഘകാലം പൂക്കള്‍ കേടുകൂടാതെ ഇരിക്കുന്നു. ഒരേ വലുപ്പത്തിലുള്ള പൂക്കള്‍ വിരിയുന്നു. വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള വിവിധ ഇനങ്ങള്‍ ലഭ്യമാണ്. ഇതിന്‍റെ പൂന്തണ്ടില്‍ സാധാരണ ഒരു പൂ മാത്രമേ വിരിയാറുള്ളൂ. എങ്കിലും ഇതിന്‍റെ ഭംഗി വര്‍ണ്ണനാതീതമാണ്. ഫ്ളവര്‍ വേസില്‍ വച്ച് മുറി അലങ്കരിക്കാനും പൂച്ചെണ്ടും ഹാരങ്ങളും ഉണ്ടാക്കുവാനും ഇതിന്‍റെ പൂക്കള്‍ ഉപയോഗിക്കുന്നു.

  • വെള്ള പൂക്കളുള്ളവ - ജവഹര്‍, മൃദുല, ജോണ്‍ എഫ്. കെന്നഡി.
  • മഞ്ഞ പൂക്കളുള്ളവ - കനകാംഗി, സോണിയ, പൂര്‍ണ്ണിമ, ഗംഗ.
  • ചുവപ്പു പൂക്കളുള്ളവ - ലാലിമ, രക്തകാന്ത, മി. ലിങ്കന്‍, ഹാപ്പിനസ്, പൂര്‍ണ്ണിമ.
  • പിങ്കു നിറമുള്ള പൂക്കളുള്ളവ - മൃണാളിനി, സുരഭി, മധുമതി.
  • ഓറഞ്ചു കലര്‍ന്ന ചുവപ്പ് പൂക്കളുള്ളവ - മഞ്ജന, അരുണ, ഹാവായ്, സൂപ്പര്‍ സ്റ്റാര്‍.


3. ഫ്ളോറിബന്ത


മുകളില്‍ പ്രസ്താവിച്ച ഹൈബ്രിഡ് ടീയെക്കാള്‍ ചെറിയ പൂക്കളാണ്. ഒരു ശിഖരത്തില്‍ അഞ്ചോ ആറോ പൂക്കളുള്ള കുലകളുണ്ടാകും. ഓരോ തണ്ടിലുമുണ്ടാകുന്ന മൊട്ടുകള്‍ ഒരേ സമയത്തു പൂക്കുകയും ചെയ്യും.

  • വെള്ള പൂക്കളുള്ളവ - ചന്ദ്രിമ, ഐസ്ബര്‍ഗ്, ഹിമാംജിനി.
  • ഓറഞ്ചു കലര്‍ന്ന ചുവപ്പു പൂക്കളുള്ളവ - ഉഷ, സിന്ധൂര്‍, സൂര്യകിരണ്‍.


4. പോളിയാന്ത


മുകളില്‍ പ്രസ്താവിച്ച ഇനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇവയുടെ പൂക്കള്‍ ചെറുതാണ്. ശിഖരങ്ങളില്‍ കുലകളായാണു പൂക്കള്‍ ഉണ്ടാകുന്നത്. കുലയായി പൂക്കള്‍ വിരിയുന്നതിനാല്‍ പോളിയാന്ത പ്രചാരമുള്ള ഇനമാണ്. ഫ്ളോറിബന്ത എന്ന മികച്ച റോസ് വര്‍ഗ്ഗത്തിന്‍റെ പ്രജനനത്തിന് ഇതു ഉപയോഗിക്കുന്നു.


പ്രധാന ഇനങ്ങള്‍

  • പിങ്കു പൂക്കളുള്ളവ - സ്വാതി, ചാറ്റലിന്‍ റോസ്, എക്കോ
  • ഓറഞ്ചു പൂക്കളുള്ളവ - പോള്‍ ക്രോംപെല്‍
  • ചുവപ്പു പൂക്കളുള്ളവ - ഐഡിയല്‍


 

5. മിനിയേച്ചര്‍


ഇതിനെ മിനി റോസ് എന്നും വിളിക്കുന്നു. പൂക്കളും ഇലകളും വളരെ ചെറുതാണ്. ഇതു തോട്ടത്തിന്‍റെ അരികുകളിലും പൂത്തടങ്ങളിലും തൂക്കു ചട്ടികളിലും വളര്‍ത്താന്‍ പറ്റിയവയാണ്. 

  • ചുവപ്പ് പൂക്കളുള്ളവ - ക്രൈക്രൈ, ലിറ്റില്‍ ഫ്ളോര്‍ട്ട്, ബേബി മസ്ക്യൂറോസ്, കൊറലിന്‍, സിന്‍ഡെറല,  സ്വാഫ് കിങ്, സ്വീറ്റ് ഫെയറി.


6. ക്ലൈംബിംഗ് റോസ്


വള്ളിച്ചെടികള്‍പോലെ പടര്‍ന്നു വളരുന്ന സ്വഭാവമാണിതിന്‍റേത്. ആര്‍ച്ചുകളിലും മറ്റും പടര്‍ത്തുവാന്‍ ഇതുപയോഗിക്കുന്നു. ശിഖരങ്ങള്‍ക്കു നല്ല നീളം കാണുന്നു. പല നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകും. 

  • മഞ്ഞ പൂക്കളുള്ളവ - ഗോള്‍ഡന്‍ ഷവര്‍
  • വെള്ള പൂക്കളുള്ളവ - സമ്മര്‍ സ്റ്റോ, വിര്‍ഗോ, പ്രോസ്പെരിറ്റി

വിദേശ വിപണിയില്‍ പ്രിയമുള്ളതും കയറ്റുമതി പ്രാധാന്യമുള്ളതുമായ മറ്റു ചില ഇനങ്ങളാണ് ഗോള്‍ഡന്‍ ടൈംസ്, മേര്‍സിഡസ്, ബെലിന്‍ഡ, റെഡ് സക്സസ്, സോണിയ, മിലാന്‍ഡ, മോണ്‍ട്രിയല്‍ മുതലായവ. 


കമ്പുനട്ടും പതിവച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും റോസ് തൈകള്‍ ഉണ്ടാക്കാം. മികച്ചയിനം റോസുകളെല്ലാം ബഡ് ചെയ്ത് ഉണ്ടാക്കാവുന്നവയാണ്. ഹൈബ്രിഡ് ടീ, ഫ്ളോറി ബന്ത എന്നീ വിഭാഗത്തില്‍പ്പെട്ട ഇനങ്ങളാണ് ബഡ്ഡുചെയ്ത് തൈകളായി ലഭിച്ചുവരുന്നത്. പോളിയാന്ത, മിനിയേച്ചേഴ്സ്, ക്ലൈംബേഴ്സ് എന്നിവയുടെ കമ്പ് മുറിച്ചുനട്ടും പതിവച്ചും തൈകള്‍ ഉണ്ടാക്കാന്‍ കഴിയുന്നു.


മണ്ണും കാലാവസ്ഥയും


നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണു വേണം. റോസ് നടാന്‍ തിരഞ്ഞെടുക്കുന്നത്. ധാരാളം സൂര്യപ്രകാശം ചെടിയില്‍ നേരിട്ടു പതിക്കത്തക്കവിധം സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് റോസ് നട്ടുവളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും റോസ് നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയില്‍ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍ നടുമ്പോള്‍ 5 കിലോഗ്രാം ഉണക്കച്ചാണകം പൊടിച്ചിടേണ്ടതാണ്. 


ചെടികള്‍ നടുമ്പോള്‍ തമ്മില്‍ അകലം ഉണ്ടായിരിക്കണം. ഓരോ ഇനത്തിനും വ്യത്യസ്തമായ അകലം ആണു നല്‍കേണ്ടത്. ഹൈബ്രിഡ് ടീ എന്ന ഇനത്തിനു വരികള്‍ തമ്മില്‍ 2 അടിയും ഫ്ളോറിബന്ത എന്ന ഇനത്തിന് 2.5 അടിയും അകലം നല്‍കണം. തൈ നടുമ്പോള്‍ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ചട്ടിയിലും റോസ് കൃഷി ചെയ്യുന്നു. ചട്ടിയില്‍ തൈ നടുമ്പോള്‍ 30 സെന്‍റിമീറ്റര്‍ വലുപ്പമുള്ള ചട്ടികള്‍ ഉപയോഗിക്കണം. അധികം പടര്‍ന്നു വളരാത്ത ഇനങ്ങള്‍ക്ക് അല്‍പം വലുപ്പം കുറഞ്ഞ ചട്ടികളായാലും മതി. വിവിധ വലുപ്പത്തിലും രീതിയിലും ഉള്ള മണ്‍ചട്ടികളും പ്ലാസ്റ്റിക് ചട്ടികളും സിമന്‍റ് ചട്ടികളും വിപണിയില്‍ ലഭ്യമാണ്. മണ്‍ചട്ടികളാണ് കൂടുതല്‍ അനുയോജ്യം. 


ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങള്‍ ഓടിന്‍ കഷണമുപയോഗിച്ച് മൂടണം. പകരം 5 സെന്‍റീമീറ്റര്‍ കനത്തില്‍ ഉടഞ്ഞ ഓടിന്‍കഷണങ്ങള്‍ നിരത്തിയിട്ടാലും മതി. ചട്ടി നിറയ്ക്കുവാന്‍ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ മതി. ചട്ടിയുടെ വക്കില്‍നിന്നും ഒരിഞ്ചു താഴെ വരെ നിറയ്ക്കണം. 

 

ഇനി തൈ നടാം. നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചശേഷം നന്നായി നനയ്ക്കണം. 


വളപ്രയോഗം


 കുഴികളില്‍ നട്ട ചെടികള്‍ക്ക് ഓരോ വര്‍ഷവും 5 മുതല്‍ 10 വരെ കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ നല്‍കാം. കൂടാതെ ഒരേക്കറിനു 90 കിലോഗ്രാം നൈട്രജന്‍, 60 കിലോഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം. വളം ചേര്‍ക്കുന്നത് കൊമ്പുകോതല്‍ കഴിഞ്ഞും പൂക്കാലത്തിനു ശേഷവും ആയിരിക്കണം.


ചെടിയൊന്നിന് 50 ഗ്രാം വീതം റോസ് മിക്സ്ചര്‍ വാങ്ങി ചുവട്ടില്‍നിന്നു മാറ്റി ചുറ്റുമായി ഇട്ടുകൊടുക്കാം. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണില്‍ ജൈവാംശം പൂര്‍ണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളര്‍ന്നു ചട്ടിയില്‍ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകള്‍ കോതുകയും വേണം. റോസ് മിക്സ്ചര്‍ ചട്ടിയിലും കൂടക്കൂടെ ഇട്ടുകൊടുക്കാം. രാസവളം നല്‍കുമ്പോള്‍ അവ ഇട്ടശേഷം നനയ്ക്കാന്‍ ശ്രദ്ധിക്കണം.


കൊമ്പുകോതല്‍


വര്‍ഷത്തിലൊരിക്കല്‍ കൊമ്പു കോതണം. ഇതു ചെടികള്‍ നന്നായി പുഷ്പിക്കാന്‍ സഹായിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലങ്ങളില്‍ കൊമ്പുകോതല്‍ നടത്താവുന്നതാണ്. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. കൊമ്പുകോതല്‍ നടത്തുവാന്‍ പ്രൂണിംഗ് നൈഫ് ഉപയോഗിക്കുന്നതായിരിക്കും സൗകര്യം. കൊമ്പുകോതല്‍ കഴിഞ്ഞ് ചെടിയില്‍ ഒരടിയോളം പൊക്കമുള്ള നാലോ അഞ്ചോ ശിഖരങ്ങള്‍ മാത്രം നിര്‍ത്തുന്നതാണുത്തമം.
കൊമ്പു കോതിയ കമ്പുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടേണ്ടതാണ്. വേനല്‍ക്കാലത്തു ചെടികള്‍ ദിവസവും നനയ്ക്കേണ്ടതാണ്. 


കീടങ്ങളും രോഗങ്ങളും


റോസില്‍ ധാരാളം കീടങ്ങളും രോഗങ്ങളും കാണാറുണ്ട്.
കീടങ്ങള്‍ - ശല്‍ക്കകീടങ്ങള്‍, ചാഫര്‍ വണ്ടുകള്‍, മൈറ്റുകള്‍ (മണ്ഡരികള്‍), ഇലപ്പേനുകള്‍, ഏഫിഡുകള്‍ എന്നിവയൊക്കെയാണ് റോസിന്‍റെ പ്രധാന കീടങ്ങള്‍. 

  •  ചാഫര്‍ വണ്ട് - ഇവ ചെടിയുടെ ഇളം കമ്പിനേയും പൂമൊട്ടിനേയും വേരിനേയും തുളച്ചു കേടാക്കുന്നു.
  •  ശല്‍ക്കകീടങ്ങള്‍ - ഇളം തണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ട് ഉണങ്ങുന്നു.
  •  ഇലപ്പേനുകള്‍, മണ്ഡരികള്‍ - ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ട് ഉണങ്ങുന്നു. 

 മുകളില്‍ കാണുന്ന കീടങ്ങള്‍ മണ്ഡരി ഒഴിച്ചു ശേഷിക്കുന്ന കീടങ്ങളുടെ ഉപദ്രവം നിയന്ത്രിക്കുവാന്‍ താഴെ കാണുന്ന ഏതെങ്കിലും കീടനാശിനി ഉപയോഗിച്ചാല്‍ മതി.

 മോണോ ക്രോട്ടോഫോസ് - 1.5 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം 
 റോഗര്‍ - 1 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളം
 മണ്ഡരിയെ നിയന്ത്രിക്കാന്‍ 20 ഗ്രാം ഉ്യുറഡാന്‍ തരികള്‍ ചുവട്ടില്‍ ഇട്ടു കൊടുത്താല്‍ മതി. 
 രോഗങ്ങള്‍ - കരിംപൊട്ടു രോഗം, പൊടിപ്പൂപ്പ്, കൊമ്പുണക്കം എന്നിവയാണ് പ്രധാന രോഗങ്ങള്‍. 
 പൊടിപ്പൂപ്പ് നിയന്ത്രിക്കാന്‍ - സള്‍ഫെക്സ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. 
 മറ്റു രണ്ടു രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഡൈത്തേന്‍ എം.-45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി. 

 

വിളവെടുപ്പ്


 നന്നായി പരിപാലിച്ചു വളര്‍ത്തിയ ചെടികള്‍ ആദ്യവര്‍ഷം തന്നെ പുഷ്പിക്കുന്നു. രണ്ടാം വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കും. അതിനുശേഷം പൂക്കളുടെ എണ്ണം കുറയുന്നു. ഒരേക്കര്‍ സ്ഥലത്തു നിന്നും നന്നായി പരിചരണം നടത്തി വളര്‍ത്തിയ ചെടികള്‍ 1.5 ലക്ഷം പൂക്കള്‍ വരെ നല്‍കുന്നു. ദിവസവും 400 മുതല്‍ 500 പൂക്കള്‍.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145074