പ്ലുമേറിയ എന്ന പേരു കേള്‍ക്കാത്തവര്‍ക്കുപോലും ചെമ്പകം, പാലമരം എന്നീ പേരുകള്‍ പരിചിതമാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ പ്ലുമേറിയയുടെ നാടന്‍ വിളിപ്പേരുകളാണിവ.
നമുക്കെല്ലാം കണ്ടുപരിചയമുള്ള ഇലപൊഴിയും പൂമരമാണിത്. നറുമണം പേറുന്ന വെള്ളപ്പൂങ്കുലകളുള്ള ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. കൂടാതെ ചുവപ്പ്, പിങ്ക്, മഞ്ഞ എന്നീ വര്‍ണങ്ങളിലും വര്‍ണമിശ്രിതങ്ങളിലുമായി മുന്നൂറില്‍പരം ഇനങ്ങള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. ഇലകള്‍ കൂട്ടമായി ശിഖരങ്ങളുടെ അഗ്രഭാഗത്തു കാണപ്പെടുന്ന പ്ലുമേറിയയുടെ തണ്ടിന്‍റെ പുറംഭാഗം മിനുസമുള്ളതും ഉരുണ്ടതുമാണ്. പൂക്കളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ബാഷ്പീകരണശേഷിയുള്ള സുഗന്ധതൈലത്തിനു നാരങ്ങയുടെയും കറുവയുടെയും മറ്റും സമ്മിശ്രഗന്ധമാണ്. ഈ തൈലം വ്യാവസായികാടിസ്ഥാനത്തില്‍ സോപ്പുകളിലും സുഗന്ധലേപനങ്ങളിലും മറ്റും സൗരഭ്യം നല്‍കുവാന്‍ ചേര്‍ത്തുവരുന്നു.
ഒരേ ആകൃതിയില്‍ അഞ്ച് ഇതളുകളോടുകൂടിയ പൂക്കള്‍ മനശാസ്ത്ര ചികില്‍സാരീതിയില്‍ മാനസിക പിരിമുറക്കം കുറയ്ക്കുവാന്‍ ഉപയോഗിക്കുന്നുമുണ്ട്. പ്ലുമേറിയയുടെ പൂക്കളെ 'ഫ്ളവര്‍ ഓഫ് പെര്‍ഫെക്ഷന്‍' എന്നാണ് വിശേഷിക്കാറ്. ഇതളുടെ വിന്യാസം തന്നെ ഇതിനു കാരണം. സുഗന്ധപുഷ്പങ്ങള്‍ മുഖ്യമായും ഉപയോഗിച്ചുള്ള 'അരോതെറപ്പി' എന്ന നവീന വൈദ്യശാസ്ത്രശാഖയില്‍ പ്ലുമേറിയയ്ക്ക് പ്രമുഖസ്ഥാനമാണുള്ളത്.
പ്ലുമേറിയയുടെ മൂന്നു വര്‍ഗങ്ങള്‍ക്കാണ് അലങ്കാരവൃക്ഷമെന്ന നിലയില്‍ പ്രാധാന്യം കൈവന്നിരിക്കുന്നത്.
പ്ലുമേറിയ പൂവിടുമ്പോള്‍ ആരംഭിക്കുന്നതിനു വളരെ മുന്‍പുതന്നെ ഇലയിലെ ഞരമ്പുകളുടെ നിറത്തില്‍നിന്ന് പൂക്കളുടെ നിറം തിരിച്ചറിയാം. വെള്ളരാശിയില്‍ ഞരമ്പുള്ളവ വെള്ളയും വെള്ളകലര്‍ന്ന മഞ്ഞ പൂക്കളും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ചുവപ്പുരാശിയുള്ളവ ചുവപ്പും, ചുവപ്പിന്‍റെ വര്‍ണഭേദങ്ങളിലും പിങ്ക് ഞരമ്പുള്ള ഇനം പിങ്ക് പൂക്കളും ഉല്‍പ്പാദിപ്പിക്കും.
നടീല്‍വസ്തു
ഒരു വര്‍ഷമെങ്കിലും മൂപ്പെത്തിയ നേരിയ ചാരനിറമുള്ള പൂവിടാത്ത തണ്ടിന്‍റെ ഒന്നരയടി നീളമുള്ള അഗ്രഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുക. തണ്ടിന്‍റെ മുറിപ്പാട് ഉണങ്ങുന്നതിനായി മൂന്നാഴ്ചക്കാലം തണലത്ത് കുത്തിച്ചാരി സൂക്ഷിക്കണം. ഈ സമയത്ത് മൂപ്പെത്തിയ ഇലകള്‍ കൊഴിഞ്ഞുപോയില്ലെങ്കില്‍ നീക്കം ചെയ്യുന്നത് നന്നായിരിക്കും. ഇതിനുശേഷം നടാനെടുക്കാം.
പ്ലുമേറിയയുടെ ചില സങ്കരയിനങ്ങള്‍ക്കു പതിവയ്ക്കല്‍ രീതിവഴി മാത്രമേ തൈയുണ്ടാക്കാന്‍ സാധിക്കൂ. ഇതിനായി മൂപ്പെത്തിയ തണ്ടിന്‍റെ അഗ്രഭാഗത്തുനിന്ന് ഒന്നര അടി താഴ്ത്തി ഒരിഞ്ചു വീതിയില്‍ ഒരു വളത്തിന്‍റെ ആകൃതിയില്‍ തൊലി നീക്കം ചെയ്യണം. ഈ ഭാഗം നനവ് ഏല്‍ക്കാതെ 2-3 ആഴ്ചക്കാലം സംരക്ഷിക്കുക. തൊലി നീക്കം ചെയ്തതിന്‍റെ മുകളിലെ മുറിഭാഗം ഈ സമയംകൊണ്ട് വീര്‍ത്തുവരുന്നതായി കാണാം. അവിടെ കുതിര്‍ത്ത ചകിരിയും ചുവന്ന മണ്ണും ഒരേ അളവില്‍ എടുത്തത് പ്ലാസ്റ്റിക് ഉപയോഗിച്ചു ചുറ്റി പൊതിഞ്ഞുവയ്ക്കണം. ഒരു മാസം കഴിഞ്ഞാല്‍ നേര്‍ത്ത വേരുകള്‍ മണ്ണിനു പുറത്തേക്കു വരുവാന്‍ തുടങ്ങും. വേരുകള്‍ കണ്ടു തുടങ്ങിയാല്‍ അഗ്രഭാഗം ഉള്‍പ്പെടെ തണ്ടു മുറിച്ചെടുത്ത് നടീല്‍വസ്തുവായി ഉപയോഗിക്കാം.
വളരെ അപൂര്‍വമായി മാത്രമെ പ്ലുമേറിയയില്‍ കായ്കളും വിത്തും ഉണ്ടാകാറുള്ളൂ. പൂവിന്‍റെ താഴെഭാഗം നേര്‍ത്ത കുഴല്‍ ആകൃതിയില്‍ ആയതുകൊണ്ട് സ്വാഭാവികമായി പരാഗണം നടക്കാറില്ല. കൃത്രിമ രീതിയില്‍ പരാഗണം നടത്തിയാല്‍ കാളക്കൊമ്പിന്‍റെ ആകൃതിയില്‍ നീണ്ടുവളഞ്ഞ രണ്ടു കായ്കള്‍ ഒരു തണ്ടില്‍ത്തന്നെ ഉണ്ടാകും. ഇവ വിളഞ്ഞു പാകമായാല്‍ നീളത്തില്‍ നേര്‍ത്ത് ഒരറ്റത്ത് വീതിയുള്ള ചിറകുമായി ധാരാളം വിത്തുകള്‍ കാണാനാവും. മൂപ്പെത്തിയ വിത്തും നടീല്‍ വസ്തുവായി പ്രയോജനപ്പെടുത്താം. കമ്പ് കുത്തി നിര്‍ത്തുന്ന രീതിയില്‍ കുതിര്‍ത്ത ആറ്റുമണലില്‍ വിത്തിന്‍റെ ചിറകുഭാഗം മുകളില്‍ ലംബമായി വരുന്ന വിധത്തില്‍ നടാം. നേരിയ രീതിയില്‍ തുള്ളിനന ദിവസവും നല്‍കിയാല്‍ രണ്ടാഴ്ചയ്ക്കകം വിത്തു മുളച്ച് തൈ ആകും. സാവധാനത്തില്‍ വളരുന്ന തൈ മൂപ്പെത്തി പൂവിടുവാന്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരും. വിത്തു നട്ടാണ് സങ്കരയിനങ്ങള്‍ സാധാരണയായി ഉണ്ടാക്കുന്നത്. ഇവയ്ക്കു തായ്വേരുള്ളതിനാല്‍ മണ്ണില്‍ ഉറച്ചു നില്‍ക്കും.
ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പ്ലുമേറിയ നട്ടുവളര്‍ത്താന്‍ യോജിച്ചത്. ചട്ടിയില്‍ വളര്‍ത്തുന്നതിനെക്കാള്‍ നിലത്തു വളര്‍ത്തുന്നതിനാണിതു യോജിച്ചത്. ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് ചുവന്ന മണ്ണും കംപോസ്റ്റും 3:1 എന്ന അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച് അതിലേക്കു നടീല്‍ വസ്തു മൂന്നിഞ്ചോളം ഇറക്കിവച്ച് ഉറപ്പിച്ചു താങ്ങുകൊടുത്തു ബലപ്പെടുത്തണം. പ്രാരംഭദശയില്‍ നേരിയ തോതില്‍ നന മതിയാകും. നടീല്‍വസ്തുവില്‍നിന്നു പുതിയ നാമ്പും ഇലകളും ഉണ്ടാകുവാന്‍ ഒരു മാസം വരെ കാലതാമസമെടുക്കാറുണ്ട്. ഒബ്ട്യൂസ വര്‍ഗത്തിലെ കുള്ളന്‍ ഇനങ്ങളായ വൈറ്റ്, വിന്‍റ്മീല്‍ എന്നിവ ഒന്നരയടി വലിപ്പമുള്ള വാര്‍ക്കച്ചട്ടിയിലും നട്ടുവളര്‍ത്താം. മുമ്പു പറഞ്ഞ നടീല്‍ മിശ്രിതം തന്നെ ചട്ടി നിറയ്ക്കുവാന്‍ ഉപയോഗിക്കുക. വിത്തുവഴി വളര്‍ത്തിയെടുത്ത തൈ ഒരടി ഉയരമായാല്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്.
കൃഷിരീതി
നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പ്ലുമേറിയയ്ക്കു യോജിച്ചത്. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നില്ലെങ്കില്‍ തണ്ടിനു നീളം വച്ചു വലിയ ഇലകളുമായി പൂവിടാവൃക്ഷമായി മാറും.
ചെടിയുടെ വളര്‍ച്ചയുടെ പ്രാരംഭദശയില്‍ രാസവളമായി യൂറിയ നല്‍കുന്നത് ആരോഗ്യമുള്ള തണ്ടും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. പില്‍ക്കാലത്ത് 18:18:18 മതിയാകും. പൂവിട്ടുതുടങ്ങിയാല്‍ നൈട്രജന്‍ കുറവുള്ളതും ഫോസ്ഫറസ്സും പൊട്ടാസ്യവും അധികമുള്ളതുമായ എന്‍.പി.കെ നല്‍കാവുന്നതാണ്. പൊട്ടാസ്യംവും സൂക്ഷ്മരാസവളങ്ങളും അടങ്ങിയ മിശ്രിതം നേരിയ തോതില്‍ നല്‍കുന്നത് കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കും. ജൈവവളമായി കമ്പോസ്റ്റും നല്‍കാവുന്നതാണ്.
ഒരു പരിധിവരെ വരണ്ട പരിതസ്ഥിതിയില്‍ വളരുവാന്‍ യോജിച്ച വ്യക്തമാണിത്. അതുകൊണ്ടുതന്നെ നന വളരെ മിതമായി മതിയാകും. വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുക. മഴക്കാലത്തു നന പൂര്‍ണമായി ഒഴിവാക്കുകയും ചെടിക്കുചുറ്റും നല്ല നീര്‍വാര്‍ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മിശ്രിതത്തിലെ ജലാംശം അധികമായാല്‍ വേരുചീയലിനു സാധ്യത കൂടും. അതുപോലെ ഇല വളര്‍ച്ച കൂടുകയും ചെയ്യും.
പലവട്ടം പൂവിടുമെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂക്കള്‍ അധികവും. രണ്ടാഴ്ചവരെ വാടാതെ ചെടിയില്‍ നില്‍ക്കും. പൂവിട്ടുതീര്‍ന്ന തണ്ടു കൊഴിയുമ്പോള്‍ അവിടെ നിന്നു പുതിയ ശിഖരവും അതില്‍ പൂക്കളും ഉണ്ടാകും. കുറുകിയ, ധാരാളം ശിഖരങ്ങളുള്ള ഇനങ്ങള്‍ കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുന്നവയാണ്. സങ്കരയിനങ്ങള്‍ക്ക് ഒരു തണ്ടില്‍നിന്ന് 15 ശിഖരങ്ങള്‍ വരെ ഉല്‍പാദിപ്പിക്കാനാവും. ഇലപൊഴിയുന്ന സമയത്ത് നനയും വളപ്രയോഗവും നന്നായി കുറയ്ക്കണം. ഈ അലങ്കാരവൃക്ഷം പ്രകൃത്യാ ഉയരത്തില്‍ വളരാതെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്വഭാവമുള്ളതുകൊണ്ട് വളര്‍ച്ചയുടെ ഒരവസ്ഥയിലും കൊമ്പുകോതല്‍ ആവശ്യമില്ല.
രോഗകീടങ്ങള്‍
നടീല്‍ മിശ്രിതത്തില്‍ അധിക ജലാശം നിന്നാല്‍ വേരുചീയല്‍ രോഗം വരാം. നന കുറയ്ക്കുന്നത് ഇതിനു പ്രതിവിധിയാണ്. ചീയല്‍രോഗം കണ്ടുതുടങ്ങിയാല്‍ ചെടി മണ്ണില്‍നിന്ന് ഉയര്‍ത്തിയെടുത്ത് കേടുവന്നവേരും തണ്ടും മുറിച്ചു നീക്കം ചെയ്യുക. മുറിഭാഗം കുമിള്‍നാശിനി ഉപയോഗിച്ചു കഴുകി തണലത്തു വച്ച് 2-3 ആഴ്ചക്കാലം സൂക്ഷിക്കുക. പിന്നീട് നടുവാനായി ഉപയോഗിക്കാം.
ഇലയുടെ അടിഭാഗത്ത് തണ്ടിനോടു ചേര്‍ന്നു വെള്ളച്ചോക്കുപൊടിപോലെ ചെറുപ്രാണികള്‍ കൂട്ടമായി താവളമടിച്ച് ഇലപൊഴിയല്‍ രോഗം വരുത്താറുണ്ട്. ഏതെങ്കിലും കീടനാശിനി ഇലയുടെ താഴെ ഭാഗത്തു തളിച്ചു കീടബാധ തടയാം.
www.karshikarangam.com