കുറുനരിവാലനോ കുരങ്ങുവാലനോ? അതോ പൂച്ചവാലനോ - പേര് എന്തായാലും വിരോധമില്ല; ചെടി ഒന്നുതന്നെ; ഈ മൂന്നു വിശേഷണങ്ങളും അച്ചിട്ടായി ചേരുകയും ചെയ്യും. അതാണ് ഉദ്യാനത്തിലെ വിചിത്ര പുഷ്പിണി എന്നു പേരെടുത്ത 'അക്കാലിഫ.' മുഴുവന്‍ പേര് 'അക്കാലിഫ ഹിസ്പിഡ' 'അക്കാലിഫ സാന്‍ഡെറി' എന്നും പറയും. നീണ്ട് ആകര്‍ഷകമായ നിറത്തിലുള്ള പൂങ്കുല കുരങ്ങിന്‍റെയോ കുറുനരിയുടെയോ പൂച്ചയുടെയോ വാലുപോലെ തൂങ്ങിക്കിടക്കുന്നതിനാലാണ് ഇതിന് ഈ പേരുകളൊക്കെ കിട്ടിയത്; റെഡ് ഹോട്ട് ക്യാറ്റ് ടെയില്‍, ഫോക്സ് ടെയില്‍, ഇങ്ങനെ അക്കാലിഫയ്ക്ക് ഇംഗ്ലീഷില്‍ ഇനിയുമുണ്ട് ഓമനപ്പേരുകള്‍.
'യൂഫോര്‍ബിയേസീ' സസ്യകുലത്തില്‍പ്പെട്ട ഈ അലങ്കാരച്ചെടി ഈസ്റ്റ് ഇന്ത്യയിലാണ് ജനിച്ചത്. വളരെ കുറച്ചുമാത്രം ശിഖരങ്ങളുണ്ടാകുന്നതാണ് ഇതിന്‍റെ സ്വഭാവം. ചെടി നീണ്ടു നിവര്‍ന്നു വളരും. ആറു മുതല്‍ 12 അടി വരെ ഉയരത്തിലും 3-6 അടി വരെ പടര്‍ന്നും വളരുന്നു. ഇലകള്‍ക്ക് മുട്ടയുടെ ആകൃതിയും 10-20 സെ.മീറ്റര്‍ വരെ നീളവും 7.5-10 സെ.മീ. വരെ വീതിയുമുണ്ട്. പൂക്കള്‍ക്ക് സാധാരണ നിറം കടും ചുവപ്പാണെങ്കിലും പര്‍പ്പിള്‍ നിറത്തിലും പൂങ്കുല കാണാം. 'ആല്‍ബ' എന്ന ഇനത്തിന്‍റെ പൂങ്കുലയ്ക്ക് ക്രീം കലര്‍ന്ന വെള്ളനിറമാണ്. പ്രകാശമാനമായ പച്ചിലചാര്‍ത്തിനിടയില്‍ കുറുനരിവാലുപോലെ നീണ്ടു തൂങ്ങിക്കിടക്കുന്ന ചുവന്ന പൂങ്കുലകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പൂവിന് 10 മുതല്‍ 50 സെ.മീറ്റര്‍ വരെ നീളം കാണും. വര്‍ഷം മുഴുവന്‍ പൂ ചൂടി നില്‍ക്കും എന്നതാണ് സവിശേഷത.
നല്ല സൂര്യപ്രകാശവും ഉഷ്ണമേഖലാ കാലാവസ്ഥയും അക്കാലിഫയ്ക്ക് ഇഷ്ടപ്പെട്ട വളര്‍ച്ചാഘടകങ്ങളാണ്. നനയും വളവും നല്‍കിയാല്‍ സാമാന്യം നന്നായി വളരുകയും ചെയ്യും. ചിരസ്ഥായി സ്വഭാവമുള്ള ചെടിയാണ് അക്കാലിഫ എങ്കിലും ഇതിനെ ഒരു വാര്‍ഷികപുഷ്പിണിയായിട്ടാണ് കണക്കാക്കി വരുന്നത്.
വേനല്‍മാസങ്ങളിലാണ് ഈ ചെടിയുടെ പാതിമൂപ്പായ തണ്ടുകള്‍ മുറിച്ച് നട്ട് പുതിയ ചെടി വളര്‍ത്തുക. മണ്ണും മണലും ചാണകപ്പൊടിയും തുല്യയളവില്‍ കലര്‍ത്തിയുണ്ടാക്കിയ പോട്ടിങ് മിശ്രിതം ചട്ടിയിലോ പോളിത്തീന്‍ സഞ്ചിയിലോ നിറച്ചശേഷം തണ്ടു മുറിച്ചുനട്ട് വേരുപിടിപ്പിക്കണം.
തറയിലോ ചട്ടിയിലോ തൂക്കുചട്ടിയിലോ അക്കാലിഫ വളര്‍ത്താം. എവിടെ വളര്‍ത്തിയാലും രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, ഇലപ്പൊടി എന്നീ ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് ചെടി കരുത്തോടെ വളരാന്‍ സഹായിക്കും. വളരുന്നതനുസരിച്ച് ശ്രദ്ധാപൂര്‍വം ചെടിയുടെ അഗ്രം നുള്ളി വിടുക. ചെറിയ തോതില്‍ കൊമ്പുകോതുക (പ്രൂണിങ്) എന്നിവകൂടി നടത്തിയാലേ ഈ ഉദ്യാനസസ്യം വളരെ ഉയരത്തില്‍ നീണ്ടുവളര്‍ന്ന് കാഴ്ചയ്ക്ക് ഇമ്പമില്ലാത്തതായി തീരാതിരിക്കൂ. ചെടിയില്‍ ഇലകളും ഇലക്കൂട്ടത്തിനിടയില്‍ പൂക്കളും നിറയെ പിടിക്കുന്ന പ്രകൃതമായതിനാല്‍ അപൂര്‍വമായെങ്കിലും ഇതിന് ചുവന്ന ചിലന്തിച്ചെള്ള്, ശല്‍ക്കപ്രാണികള്‍, മീലിമൂട്ട എന്നിവ ഉപദ്രവകാരികളായിത്തീരാറുണ്ട്. ശരിയായ നിരീക്ഷണവും ഇടതിങ്ങി വളരുന്ന ചില ശിഖരങ്ങളെങ്കിലും യഥാസമയം നീക്കുന്നതും കീടശല്യം കുറയാന്‍ സഹായിക്കും. മാലത്തയോണ്‍ രണ്ടു മില്ലി ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിച്ചും ഇവയെ നിയന്ത്രിക്കാം.
www.karshikarangam.com