മലയോരങ്ങളില്‍ ചാകര തീര്‍ക്കുന്ന കൃഷിയിലൂടെ പുതുസാധ്യതകളുടെ തീരത്ത് വലയെറിഞ്ഞിരിക്കുകയാണ് പൂഞ്ഞാര്‍ തെക്കേക്കര കൃഷിഭവന്‍റെ പരിധിയില്‍ വരുന്ന കിഴക്കേക്കര വീട്ടില്‍ അരുണ്‍.കെ.ജാന്‍സ്. ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ നിന്ന് തൊട്ടടുത്ത കടപ്പുറത്തേക്ക് നൂറോളം കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലെന്ത്, മീനച്ചില്‍ താലൂക്കിന്‍റെ അതിര്‍ത്തി തീര്‍ക്കുന്ന ചെങ്കല്‍മലനിരകളുടെ ഭാഗമായ കുന്നോന്നിയില്‍ പിടയ്ക്കുന്ന മീന്‍ ആണ്ടുവട്ടം മുഴുവന്‍ സുലഭം. കുടിവെള്ളത്തിനു തന്നെ ക്ഷാമം നേരിടുന്ന മലയോരമേഖലയിലാണ് അരുണ്‍ ഈ നേട്ടം കൈവരിക്കുന്നത്. വിവിധ വലിപ്പത്തില്‍ നിര്‍മിച്ചിരിക്കുന്ന പടുതാക്കുളങ്ങളിലാണ് അരുണിന്‍റെ മല്‍സ്യക്കൃഷി. മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം പടുതാക്കുളങ്ങളില്‍ സൂക്ഷിക്കുന്നു. മൂവായിരം ലിറ്റര്‍ മുതല്‍ മൂന്നുലക്ഷം ലിറ്റര്‍ വരെ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള കുളങ്ങളാണ് ഈ യുവാവിന്‍റെ കൃഷിയിടത്തിലുള്ളത്.
മല്‍സ്യകൃഷിയിലേക്ക് കാലൂന്നിയപ്പോള്‍ മറ്റു കര്‍ഷകരെപ്പോലെ കട്ല, രോഹു തുടങ്ങിയ മല്‍സ്യങ്ങളെ വളര്‍ത്തുകയായിരുന്നു അരുണും ചെയ്തത്. എന്നാല്‍, വെള്ളം മാറ്റുമ്പോഴും മറ്റും കുളങ്ങളിലുണ്ടാകുന്ന വെള്ളത്തിന്‍റെ ഘടനാമാറ്റം ഇത്തരം മല്‍സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കുകയും അവ കൂട്ടത്തോടെ ചത്തൊടുങ്ങാനും തുടങ്ങി. ഈ പ്രതിസന്ധിഘട്ടത്തിലാണ് മറ്റു മല്‍സ്യങ്ങള്‍ക്കൊപ്പം അരുണ്‍ വളര്‍ത്തിയിരുന്ന 'ജയന്‍റ് ഗൗരാമി' മല്‍സ്യങ്ങള്‍ തുണയായത്. ഒട്ടുമിക്ക പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിന് ഈ മല്‍സ്യത്തിനുള്ള കഴിവ് അല്‍ഭുതപ്പെടുത്തുന്നതാണ്. അതോടെ, പലയിനം മീനുകളെ വളര്‍ത്തുന്നതിനുപകരം പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന ഒരിനത്തിനെ മാത്രം വളര്‍ത്തുക എന്ന പുതിയ കാഴ്ചപ്പാടിലേക്ക് അരുണ്‍ മാറി. അതോടെ ഏകദേശം പന്ത്രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം ജയന്‍റ് ഗൗരാമിയുടെ കൃഷിയിലേക്ക് മാത്രം ശ്രദ്ധതിരിച്ചു.
വെള്ളത്തില്‍നിന്നെന്നപോലെ അന്തരീക്ഷത്തില്‍നിന്നും നേരിട്ടു ശ്വസിക്കാന്‍ കഴിയുമെന്നതാണ് ജയന്‍റ് ഗൗരാമിയുടെ പ്രത്യേകത. ഈ പ്രത്യേകത തന്നെയാണ് ഇവയെ മല്‍സ്യകര്‍ഷകരുടെ ഇഷ്ടയിനമാക്കുന്നതും. ജയന്‍റ് ഗൗരാമിയെ വളര്‍ത്തുന്ന പടുതാക്കുളങ്ങളില്‍ ഒരിക്കലും വെള്ളം മാറ്റേണ്ടതില്ല. ചെതുമ്പലോടുകൂടിയതും മുള്ളുകള്‍ തീരെ കുറവായതുമായ ഈ മല്‍സ്യത്തിന് രോഗങ്ങള്‍ മൂലമുള്ള മരണനിരക്കും വളരെ കുറവാണ്. കരിമീന്‍പോലെ ഏറെ രുചിയുള്ള മാംസവുമുണ്ട്. കുളങ്ങളില്‍ വളര്‍ത്തുന്ന കരിമീനിന് ഒരു വര്‍ഷം 250-300 ഗ്രാം വരെ തൂക്കമുണ്ടാകുമ്പോള്‍ ജയന്‍റ് ഗൗരാമി ശരാശരി ഒരു കിലോയോളം തൂക്കം വയ്ക്കുന്നു. ചേമ്പില, കപ്പയില തുടങ്ങിയ ഇലകളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ചക്കപ്പഴത്തോടും ഏറെ പ്രിയമുണ്ട്. ആട്ടിന്‍കാഷ്ഠം മുതല്‍ ചോറുവരെ എന്തും ഇവയ്ക്കു കൊടുക്കാവുന്നതാണ്. നാട്ടിന്‍പുറമായതിനാല്‍ ചേമ്പില ധാരാളം ലഭിക്കുന്നതിനാല്‍ ഇവയുടെ തീറ്റക്കാര്യത്തില്‍ വലിയ ചെലവുണ്ടാകുന്നില്ല. ഒട്ടുമിക്ക ഭക്ഷണവും നല്‍കാമെന്നതിനാല്‍ പരിപാലനച്ചെലവ് വളരെ കുറവാണ്.
കരിമീനിന്‍റേതുപോലെ സ്വാഭാവികമായ പ്രജനനരീതിയാണ് ഗൗരാമിക്കും. അതിനാല്‍ മല്‍സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവാണ് ഗൗരാമിവളര്‍ത്തലില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാല്‍, ഇതില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതയെ തിരിച്ചറിയാന്‍ സാധിച്ചത് അരുണിന്‍റെ കൃഷിയില്‍ വഴിത്തിരിവായി. കഴിഞ്ഞ നാലുവര്‍ഷമായി ഇദ്ദേഹം തന്‍റെ പടുതാക്കുളങ്ങളില്‍ വ്യാപകമായി ഗൗരാമിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വില്‍പ്പന നടത്തിവരുന്നു. പടുതാക്കുളങ്ങളില്‍ പ്രജനനം സാധിക്കുകയില്ല എന്നു കരുതിയിടത്താണ് വരമ്പുകളില്‍ പുല്ലുകള്‍ പിടിപ്പിച്ച് സ്വാഭാവികമായ സാഹചര്യമൊരുക്കി കുഞ്ഞുങ്ങളെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികസാഹചര്യങ്ങളില്‍ രണ്ടു മുട്ടയിടീല്‍ സീസണ്‍ മാത്രമുണ്ടാകുമ്പോള്‍ പടുതാക്കുളങ്ങളില്‍ ഇടയ്ക്കിടെ വെള്ളം പമ്പു ചെയ്തു കൊടുക്കുന്നതുവഴി ആറു പ്രജനന സീസണ്‍ വരെ അരുണിന്‍റെ കൃഷിക്ക് ലഭിക്കുന്നു. ഒരു ജയന്‍റ് ഗൗരാമി മല്‍സ്യം ഒരുപ്രാവശ്യം 3000-5000 വരെ മുട്ടകളിടുന്നുണ്ടെങ്കിലും അഞ്ഞൂറില്‍ താഴെ കുഞ്ഞുങ്ങളെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് പ്രധാന പ്രശ്നം. കുഞ്ഞുങ്ങളുടെ ലഭ്യത കൂട്ടാനുള്ള പരീക്ഷണങ്ങളിലാണ് അരുണ്‍ ഇപ്പോള്‍ .
ഒരുവര്‍ഷം കൊണ്ട് ഒരു കിലോയോളം വരെ തൂക്കം വയ്ക്കുന്ന ജയന്‍റ് ഗൗരാമി ഏറെ ആയുര്‍ദൈര്‍ഘ്യമുള്ള മല്‍സ്യമാണ്. 39 വര്‍ഷം പ്രായമുള്ള മല്‍സ്യങ്ങള്‍ വരെ ഈയിനത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. അരുണിന്‍റെ പടുതാക്കുളങ്ങളില്‍ പതിനാറു വര്‍ഷം വരെ പ്രായമുള്ള ജയന്‍റ് ഗൗരാമി മല്‍സ്യങ്ങളുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതനുസരിച്ചാണ് മല്‍സ്യങ്ങളുടെ വില്‍പന. പ്രമുഖ കാര്‍ഷിക മാസികകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴിയാണ് അരുണിനെത്തേടി മല്‍സ്യക്കുഞ്ഞുങ്ങളുടെ ആവശ്യക്കാരെത്തുന്നത്. ഒരിഞ്ചു വലിപ്പമുള്ള ജയന്‍റ് ഗൗരാമിക്കുഞ്ഞിനു 2 രൂപയാണ് വില. വലിയ മല്‍സ്യങ്ങള്‍ തേടിയെത്തുന്നവരും കുറവല്ല. കിലോയ്ക്ക് ഏകദേശം 350 രൂപ മുതലാണ് ഇവയുടെ വില. ജോഡി മല്‍സ്യങ്ങളെയും വാങ്ങുന്നവരുണ്ട്.
അടുക്കളക്കുളങ്ങളില്‍ ജയന്‍റ് ഗൗരാമി വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിച്ചാല്‍ കേരളത്തിന്‍റെ മല്‍സ്യമേഖലയിലെ വലിയൊരു വിപ്ലവത്തിനാവും തുടക്കം കുറിക്കുന്നതെന്ന് അരുണ്‍ പറയുന്നു. 20 അടി നീളവും 10 അടി വീതിയും 5 അടി താഴ്ചയുമുള്ള ഒരു പടുതാക്കുളത്തില്‍ 250 മീന്‍കുഞ്ഞുങ്ങളെവരെ വളര്‍ത്താം. ഇവയ്ക്ക് അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൊടുത്തു വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് ശരാശരി 200 കിലോ മല്‍സ്യം ലഭിക്കും. പടുതയില്‍ വെയിലടിക്കാതെ സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം ഈടുനില്‍ക്കുകയും ചെയ്യും. ഇതിനു തെളിവായി താന്‍ നിര്‍മ്മിച്ച പന്ത്രണ്ടു വര്‍ഷമായ പടുതാക്കുളങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്നത് അരുണ്‍ ചൂണ്ടിക്കാട്ടുന്നു. നന്നായി ഇണങ്ങുന്നതിനാല്‍ ജയന്‍റ് ഗൗരാമിയെ അരുമ മല്‍സ്യമായി ചിലര്‍ ഫിഷ് ടാങ്കുകളില്‍ വളര്‍ത്തുന്നുമുണ്ട്. അരുമയായി വളര്‍ത്തുന്നവര്‍ അതിനെ അങ്ങനെ പരിപാലിക്കുക, ഭക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ രീതിയില്‍ വളര്‍ത്തി ഭക്ഷിക്കുക എന്നതാണ് അരുണിന്‍റെ പക്ഷം.
അരുണ്‍ കെ. ജാന്‍സ്
കിഴക്കേക്കര, കുന്നോന്നി, പൂഞ്ഞാര്‍, കോട്ടയം
ഫോണ്‍: 9447850299
www.karshikarangam.com