ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കലിനുശേഷം വിശ്രമജീവിതം മാത്രമായി കഴിയുന്നവര്‍ക്കു മുന്നില്‍ മറ്റൊരു മാതൃകയൊരുക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ ചെമ്പേരി താന്നിക്കാക്കുഴിയില്‍ ജോസഫ്. വര്‍ഷങ്ങള്‍ നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചശേഷം വ്യവസായത്തിലും ഇപ്പോള്‍ കൃഷിയിലുമായി തിരക്കുകള്‍ക്ക് നടുവിലാണിദ്ദേഹം. സ്റ്റോണ്‍ ക്രഷറിന്‍റെ നിര്‍മ്മാണവും വിപണനവും ഉള്‍പ്പെട്ട ബിസിനസിലേക്ക് തിരിയുന്നതിനാണ് ജോലിയില്‍നിന്ന് വിരമിച്ചത്. പത്തുവര്‍ഷത്തിലധികം ആ മേഖലയില്‍ തന്നെ തുടര്‍ന്നു. അതിനുശേഷമാണ് കൃഷിയിലേക്കു തിരിയുന്നത്. പച്ചപ്പിന്‍റെ ലോകത്തെ മൂന്നാമൂഴത്തിന് ഇപ്പോള്‍ എട്ടുവര്‍ഷത്തെ അനുഭവസമ്പത്ത്.
ബിസിനസില്‍നിന്നുള്ള ലാഭമുപയോഗിച്ചാണ് നല്ല വളക്കൂറുള്ള ഇപ്പോഴത്തെ കൃഷിസ്ഥലം വാങ്ങിയത്. ബിസിനസ് കാലത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍നിന്നു ആസ്വാദ്യകരമായ ജീവിതചര്യയിലേക്കുള്ള ചുവടുമാറ്റം കൂടിയാണ് കൃഷിയിലേക്ക് തിരിഞ്ഞതിലൂടെ ജോസഫിനു ലഭിച്ചത്. ഏഴരയേക്കര്‍ വരുന്ന കൃഷിയിടത്തിലായി തന്നാലാവുന്ന വിധത്തിലുള്ള സകലകൃഷികളും ഇദ്ദേഹം ചെയ്യുന്നുണ്ട്. കരനെല്‍കൃഷിയും പച്ചക്കറിക്കൃഷിയുമാണു പ്രധാനം. ഇവയ്ക്കൊപ്പം വാഴയും റബ്ബറും തെങ്ങും കവുങ്ങും ജാതിയുമൊക്കെയുണ്ട്.
തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായാണ് വാഴക്കൃഷി ചെയ്യുന്നത്. നേന്ത്രനാണ് കൂടുതല്‍. പൂവനും ഞാലിപ്പൂവനും ചുണ്ടില്ലാപൂവനും റോബസ്റ്റയുമൊക്കെയായി അറുന്നൂറിലധികം വാഴകള്‍ സ്വാദിന്‍റെ കലവറയൊരുക്കുന്നു. ജൈവരീതിയില്‍ മാത്രം കൃഷിചെയ്യുന്ന ഈ വാഴകള്‍ക്ക് തടമൊരുക്കുമ്പോള്‍ വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും കുമ്മായവും അടിവളമായി നല്‍കും. വാഴ വളര്‍ന്ന് ഒരുവിധം മൂപ്പെത്തിക്കഴിയുമ്പോള്‍ സ്വന്തമായി തയാറാക്കിയ പഞ്ചഗവ്യം ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. തോട്ടത്തിലെ സാധാരണയേക്കാള്‍ വലിപ്പമുള്ള വാഴക്കുലകളുടെ രഹസ്യം പഞ്ചഗവ്യമാണെന്ന് ഇദ്ദേഹം പറയുന്നു. വിവിധതരത്തിലുള്ള പഴങ്ങളോട് എന്നും പ്രിയമുള്ളതിനാല്‍ ഫലവൃക്ഷങ്ങളുടെ നല്ലൊരു ശേഖരവും ഇദ്ദേഹം തന്‍റെ കൃഷിയിടത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നു. വിവിധയിനത്തിലുള്ള നാടന്‍ പഴങ്ങള്‍ മുതല്‍ വിദേശികളായ റംബുട്ടാനും പുലാസനും മങ്കോസ്റ്റീനും കായ്ക്കാറായി നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളുമൊക്കെ പഴത്തോട്ടത്തിലുണ്ട്. കൊക്കോയും ജാതിയുമാണ് റബ്ബറുമൊക്കെയായി നാണ്യവിളകള്‍ക്കും ഈ കൃഷിയിടത്തില്‍ സ്ഥാനമുണ്ട്. റീപ്ലാന്‍റ് ചെയ്ത രണ്ടരയേക്കര്‍ റബ്ബര്‍തോട്ടത്തില്‍ ചേമ്പും കപ്പയും മഞ്ഞളും കാച്ചിലും ഇഞ്ചിയുമൊക്കെ ഇടവിളയായി കൃഷിചെയ്യുന്നുമുണ്ട്.
അരിഭക്ഷണത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തുക എന്ന ആഗ്രഹംകൊണ്ടാണ് കരനെല്‍കൃഷിക്കായി കൃഷിയിടത്തിലെ അരയേക്കര്‍ സ്ഥലം നീക്കിവച്ചിരിക്കുന്നത്. സാധാരണരീതിയില്‍ നെല്ല് കൃഷിചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള വയല്‍പ്രദേശമല്ലാത്തതിനാലാണ് കരനെല്‍കൃഷി കരനെല്‍കൃഷി തെരഞ്ഞെടുത്തത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിചെയ്യുന്നത്. ആദ്യത്തെ മൂന്നുവര്‍ഷത്തോളം നെല്‍കൃഷിയില്‍നിന്ന് കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പോരായ്മകള്‍ പരിഹരിച്ചു കൃഷിചെയ്യാന്‍ ശ്രമിച്ചതോടെ നാലാം വര്‍ഷം മുതല്‍ പിന്നീടിങ്ങോട്ട് നെല്‍കൃഷി വിജയമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പുതുമഴയ്ക്കു തൊട്ടുമുമ്പായി മേയ്മാസത്തോടെയാണ് വിത്ത് വിതയ്ക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ വിളവെടുക്കാം. കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന നെല്ല് മുഴുവന്‍ വീട്ടിലെ ആവശ്യത്തിനു തന്നെയാണ് എടുക്കുന്നത്. പൂര്‍ണമായും ജൈവകൃഷിരീതികള്‍ മാത്രം നെല്ലിന്‍റെ കാര്യത്തിലും പിന്തുടരുന്നതിനാല്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ സാധിക്കുന്നു.
ഒക്ടോബര്‍മാസത്തോടെ നെല്‍കൃഷി അവസാനിപ്പിച്ചു പച്ചക്കറികൃഷി ചെയ്യാന്‍ തുടങ്ങും. കാബേജും കോളിഫ്ളവറും മുള്ളങ്കിയും പോലുള്ള ശീതകാലപച്ചക്കറികളാണ് ആദ്യം കൃഷിചെയ്യുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇവയുടെ വിളവെടുപ്പ് നടത്താം. അതിനുശേഷമാണ് മീറ്റര്‍പയറും വെണ്ടയും പാവലും വഴുതനയും ചീരയും കക്കിരിയും പീച്ചിലും വെള്ളരിയുമൊക്കെ നടുന്നത്. തന്‍റെ കൃഷിയിടത്തില്‍ വ്യത്യസ്തതയും വൈവിധ്യവും വേണമെന്ന ഇദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഫലമാണ് ഇവിടെ വിളയുന്ന പാലക്ചീരയും ബീറ്റ്റൂട്ടുമൊക്കെ.
വടക്കേ ഇന്ത്യക്കാരുടെ കുത്തകയായ കടുകിലും ജോസഫ് ഒരുകൈ നോക്കിയിട്ടുണ്ട്. തൊഴിലാളികളിലൊരാളായ ബംഗാളി യുവാവാണ് കടുകിന്‍റെ വിത്ത് എത്തിച്ചുകൊടുത്തത്. അഞ്ചുസെന്‍റ് സ്ഥലം കടുകുകൃഷിക്കായി നീക്കിവച്ചു. കരനെല്ലിന്‍റേതിനു സമാനമായ കൃഷിരീതിയാണ് കടുകിനും. അധികം മണ്ണിളക്കാതെ നിലം കിളച്ചുമറിക്കണം. അതിനുശേഷമാണ് വിത്ത് വിതയ്ക്കുന്നത്. ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുമൊക്കെ വളമായി ഉപയോഗിക്കാവുന്നതാണ്. വിളവെടുപ്പിനു പാകമാകുമ്പോള്‍ ചുവട്ടില്‍നിന്നു ചെടി വെട്ടിമാറ്റും. അതു വെയിലത്തുണക്കി തല്ലിയാണ് കടുക് ശേഖരിക്കുന്നത്. കിട്ടുന്ന കടുക് വീട്ടിലെ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
ചിലവൊട്ടുമില്ലാതെ ജൈവകൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ചാണകത്തിന്‍റെ ആവശ്യത്തിനായി നാലു പശുക്കളെയും വളര്‍ത്തുന്നുണ്ട്. വെച്ചൂര്‍പശുവും കാസര്‍ഗോഡ് ഡ്വാര്‍ഫും ഹോള്‍സ്റ്റൈന്‍ ഫ്രീഷനും ജേഴ്സിയുമാണ് നിലവിലുള്ള ഇനങ്ങള്‍. വെച്ചൂര്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് തയാറാക്കുന്ന പഞ്ചഗവ്യം തന്‍റെ വിളകള്‍ക്കെല്ലാം ജോസഫ് നല്‍കാറുണ്ട്. എല്ലുപൊടിയും മുയല്‍കാഷ്ഠവും കോഴികാഷ്ഠവും മണ്ണിരക്കമ്പോസ്റ്റുമാണ് ഇദ്ദേഹം തന്‍റെ കൃഷിയിടത്തിലുപയോഗിക്കുന്ന മറ്റു ജൈവവളങ്ങള്‍.
2011-ല്‍ എരുവേശ്ശി പഞ്ചായത്തിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് ജോസഫിനാണ് ലഭിച്ചത്. വിശ്രമജീവിതം എങ്ങനെ ഫലപ്രദമായി ചെലവഴിക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മൂന്നാമൂഴത്തിലും വിജയം ആവര്‍ത്തിച്ചുകൊണ്ട് ഈ കര്‍ഷകന്‍ മറുപടിയാകുന്നു.
ജോസഫ് താന്നിക്കാക്കുഴിയില്‍
താന്നിക്കാക്കുഴിയില്‍, ചെമ്പേരി, കണ്ണൂര്‍
ഫോണ്‍: 9447684656
www.karshikarangam.com