കമ്പോസിറ്റെ സസ്യകുടുംബത്തിലെ ഒരംഗം. സീനിയ എലിഗന്‍സ് എന്നാണിതിന്‍റെ ശാസ്ത്രനാമം. വളരെ പ്രചാരമുള്ള ഒരു ഹ്രസ്വകാല സസ്യമാണിത്. മഴക്കാലത്തും മഞ്ഞുകാലത്തും വളര്‍ത്താം. നിവര്‍ന്നു വളരുന്നു. 90 സെന്‍റിമീറ്റര്‍ ഉയരം വയ്ക്കാറുണ്ട്. വശങ്ങളില്‍ നിന്നും ശാഖകള്‍ പൊട്ടി അവ നിറയെ പൂക്കളുണ്ടാകുന്നു. 8-10 ആഴ്ച വളര്‍ച്ചയെത്തുമ്പോള്‍ ചെടി പുഷ്പിച്ചു തുടങ്ങും. വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിയുന്നു. ഉണങ്ങിപൊടിഞ്ഞ കാലിവളം തടങ്ങളില്‍ ധാരാളം ചേര്‍ത്തുകൊടുത്താല്‍ വലിപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു. വയലറ്റ്, ഓറഞ്ച്, മഞ്ഞ, ഇളം മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കളാണ് സാധാരണ കണ്ടു വരുന്നത്. മണ്ണില്‍ വളാംശം കുറവാണെങ്കില്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും വിളറിയ പൂക്കള്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്നു. വെയില്‍ ധാരാളം ഈ ചെടിക്ക് ആവശ്യമാണ്. ദിവസവും നനയ്ക്കണം. വിത്തു പാകി പറിച്ചു നട്ടാണ് തടത്തില്‍ വളര്‍ത്തുന്നത്. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെന്‍റിമീറ്റര്‍ അകലം നല്‍കണം. നട്ടു ഒരു മാസം കഴിയുമ്പോള്‍ തണ്ടിന്‍റെ അറ്റം നുള്ളി കളഞ്ഞാല്‍ ധാരാളം ശാഖകള്‍ ഉണ്ടായി അതിലെല്ലാം നിറയെ പൂക്കള്‍ ഉണ്ടാകുന്നു. എല്ലുപൊടിയോ ഗാര്‍ഡന്‍ മിക്സ്ചറോ വല്ലപ്പോഴും നല്‍കുന്നത് ചെടി ആരോഗ്യത്തോടെ വളരാനും ധാരാളം പുഷ്പിക്കുവാനും സഹായിക്കുന്നു. മുറികള്‍ അലങ്കരിക്കുവാന്‍ കട്ഫ്ളവറായും ഉപയോഗിക്കുന്നു. അധിക ദിവസം കേടുകൂടാതെ അവ സൂക്ഷിക്കാവുന്നതാണ്.
www.karshikarangam.com