പുഷ്പവിപണിയിലെ റാണിയായ ഹെലിക്കോണിയ സമ്മാനിച്ച വിജയമാണ് കോട്ടയം ജില്ലയില്‍ പാലാ കൊല്ലപ്പള്ളി നടുവിലേക്കുറ്റ് വീട്ടില്‍ സാജു ഇഗ്നേഷ്യസിന്‍റേത്. രണ്ടരയേക്കറോളം വരുന്ന സ്ഥലത്ത് വിപണി ലക്ഷ്യമാക്കി വിപുലമായാണ് ഇദ്ദേഹം ഹെലിക്കോണിയ കൃഷിചെയ്യുന്നത്. നീളം കൂടിയ ഇലകളും ലത്തണ്ടുകളുമുള്ള ഉയരത്തില്‍ വളരുന്ന വിദേശയിനം അലങ്കാരസസ്യമാണ് ഹെലിക്കോണിയ. പൂവാഴ, തോട്ടവാഴ എന്നൊക്കെയാണ് കേരളത്തില്‍ ഇതിന്‍റെ വിളിപ്പേരുകള്‍. ഈ ചെടിക്ക് വാഴയോടുള്ള സാമ്യമാണ് ഈ പേരുകള്‍ക്ക് കാരണം. പൂക്കള്‍ക്ക് പൊതുവേ ചുവപ്പുനിറമാണ്. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ചിലയിനങ്ങളുടെ ഇതളുകളുടെ അരികുകളില്‍ പച്ചകലര്‍ന്ന മഞ്ഞനിറവുമുണ്ട്. ഏകദേശം ഒന്നുമുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്.
ചെറുപ്പംമുതല്‍ സാജുവിനൊപ്പം കൂടിയതാണ് പുഷ്പകൃഷിയോടുള്ള ഇഷ്ടം. വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിപണിയില്‍ ലാഭം തരാവുന്ന ചെടിയെക്കുറിച്ചാലോചിച്ചു. ഏറ്റവുമാദ്യം മനസ്സിലേക്കോടിയെത്തിയത് ഹെലിക്കോണിയയാണ്. വിപണിയില്‍ ഇതിനുള്ള ഡിമാന്‍റ് തന്നെയായിരുന്നു പ്രധാനകാരണം.
ഈ ചെടിക്ക് സ്ഥിരമായി ഭാഗികമായ തണല്‍ ആവശ്യമാണ്. അതിനാല്‍, തെങ്ങിനും വാഴയ്ക്കും ഇടയിലാണ് ഇവ കൃഷിചെയ്യുന്നത്. നനയുടെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ചയില്ല. ഹെലിക്കോണിയ ചെടികള്‍ നട്ടിരിക്കുന്നതിന്‍റെ ഇടയിലൂടെ നനയ്ക്കുള്ള പൈപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഏഴെട്ടു മാസംകൊണ്ട് ഹെലികോണിയ പൂവിടാന്‍ തുടങ്ങും. ജൈവവളങ്ങളാണ് ഇതിന്‍റെ കൃഷിക്കായി ഇദ്ദേഹം കൂടുതലായി ഉപയോഗിക്കുന്നത്. ഇവയ്ക്കൊപ്പം മിതമായ തോതില്‍ രാസവളങ്ങളും നല്‍കാറുണ്ട്. കോഴിവളം, ചാണകം, പച്ചിലക്കമ്പോസ്റ്റ്, പൊട്ടാഷ് എന്നിവയൊക്കെയാണ് സാജു ഹെലിക്കോണിയ കൃഷിക്കായി ഉപയോഗിക്കുന്നത്.
ഹെലികോണിയയ്ക്ക് നമ്മുടെ നാട്ടില്‍ പൊതുവേ വിപണിമൂല്യം കുറവാണ്. എന്നാല്‍, ഈ പ്രതിസന്ധിയെ തന്‍റെ നിശ്ചയദാര്‍ഢ്യം കൊണ്ട് സാജു മറികടന്നു. തന്‍റെ കൃഷിയിടത്തില്‍ നിന്നുള്ള ഹെലിക്കോണിയ പൂക്കള്‍ക്ക് ഡല്‍ഹിയില്‍ വിപണി കണ്ടെത്താന്‍ സാധിച്ചതോടെ ഇവയില്‍ നിന്നും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങി. കല്യാണമണ്ഡപങ്ങള്‍ ഒരുക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഹെലിക്കോണിയ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും തന്നെ പൂച്ചെടി മുറിച്ചെടുക്കാനുണ്ടാകും. തണ്ടോടുകൂടിയാണ് ഇതു മുറിച്ചെടുക്കുന്നത്. അതിനുശേഷം പൂത്തണ്ട് ചെറിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു പൊതിഞ്ഞ് കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ നന്നായി പായ്ക്ക് ചെയ്തു ട്രെയിനിലാണ് ഡല്‍ഹിക്ക് അയയ്ക്കുന്നത്. ഡല്‍ഹിയിലുള്ള സാജുവിന്‍റെ ബന്ധുവാണ് അവിടെയെത്തുന്ന പൂക്കള്‍ ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്നത്. ഡല്‍ഹിയിലെ വിപണിയില്‍ ഒരു ഹെലിക്കോണിയ പൂവിനു ശരാശരി അമ്പതു രൂപവരെ ലഭിക്കും. രണ്ടുമൂന്നു ദിവസം കഴിഞ്ഞാലും വാടിപ്പോകുകയില്ലെന്നതാണ് ഹെലിക്കോണിയയുടെ മെച്ചം.
തെങ്ങിന്‍റെ ഇടവിളയായി തുറന്ന അന്തരീക്ഷത്തിലാണ് ഹെലിക്കോണിയ കൃഷിചെയ്യുന്നത്. തണല്‍ കിട്ടാത്തപക്ഷം ചെടികള്‍ ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏകദേശം 15000 പൂക്കളെങ്കിലും ഇദ്ദേഹം വിപണിയിലെത്തിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍നിന്ന് പുഷ്പകൃഷിത്തുള്ള ധനസഹായമായി 15,000 രൂപ സാജുവിന് ലഭിച്ചിരുന്നു. കാര്‍ഷികമേഖലയില്‍ വ്യത്യസ്തമായൊരു മേഖല തിരഞ്ഞെടുത്ത് വിജയംകൊയ്ത സാജു ഇഗ്നേഷ്യസിനെത്തേടി നിരവധി അംഗീകാരങ്ങളുമെത്തി. 2011-12 വര്‍ഷത്തില്‍ ബ്ലോക്കുതലത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനാണ് ലഭിച്ചത്. കുറഞ്ഞ മുതല്‍മുടക്കില്‍നിന്ന് മികച്ച വരുമാനം നേടുന്ന സാജുവിനു ഗുജറാത്ത് സര്‍ക്കാരിന്‍റെ വൈബ്രന്‍റ് ഗുജറാത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിപണി വാഴുന്ന വിവിധതരത്തിലുള്ള പൂച്ചെടികളില്‍നിന്ന് ഹെലിക്കോണിയ തിരഞ്ഞെടുത്തു കൃഷിചെയ്തു വിജയംനേടാന്‍ സാജു കാണിച്ച ചങ്കൂറ്റവും വിപണി കണ്ടെത്തുന്നതില്‍ കാണിച്ച ഉല്‍സാഹവുമാണ് ഇദ്ദേഹത്തെ മറ്റു പുഷ്പകര്‍ഷകരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.
സാജു ഇഗ്നേഷ്യസ്
നടുവിലേക്കുറ്റ്
കൊല്ലപ്പള്ളി, പാലാ, കോട്ടയം
ഫോണ്‍: 9446859854
www.karshikarangam.com