കഴിഞ്ഞ ഒരു ദശാബ്ദകാലത്തിനുള്ളില്‍ വളരെയധികം പ്രചാരം ലഭിച്ച ഒരു കൃഷിയാണ് കുറ്റിമുല്ല. അത്യന്തം ഭംഗിയും വേണ്ടുവോളം സൗരഭ്യവുമുള്ള മുല്ലപ്പൂവ് ആരാധനാവശ്യങ്ങള്‍ക്കും ഹാരം നിര്‍മ്മിക്കുവാനും ധാരാളമായി ഉപയോഗിച്ചുവരുന്നു. അതിനുമുപരിയായി വനിതകള്‍ മുടിയില്‍ തിരുകി വയ്ക്കുവാന്‍ എവിടെ കണ്ടാലും വാങ്ങാറുണ്ട്. മുല്ലയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സുഗന്ധതൈലത്തിനു വിപണിയില്‍ വളരെയധികം ഡിമാന്‍റുണ്ട്. സുഗന്ധദ്രവ്യങ്ങള്‍, വാസനസോപ്പ്, ഔഷധങ്ങള്‍ മുതലായവയുടെ നിര്‍മ്മാണത്തിനു ധാരാളമായി ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ മുല്ലപ്പൂവ് എത്തുന്നത് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നിന്നും സേലത്തുനിന്നും ആണ്. വ്യാവസായികമായി കൃഷി തുടങ്ങാന്‍ വളരെയധികം സാദ്ധ്യത കേരളത്തിലുള്ള ഒരു വിളയാണിത്.
ഇനങ്ങള്‍
മുല്ല പലതരമുണ്ട്. കൂടുതലും വള്ളിച്ചെടികളാണ്. എന്നാല്‍ കുറ്റിമുല്ല ഒരു കുറ്റിച്ചെടിയാണ്. ജാസ്മിനംസാംബക്, ജാസ്മിനംഗ്രാന്‍റി ഫ്ളോറം, ജാസ്മിനംഗ്രാന്‍റിഫ്ളോറം, ജാസ്മിനം ആറിക്കുലേറ്റം എന്നീ മൂന്നു സ്പീഷീസുകളാണ് കൂടുതല്‍ പ്രചാരം. ജാസ്മിനം ആറിക്കുലേറ്റം എന്ന വിഭാഗത്തില്‍ പെട്ടതാണു കുറ്റിമുല്ല. ഇതിന്‍റെ പ്രധാന ഇനങ്ങള്‍ സി.ഓ-1 മുല്ല, സി.ഓ-2 മുല്ല, ലോംഗ് പോയിന്‍റ്, ലോംഗ്റൗണ്ട്, ഷോര്‍ട്ട് പോയിന്‍റ്, ഷോര്‍ട്ട് റൗണ്ട്, പാരിമുല്ല എന്നിവയാണ്.
മണ്ണും കാലാവസ്ഥയും
കേരളത്തിലെ കാലാവസ്ഥ മുല്ലകൃഷിക്കു വളരെയധികം അനുയോജ്യമാണ്. വളരെ പണ്ടുമുതല്‍ കേരളത്തിലെ മണല്‍ പ്രദേശങ്ങളില്‍ മുല്ല കൃഷിചെയ്തുവരുന്നു. ധാരാളം വെയില്‍ ലഭിക്കുന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഇതിന്‍റെ കൃഷിക്കുയോജിച്ചത്. നമ്മുടെ തീരപ്രദേശങ്ങള്‍ കുറ്റിമുല്ല കൃഷിചെയ്യുവാന്‍ ഏറ്റവും പറ്റിയതാണ്.
പ്രജനനം
കമ്പുമുറിച്ചു നട്ടും പതിവച്ചും കുറ്റിമുല്ലയുടെ പ്രജനനം നടത്തുന്നു. കമ്പു വേരുപിടിപ്പിക്കുവാന്‍ മണലില്‍ നടുന്നതാണു ഉത്തമം. സെറാഡിക്സ് എന്ന കെമിക്കല്‍ പുരട്ടി നട്ടാല്‍ പെട്ടെന്നു വേരു പിടിച്ചു കിട്ടും. പതിവെച്ചും തൈകള്‍ ഉല്‍പാദിപ്പിക്കാം.
കൃഷിരീതി
ചട്ടികളിലും തടങ്ങളിലും കുറ്റിമുല്ല വളര്‍ത്താന്‍ കഴിയുന്നതാണ്. നല്ലവണ്ണം ഉഴുതോ കിളച്ചോ തയ്യാറാക്കിയ നിലത്ത് 30-45 സെ.മീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴികള്‍ തയ്യാറാക്കി അവ മേല്‍മണ്ണും 15 കി.ഗ്രാം ഉണക്കി പൊടിച്ച ചാണകവും കൂടി കലര്‍ത്തി നിറച്ച് അതില്‍ വേരു പിടിപ്പിച്ച തൈകള്‍ നടാം. ചട്ടിയിലാണു നടുന്നതെങ്കില്‍ മുകളില്‍ പറഞ്ഞപോലെ ചാണകപൊടിയും മേല്‍മണ്ണും കൂടികലര്‍ത്തി നിറയ്ക്കണം. ചാണകത്തിനു പകരം കമ്പോസ്റ്റും ഉപയോഗിക്കാവുന്നതാണ്. തൈ നടുമ്പോള്‍ 15 സെ.മീറ്റര്‍ താഴ്ത്തി വേണം നടാന്‍. കുഴികളില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 1.2 മീറ്റര്‍ അകലം കൊടുക്കണം. ചട്ടികള്‍ വേണമെങ്കില്‍ ടെറസ്സിലും വച്ചു വളര്‍ത്താം.
നനയ്ക്കല്‍
മഴയില്ലെങ്കില്‍ ചെടികള്‍ ദിവസവും നനയ്ക്കണം. മതിയായ അളവിലുള്ള ജലസേചനം ചെടികള്‍ നന്നായി പുഷ്പിക്കുവാന്‍ ആവശ്യമാണ്. നട്ടുകഴിഞ്ഞ് കുറച്ചുദിവസത്തേയ്ക്ക് കാലത്തും വൈകിട്ടും നനയ്ക്കുന്നതു നല്ലതാണ്. പിന്നീട് ദിവസം ഒരു തവണയായി കുറയ്ക്കാവുന്നതാണ്.
കമ്പുകോതല്‍
കമ്പുകോതല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചെടിയുടെ വളര്‍ച്ചയും ഉയരവും ക്രമീകരിക്കുന്നതിനും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നതിനും ഇതു ഒഴിവാക്കാന്‍ പാടില്ലാത്ത പ്രക്രിയയാണ്. എല്ലാവര്‍ഷവും ചെടികളുടെ കമ്പുകള്‍ മുറിച്ചുമാറ്റണം. അല്ലെങ്കില്‍ മുല്ല പൂക്കാറില്ല. ഡിസംബര്‍-ജനുവരി മാസങ്ങളാണു ഇതിനു ഏറ്റവും യോജിച്ച സമയം. ചെടിയുടെ അടിയില്‍ നിന്നു 45 സെ.മീറ്റര്‍ ഉയരം നല്‍കി ശാഖകള്‍ വെട്ടി മാറ്റണം. മുറിവുകളില്‍ ഏതെങ്കിലുമൊരു കുമിള്‍നാശിനി പുരട്ടണം. മുല്ലയില്‍ കമ്പുമുറിച്ചശേഷം 2 മാസം പൂക്കള്‍ ഉണ്ടാകുന്നില്ല.
സസ്യസംരക്ഷണം
തണ്ടു തുരപ്പന്‍പുഴു, മൊട്ടുതുരപ്പന്‍ എന്നിവയാണു പ്രധാന കീടങ്ങള്‍. ആദ്യത്തേതു കാര്‍ബറില്‍ എന്ന കീടനാശിനി 3-4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി. മൊട്ടുതുരപ്പന്‍റെ ഉപദ്രവം കാണുന്നപക്ഷം മാലത്തിയോണ്‍ 2 മി.ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം.
ഇലചീയല്‍, വാട്ടം തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഏതെങ്കിലും കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിച്ചാല്‍ മതിയാകുന്നതാണ്.
വിളവെടുപ്പ്
ഒരു ഹെക്റ്ററില്‍ നിന്നും വര്‍ഷംതോറും 5 ടണ്‍ വീതം പൂക്കള്‍ ലഭിക്കുന്നതാണ്. കുറ്റിമുല്ലയുടെ പൂക്കള്‍ ഇറുക്കുന്നത് വൈകുന്നേരമാണ്. 10 മുതല്‍ 15 വര്‍ഷംവരെ മുല്ലച്ചെടികള്‍ സംരക്ഷിച്ചു വളര്‍ത്താവുന്നതാണ്.
www.karshikarangam.com