ഓര്‍ക്കിഡ്


 

ദീര്‍ഘകാലം വാടാതെ സൂക്ഷിക്കാവുന്നവയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ നല്ല വില ലഭിക്കുന്നതുമായ പൂക്കളാണ് ഓര്‍ക്കിഡ്. ഭൂരിപക്ഷം ഓര്‍ക്കിഡുകളും ഉഷ്ണമേഖലയില്‍ വളരുന്നവയാണ്. കേരളത്തില്‍ കട്ഫ്ളവര്‍ വ്യവസായത്തില്‍ വന്‍ സാദ്ധ്യതയാണുള്ളത്. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് കൃഷിക്ക് വളരെയധികം യോജിച്ചിരിക്കുന്നു. വര്‍ഷം തോറും ലഭിക്കുന്ന മഴയാണ് ഒരു ഘടകം. വര്‍ഷത്തില്‍ 300 സെന്‍റീമീറ്ററോളം മഴ കേരളത്തില്‍ ലഭിക്കുന്നു. അന്തരീക്ഷത്തിലെ ആര്‍ദ്രതയാണ് മറ്റൊരു ഘടകം. 50 ശതമാനത്തിനും 70 ശതമാനത്തിനും ഇടയ്ക്കുള്ള ആര്‍ദ്രതയാണ് ഓര്‍ക്കിഡ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ 60% നും 80% നും ഇടയ്ക്കുള്ള ആര്‍ദ്രത ലഭിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള തീരപ്രദേശമാണ് മറ്റൊരു ഘടകം. അതിനാല്‍ അധികം ചൂടു ഒരിക്കലും ഇവിടെ അനുഭവപ്പെടുന്നില്ല. 

 

ഓര്‍ക്കിഡില്‍ 800-ല്‍ പരം ജനുസ്സുകളും മുപ്പത്തയ്യായിരത്തോളം സ്പീഷീസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനും പുറമേ ഒരു ലക്ഷത്തില്‍പരം സങ്കരഇനങ്ങളും പ്രചാരത്തില്‍ വന്നു കഴിഞ്ഞു.

 

ഓര്‍ക്കിഡ് ഒരു വലിയ കൂട്ടു കുടുംബമാണ്. ഇതില്‍ ധാരാളം വര്‍ഗ്ഗങ്ങളും ഉപവര്‍ഗ്ഗങ്ങളുമുണ്ട്. വളര്‍ച്ചാരീതി, ആകൃതി, വലിപ്പം, നിറം എന്നിവയില്‍ ഓര്‍ക്കിഡുകള്‍ ഓരോന്നും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അവയ്ക്കെല്ലാം പൊതുവേ ചില സ്വഭാവ വിശേഷങ്ങള്‍ ഉള്ളതിനാല്‍ മറ്റു ചെടികളില്‍ നിന്നു തിരിച്ചറിയാന്‍ കഴിയുന്നു. ഓര്‍ക്കിഡ് ഓര്‍ക്കിഡേസ്യേ കുടുംബത്തിലെ ഒരംഗമാണ്. 

 

ഓര്‍ക്കിഡുകള്‍ വളരുന്ന സാഹചര്യത്തിനനുസരണമായി വ്യത്യസ്ഥമായ സ്വഭാവം ചെടിയില്‍ കാണുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഓര്‍ക്കിഡുകളെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്നും തറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ ടെറസ്ട്രിയല്‍ ഓര്‍ക്കിഡുകള്‍ എന്നും പറയുന്നു. ഡെന്‍ഡ്രോബിയം, വാണ്ട, ഓണ്‍സീഡിയം, ഫലനോപ്സിസ് മുതലായ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളും സ്പോത്തോഗ്ലോട്ടിസ്, ഫെയിസ്, പാഫിയോപീഡുലം മുതലായവ ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകളുമാണ്. എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളുടെ ഇലകള്‍ തുകല്‍ പോലുള്ളവയും മാംസളവുമായിരിക്കും. മരങ്ങളില്‍ നിന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വേരുകള്‍ വെലമന്‍ റ്റിഷ്യു കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇവ അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പവും ധാതു ലവണങ്ങളും വലിച്ചെടുക്കുന്നു. മണ്ണില്‍ വളരുന്ന ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകള്‍ക്ക് വീര്‍ത്ത ഒരിനം ഭൂകാണ്ഡങ്ങള്‍ അഥവാ പ്രകന്ദം കാണുന്നു. ഉണക്കു കാലത്തു ഉപയോഗിക്കുവാന്‍ ജലവും ആഹാരവും സംഭരിച്ചു വയ്ക്കുവാന്‍ ഇവ ഉപയോഗിക്കുന്നു. 

 

കായിക ഘടനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിഭജനം കാണുന്നു. ഒരേ ദിശയില്‍ തുടര്‍ച്ചയായി വളരുകയും തണ്ട് അനിശ്ചിതമായി നീളുകയും തണ്ടിന്‍റെ എല്ലാഭാഗത്തും അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന വായു മൂലങ്ങള്‍ കാണുകയും ഇലയുടെ കക്ഷത്തു നിന്നോ ഇലയുടെ എതിര്‍വശത്തു നിന്നോ പൂങ്കുലകള്‍ ഉണ്ടാകുകയും ചെയ്യുന്ന വിഭാഗത്തെ മോണോപോഡിയല്‍സ് എന്നു വിളിക്കുന്നു. 

 

രണ്ടാമത്തെ വിഭാഗത്തില്‍ പ്രധാന അക്ഷം ഒരു സീസണ്‍ കഴിയുമ്പോള്‍ വളര്‍ച്ച അവസാനിപ്പിക്കുകയും അടുത്ത സീസണ്‍ ആകുമ്പോഴത്തേയ്ക്ക് ഒരു പാര്‍ശ്വമുകുളം വളര്‍ന്നു വരുകയും ചെയ്യുന്നു. ഇവയെ സിംപോഡിയല്‍സ് എന്നു പറയുന്നു. മോണോ പോഡിയല്‍ വിഭാഗത്തില്‍ ചെടികളുടെ തണ്ടിന് എന്തെങ്കിലും കേടു പറ്റുകയോ മുറിഞ്ഞു പോകുകയോ ചെയ്താല്‍ ഇതിനു കീഴ്ഭാഗത്തുള്ള ഇല ഇടുക്കില്‍ നിന്നും പുതിയ മുള കിളിച്ചു വരുന്നു. ഇതു വളര്‍ന്ന് പുതിയ ചെടിയായിത്തീരുന്നു. വാണ്ട, അരാക്കനിസ്, അരാണ്ട, ഫലനോപ്സിസ് മുതലായവ മോണോപോഡിയല്‍സും ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഓണ്‍സീസിയം മുതലായവ സിംപോഡിയല്‍സുമാണ്. 

 

ഓര്‍ക്കിഡുകള്‍ ഏതിനത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുവാന്‍ വളരെയധികം സഹായിക്കുന്നത് അവയുടെ പുഷ്പങ്ങളുടെ ഘടനയാണ്. ഓരോ പൂവിനും 3 സെപ്പലുകള്‍ അഥവാ ബാഹ്യദളങ്ങളും 3 പെറ്റളുകള്‍ അഥവാ ദളങ്ങളും കാണുന്നു. ബാഹ്യദളങ്ങളില്‍ ഒന്ന് ചില സന്ദര്‍ഭങ്ങളില്‍ വലിപ്പത്തില്‍ വലുതും മറ്റ് രണ്ടും ചെറുതുമായിരിക്കും. ദളങ്ങളില്‍ പിന്നിലുള്ള ഒരെണ്ണം രൂപാന്തരപ്പെട്ട് വളര്‍ന്ന് വലുതും മനോഹരമായ നിറത്തോടും കാണപ്പെടുന്നു. ലേബലം അഥവാ ലിപ് എന്ന് ഇതിനെ അറിയപ്പെടുന്നു. പുഷ്പാധരം എന്നും പറയാറുണ്ട്. ലിപ് പല രൂപത്തിലും കാണുന്നു. സഞ്ചി പോലെയും സ്ലിപ്പര്‍ പോലെയും ഫണല്‍ പോലെയും ട്യൂബ് പോലെയും കാണുന്നു. ലിപ്പിന്‍റെ രൂപവും നിറവും നല്ലപോലെ പരിശോധിച്ചു പ്രസ്തുത പുഷ്പം ഏതിനത്തില്‍പെടുന്നു എന്നു നിശ്ചയിക്കാന്‍ കഴിയും. ഓര്‍ക്കിഡിന്‍റെ മറ്റൊരു സവിശേഷത കേസരങ്ങളുടെ എണ്ണം കുറവായിരിക്കുന്നതിനുപരി ജനിയുമായി സംയോജിച്ച് കാളം അഥവാ നാളി  എന്ന അവയവമായി രൂപാന്തരം പ്രാപിക്കുന്നു എന്നതാണ്. 

 

മോണോപോഡിയല്‍ ഇനങ്ങളില്‍ കേരളത്തില്‍ പ്രചാരമുള്ളത് അരാക്കനിസ്, വാണ്ട, അരാണ്ട, റെനാന്ത്ര,  അരാന്ത്ര മുതലായവയാണ്. അരാക്കനിസിന്‍റെ പൂവിനു ചിലന്തി, തേള്‍ എന്നിവയോടു സാദൃശ്യമുണ്ട്. ഇതിന്‍റെ പൂങ്കുലയ്ക്കു ഒരു മീറ്ററോളം നീളം വയ്ക്കും. ഇതിന്‍റെ പൂവിതളുകളില്‍ മഞ്ഞ വരെയുള്ളവയെ യെല്ലോറിബണെന്നും ചുവന്ന വരയുള്ളവയെ റെഡ്റിബണെന്നും അറിയപ്പെടുന്നു. വലിയ പൂക്കളുള്ള മറ്റൊരിനമാണ് കപ്പാമ. സുമാത്ര, ഇസ്ബെല്ല എന്നീ ഇനങ്ങളും കേരളത്തില്‍ കണ്ടുവരുന്നുണ്ട്.

 

ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് വാണ്ട ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാണ്. ഇവയില്‍ത്തന്നെ പരന്ന ഇലകളുള്ളവയും ഉരുളന്‍ ഇലകളുള്ളവയുമുണ്ട്. ഉരുളന്‍ ഇലകളുള്ളവയെ ടെറേറ്റ് വാണ്ടയെന്നും പരന്ന ഇലയുള്ളവയെ സ്റ്റ്രാപ്പ് ലീവിഡ് വാണ്ട വാച്ചിന്‍റെ സ്റ്റ്രാപ്പ് പോലെയും കാണുന്നു. ടെറേറ്റ് വാണ്ടയില്‍ പ്രചാരമുള്ള രണ്ടിനങ്ങളാണ് പോപ് ഡയാനയും മിസ് ജവാക്വവും. പോപ് ഡയാനയില്‍ വെള്ള പൂവും മിസ് ജവാക്വത്തില്‍ വയലറ്റ് പൂക്കളും ഉണ്ടാകുന്നു. ടെറേറ്റ് വാണ്ടയും സ്റ്റ്രാപ് ലീവ്ഡ് വാണ്ടയും തമ്മില്‍ സങ്കലനം ചെയ്തു കിട്ടിയ സെമിടെറേറ്റ് വാണ്ടയില്‍ പ്രചാരമുള്ള ഇനങ്ങളാണ് ജോണ്‍ ക്ലബ്ബും ജോസഫൈന്‍ വാന്‍ ബ്രോയും. സെമിടെറേറ്റ് വാണ്ടയും സ്റ്റ്രാപ് ലീവ്ഡ് വാണ്ടയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയതാണ് ക്വാര്‍ട്ടര്‍ ടെറേറ്റ് വാണ്ട. റ്റി.എം.എ. എന്ന ഇനം ഈ വിഭാഗത്തില്‍പ്പെടുന്നു. 

 

അരാക്കനിസും വാണ്ടയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയ ബൈജനറിക് ഓര്‍ക്കിഡാണ് അരാണ്ട. അരാണ്ടയിലെ പല ഇനങ്ങളും കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളവയാണ്. നൂറാ അള്‍സ്ഗോഫ്, ക്രിസ്റ്റീന്‍, ലൂസിലേകോക്ക്, മജൂള, ഗോള്‍ഡന്‍ സാന്‍ഡ്, പീറ്റര്‍ എവര്‍ട്ട് എന്നീ ഇനങ്ങളെല്ലാം അരാണ്ട വിഭാഗത്തില്‍ പെടുന്നവയാണ്. 

 

അരാക്കനിസും റെനാന്ത്രയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയ ബൈജനറിക് ഓര്‍ക്കിഡാണ് അരാന്ത്ര. അരാന്ത്രയിലെ പൂക്കള്‍ക്കു കടുംചുവപ്പു നിറമാണ്. കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള ആനിബ്ലാക്ക് ഈ വിഭാഗത്തില്‍പ്പെടുന്നു. ജയിംസ് സ്റ്റോറി, മുഹമ്മദ് ഹനീഫ്, ബിയാട്രീസ് എന്നീ ഇനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

 

അരാക്കനിസും ആസ്കോസെന്‍ട്രവും വാണ്ടയും തമ്മിലുള്ള സങ്കരമാണ് മൊക്കാറ. ഇതു ഒരു ട്രൈജനറിക് ഓര്‍ക്കിഡ് ആണ്. ബിബി, ചാര്‍ക്വാന്‍, വാള്‍ട്ടര്‍ ഒമെ, മാക്ചിന്‍ ഓണ്‍ എന്നീ ഇനങ്ങള്‍ ഈ വിഭാഗത്തില്‍പെടുന്നു. മൊക്കാറയും കേരളത്തില്‍ വളരെ പ്രചാരമുള്ള ഇനമാണ്.

 

സിംപോഡിയല്‍ വിഭാഗത്തിലെ ചെടികള്‍ക്കു ഒന്നിലധികം തണ്ടുകള്‍ ഉണ്ടാകുമെന്നതിനു പുറമേ ചില ഇനങ്ങളുടെ ചുവട്ടില്‍ കിഴങ്ങുപോലെ മുഴച്ച കാണ്ഡം ഉണ്ടായിരിക്കുന്നതാണ്. ഇതിനെ കപടകന്ദം എന്നു പറയുന്നു. ഇവ ഇഞ്ചി പോലെയോ ചൂരല്‍ പോലെയോ ഗോളാകൃതിയിലോ കാണപ്പെടുന്നു. കപടകന്ദം ഡെന്‍ഡ്രോബിയത്തില്‍ ചൂരല്‍ പോലെയും ഓണ്‍സീഡിയത്തില്‍ ഗോളാകൃതിയിലും കാറ്റ്ലിയായുടേത് ഇഞ്ചിപോലെയും കാണുന്നു. ഈ തടിച്ച ഭാഗം ആഹാരവും വെള്ളവും സംഭരിച്ചു വെയ്ക്കുന്നു. 

 

സിംപോഡിയല്‍ വിഭാഗത്തില്‍ ഏറ്റവും പ്രചാരമുള്ളതു ഡെന്‍ഡ്രോബിയം, ഓണ്‍സീഡിയം, കാറ്റ്ലിയ എന്നീ മൂന്നു ഇനങ്ങളാണ്. ഡെന്‍ഡ്രോബിയത്തില്‍ ഡെന്‍ഡ്രോബിയം നൊബൈല്‍ എന്നും ഫലനോപ്സിസ് എന്നും രണ്ടു ഇനങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം. നൊബൈല്‍ ടൈപ്പുകള്‍ കൂടുതല്‍ തണുപ്പ് ഇഷ്ടപ്പെടുന്നതിനാല്‍ തണുപ്പു രാജ്യങ്ങളിലാണ് കാണുന്നത്. ഡെന്‍ഡ്രോബിയം ചെടിയുടെ സ്വഭാവത്തിന്‍റേയും പൂവിന്‍റെ ആകൃതിയുടേയും അടിസ്ഥാനത്തില്‍ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഫലനോപ്സിസ്-ന്‍റെ പൂക്കള്‍ പോലെ വലിപ്പമേറിയതും വൃത്താകൃതിയിലുള്ളതും പരന്നതുമായ പൂക്കള്‍ തരുന്നവ, നക്ഷത്രങ്ങളുടെ രൂപത്തിലുള്ളവ, പൂക്കളിലെ ദളങ്ങളുടെ അഗ്രം പിരിഞ്ഞു കാണുന്ന ട്വിസ്റ്ററ്റ് ടൈപ്പ്, ഇതിന്‍റെയെല്ലാം മദ്ധ്യസ്വഭാവമുള്ള ഇന്‍റര്‍മീഡിയറ്റ് ടൈപ്പ് എന്നിവയാണ് അവ. ഇതില്‍ ഫലനോപ്സിസ് ടൈപ്പിലുള്ള പൂക്കള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ഡിമാന്‍റ്. മാഡം പോംപഡോര്‍, തായ്ലണ്ട് വൈറ്റ്, സബീന്‍, മാഡംഉഡംശ്രീ, എക്കപോള്‍ പാണ്ഡം മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. 

 

ഓണ്‍സീഡിയത്തിലാകട്ടെ നൂറില്‍പരം പൂക്കള്‍ നല്‍കാന്‍ കഴിയുന്ന മഞ്ഞ പൂക്കളുള്ള പൂങ്കുലകള്‍ ലഭിക്കുന്നു. ഗോള്‍ഡന്‍ ഷവറെന്നും ഡാന്‍സിംഗ് ഗേള്‍ എന്നും ഇതിനു പേരുണ്ട്. ചട്ടിയിലും തടി ബാസ്ക്കറ്റിനുള്ളിലും തൊണ്ടിനുള്ളിലും ഇതു അനായാസേന വളര്‍ത്താന്‍ കഴിയും. റാംസേഗോവര്‍, ടാക്കാ, അലോഹ ഇവാംഗ, സ്വീറ്റ് ഷുഗര്‍, ശാറി ബേബി എന്നിവയാണ് മറ്റിനങ്ങള്‍.

 

തണല്‍ ഇഷ്ടപ്പെടുന്ന ഓര്‍ക്കിഡുകളാണ് കാറ്റ്ലിയാ ജനുസ്സില്‍പെടുന്നവ. വനങ്ങളിലുള്ള മരങ്ങളിലും മറ്റും വളരുന്നു. ഇതിന്‍റെ പൂക്കള്‍ വളരെയധികം മനോജ്ഞമാണ്. ഗദയുടെ ആകൃതിയിലുള്ള പരന്നതോ ഉരുണ്ടതോ ആയ തടിച്ച തണ്ടുകള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. കാറ്റ്ലിയ സ്നോഡണ്‍, ബോബെല്‍സി, ഹാര്‍ഡിയാന, പോര്‍ഷ്യാ എന്നിവയാണ് പ്രധാന ഇനങ്ങള്‍. 

 

ബ്രാസ്സോ ലേലിയോ കാറ്റ്ലിയ ഇതിന്‍റെ ഒരു ട്രൈജനറിക് സങ്കരമാണ്. ലക്കി സ്റ്റൈക്ക്, റത്താന കോസിന്‍, ഗോള്‍ഡന്‍ സ്ലിപ്പര്‍ മുതലായവയാണ് ഇതിന്‍റെ സങ്കര ഇനങ്ങള്‍. 

 

നിശാശലഭത്തോടു സാദൃശ്യമുള്ള പൂക്കള്‍ തരുന്ന ഒരിനം ഓര്‍ക്കിഡുകളാണ് ഫലനോപ്സിസ്. ഇതിന്‍റെ ഒരു പൂവിന് 5 രൂപ വരെ വിപണിയില്‍ വിലയുണ്ട്. കാര്‍ ഡെക്കറേഷനും മറ്റും ഇതിന്‍റെ പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഗോള്‍ഡന്‍ ലൂയിസ്, ഗോള്‍ഡന്‍ ഫെതര്‍, ബാവായിയന്‍ഷിഫേഴ്സ്, ട്രോപിക് സ്നോ, വൈറ്റ് ബേര്‍ഡ് എന്നിവ ഇതിന്‍റെ പ്രധാന സങ്കര ഇനങ്ങളാണ്. 

 

സിംപോഡിയല്‍ വിഭാഗത്തില്‍പ്പെട്ട ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഓണ്‍സീഡിയം മുതലായ ഓര്‍ക്കിഡുകള്‍ സാധാരണയായി പൊക്കത്തില്‍ കെട്ടി വളര്‍ത്തുന്നു. ചട്ടികളും തടി ബാസ്ക്കറ്റുകളും വൃക്ഷ ശിഖരങ്ങളുമാണ് ഇവയ്ക്കു യോജിക്കുക. ടെറസ്സില്‍ വളര്‍ത്തുമ്പോള്‍ സൂര്യപ്രകാശം നിയന്ത്രിക്കുവാന്‍ ഷേഡ്ഷീറ്റ് മുകളില്‍ കെട്ടേണ്ടതുണ്ട്. 

 

വാണ്ട, അരാക്കനിസ്, റെനാന്ത്ര മുതലായ മോണോപോഡിയന്‍ വിഭാഗത്തില്‍പ്പെടുന്ന ഇനങ്ങള്‍ തറയില്‍ നല്ല സൂര്യപ്രകാശമുള്ള തുറസ്സായ സ്ഥലത്തു വേണം നട്ടു വളര്‍ത്തുവാന്‍. തറയില്‍ തടങ്ങള്‍ തയ്യാറാക്കി ഉണക്ക തൊണ്ട് അടുക്കി അതിലാണ് മോണോപോഡിയല്‍സ് വളര്‍ത്തുന്നത്. തടത്തിനു ചുറ്റും ഇഷ്ടികകള്‍ ഉറപ്പിച്ചശേഷം ഉള്ളിലായി കരിയും ഓടിന്‍ കഷണവും ഇഷ്ടിക കഷണവും കലര്‍ത്തി ഇടുന്നു. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ 30 സെന്‍റിമീറ്റര്‍ അകലത്തില്‍ ഓര്‍ക്കിഡുകളുടെ തലപ്പ് ഒന്നര അടി നീളത്തിനു മുറിച്ച കഷണങ്ങള്‍ നടുന്നു. അതിനു ചുവട്ടില്‍ ഉണക്ക തൊണ്ട് അടുക്കി കൊടുക്കണം. ചെടികള്‍ക്കു താങ്ങു നല്‍കേണ്ടതാണ്. താങ്ങു കമ്പായി ഈറയോ തടിയോ ഉപയോഗിക്കാം. താങ്ങു കമ്പുകള്‍ക്കു പകരം കയറും നീളത്തിനു വലിച്ചുകെട്ടി അതില്‍ ചെടി ഉറപ്പിക്കാന്‍ കഴിയും. ചെടിക്കു ഉയരം കൂടുന്നതനുസരിച്ച് കൂടുതല്‍ കയര്‍ മുകളിലോട്ടു ഉപയോഗിക്കേണ്ടിവരും. 

 

ഓര്‍ക്കിഡുകള്‍ ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ അതിനായി പ്രത്യേകം തയ്യാറാക്കിയ വലിയ ദ്വാരങ്ങളുള്ള ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. ഇതു നല്ല നീര്‍വാര്‍ച്ച ലഭിക്കുന്നതിനും ധാരാളം വായുസഞ്ചാരം ഉണ്ടാകുന്നതിനും സഹായകമാണ്. ചട്ടികള്‍ക്കു പകരം തടി കഷണങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബാസ്ക്കറ്റുകളും ഉപയോഗിക്കാം. ഒരിഞ്ചുവീതിയിലും മുക്കാല്‍ ഇഞ്ചു കനത്തിലും റീപ്പര്‍ തയ്യാറാക്കി പെട്ടിയുടെ ആകൃതിയില്‍ ഇടവിട്ടു അവ നിരത്തിവച്ചു മൂലതോറും ആണി വച്ചാല്‍ മതി. ഇതില്‍ മാധ്യമമിട്ടു അതില്‍ ചെടി നട്ടു സൗകര്യം പോലെ കെട്ടി തൂക്കാവുന്നതാണ്.

 

ചട്ടിയും ബാസ്ക്കറ്റും നിറയ്ക്കാന്‍ കരിക്കട്ട, ഓടിന്‍ കഷണം, ഇഷ്ടിക കഷണം എന്നിവയാണ് ഉപയോഗിക്കുന്നത്. കരിയാണു ഏറ്റവും ഉത്തമം. ചെറിയ 3-4 തൊണ്ടിന്‍ കഷണം കൂടി ചട്ടിക്കുള്ളില്‍ ഇടേണ്ടതാണ്. ചട്ടിയില്‍ അടിയിലായി ഒരു നിര ഓടിന്‍ കഷണം നിരത്തണം. അതിനു മുകളില്‍ കരിയും ഇഷ്ടിക കഷണവും കൂടി കലര്‍ത്തി ഇടണം. ശേഷം ചെടി മധ്യഭാഗത്തായി ഉറപ്പിക്കണം. തൊണ്ടിന്‍ കഷണം വേരിനു സമീപമായി ചുറ്റും ഇട്ടു കൊടുത്താല്‍ മതി. ചെടി നടുമ്പോള്‍ വേരു ഉപരിഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു ചെറിയ ഒരു കമ്പു നാട്ടി അതു ഓടിന്‍ കഷണവും കരിയും ഇഷ്ടിക കഷണവും ഇട്ടു ഉറപ്പിച്ച ശേഷം അതില്‍ വേണം ചെടി കെട്ടി നിര്‍ത്തുവാന്‍. സിംപോഡിയല്‍ ഇനങ്ങളില്‍ വളര്‍ത്തുന്ന ചെടിയില്‍ നിന്നും തൈ ഇളക്കി എടുക്കുന്നത് ചട്ടിയില്‍ തണ്ടുകള്‍ വളര്‍ന്നു നിറഞ്ഞശേഷം വേണം. ഇളക്കുമ്പോള്‍ 3 തണ്ടുകള്‍ ചേര്‍ത്തു വേണം ഇളക്കാന്‍. ഇനി അതു പുതിയ ചട്ടിയില്‍ നടാന്‍ ഉപയോഗിക്കാം.

 

ഓര്‍ക്കിഡുകള്‍ക്ക് ജൈവവളങ്ങളും രാസവളങ്ങളും നല്‍കേണ്ടതാണ്. പച്ച ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം എന്ന തോതില്‍ നെടുകെ കലക്കി അരിച്ചെടുത്തു ഇതു രണ്ടാഴ്ചയിലൊരിക്കല്‍ ചെടിയില്‍ തളിച്ചു കൊടുക്കണം. പച്ച ചാണകം വെള്ളം കുറച്ചു കുറുകെ കലക്കി മോണോപോണിയല്‍ ഇനങ്ങളില്‍ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്ന പതിവുമുണ്ട്. മോണോപോഡിയന്‍ ഇനങ്ങള്‍ക്ക് തൊണ്ടിനു മുകളിലായി കോഴിവളം ഉണക്ക ചാണകം എന്നിവ വിരിച്ചുകൊടുക്കുന്ന രീതിയും അനുവര്‍ത്തിച്ചു വരുന്നു. ഗോമൂത്രം 10 ഇരട്ടി വെള്ളം ചേര്‍ത്തു ഓര്‍ക്കിഡുകള്‍ക്ക് തളിച്ചു കൊടുക്കുന്നതു പ്രയോജനകരമാണ്. ഇതു രണ്ടാഴ്ചയിലൊരിക്കല്‍ വേണം നല്‍കുവാന്‍. വേപ്പിന്‍പിണ്ണാക്കും നിലക്കടല പിണ്ണാക്കും 50 ഗ്രാം വീതമെടുത്ത് അതു വെള്ളത്തിലിട്ടു മൂന്നു ദിവസം വച്ചശേഷം എടുത്തു 5 ഇരട്ടി വെള്ളവും ചേര്‍ത്തു ചെടിക്കു തളിച്ചുകൊടുക്കാം. ജൈവ വളങ്ങളിലേതെങ്കിലുമൊന്ന് രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കിയാല്‍ മതി. എന്നാല്‍ ആഴ്ചതോറും 17.17.17. കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ചെടിയുടെ മേല്‍ തളിച്ചു കൊടുക്കണം. തേങ്ങാവെള്ളം നല്‍കുന്നതു ഓര്‍ക്കിഡുകള്‍ക്കു വളരെ ഉപയോഗപ്രദമാണ്. അതില്‍ ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലീലിറ്റര്‍ തേങ്ങാവെള്ളം എന്ന തോതില്‍ കലക്കി ചെടിയില്‍ തളിക്കണം.

 

ഓര്‍ക്കിഡുകളില്‍ നിരവധി കീടങ്ങളും രോഗങ്ങളും കാണുന്നു. അതില്‍ പ്രധാനപ്പെട്ട കീടങ്ങള്‍ ഒച്ചും അട്ടകളുമാണ്. ഒച്ചിനെ രാത്രി നന്നായി ഇരുട്ടിയ ശേഷം കൈകൊണ്ടു നുള്ളിയെടുത്ത് ഉപ്പു ലായനിയിലിട്ടു കൊല്ലുക മാത്രമേ പ്രായോഗികമായി ചെയ്യുവാന്‍ കഴിയുകയുള്ളൂ. വിപണിയില്‍ മെറ്റാള്‍ഡിഹൈഡ് എന്ന പല കേക്കുകളും ലഭ്യമാണ്. അതു വാങ്ങി ചട്ടിക്കുള്ളില്‍ രണ്ടോ മൂന്നോ കഷണം ഇട്ടും കൊല്ലാന്‍ കഴിയും. അട്ടകള്‍, സ്കെയില്‍സ് മുതലായവയുടെ ഉപദ്രവമുണ്ടാകുമ്പോള്‍ ഏതെങ്കിലും കീടനാശിനി കലക്കിയ ലായനിയില്‍ ചട്ടിയോടെ മുക്കുകയോ ചെടിയിലും ചുവട്ടിലും മരുന്നു തളിച്ചു കൊടുക്കുകയോ ചെയ്യാം. 

 

പല രോഗങ്ങളും ഓര്‍ക്കിഡുകളില്‍ കാണുന്നുണ്ട്. അതില്‍ പ്രധാനം മണ്ട അഴുകലും ആന്ത്രക്നോസ് രോഗവുമാണ്. ഏതെങ്കിലും കുമിള്‍ നാശിനി കലക്കി തളിച്ചാല്‍ അത്തരം രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ഡൈത്തേന്‍ എം.45 പോലുള്ള കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാലും മതി.

 

തായ്ലണ്ടില്‍ നിന്നും നല്ല ഇനം ചെടികള്‍ വിശ്വാസയോഗ്യമായി ലഭ്യമാക്കുന്ന പല സ്ഥാപനങ്ങളും ഇന്നു കേരളത്തിലുണ്ട്. അതുകൂടാതെ ടിഷ്യു കള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിച്ചു ദൃഢീകരണം നടത്തിയ തൈകളും വിശ്വാസയോഗ്യമായി വാങ്ങുവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ലഭ്യമാണ്. അവ വാങ്ങി ശാസ്ത്രീയമായ പരിചരണമുറകള്‍ കാലാകാലം സ്വീകരിച്ചാല്‍ വലിയ ബുദ്ധിമുട്ടു കൂടാതെ ഇവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ്.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145041