കറുത്തപൊന്ന് തേടി പാശ്ചാത്യര്‍ കടലിനക്കരയ്ക്ക് യാത്രതിരിച്ചെങ്കില്‍ ഇടുക്കിയിലൊരു കര്‍ഷകന്‍ മികച്ചയിനം കുരുമുളകു തേടി കാടുകയറി. അന്വേഷണങ്ങള്‍ക്കൊടുവില്‍ കാട്ടില്‍നിന്നു കണ്ടെത്തിയ അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളകിനം മാറ്റിയെഴുതിയത് ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ തെക്കേല്‍ വീട്ടില്‍ റ്റി. റ്റി. തോമസിന്‍റെ ജീവിതത്തെയാണ്. പെപ്പര്‍ തെക്കേല്‍ അഥവാ തെക്കേല്‍ കുരുമുളക് എന്ന പേരില്‍ പ്രശസ്തമായ കുരുമുളകിനം കണ്ടെത്തിയ കഥ വിസ്മയിപ്പിക്കുന്നതാണ്.
കാര്‍ഷിക ഗവേഷണങ്ങളില്‍ തല്‍പരനായ തോമസ് യാത്രകള്‍ക്കിടയില്‍ തിരയുന്നത് വിശേഷപ്പെട്ടൊരു വിളയിനത്തെയായിരിക്കും. ഇത്തരമൊരു യാത്രയ്ക്കിടയിലാണ് ഇടുക്കി ഡാം റിസര്‍വോയറിന്‍റെ കിഴക്കിന്‍ അതിര്‍ത്തിയായ കാഞ്ചിയാര്‍ അഞ്ചുരുളി വനമേഖലയില്‍നിന്ന് തെക്കേല്‍ കുരുമുളകിന്‍റെ മാതൃസസ്യത്തെ തോമസ് കണ്ടെത്തിയത്. ഇതിന്‍റെ തല ശേഖരിച്ച് തന്‍റെ കൃഷിയിടത്തിലെത്തിച്ച തോമസ് നീണ്ട 25 വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് അത്യുല്‍പ്പാദനശേഷിയുള്ള തെക്കേല്‍ കുരുമുളക് വികസിപ്പിച്ചെടുത്തത്.
സാധാരണ കുരുമുളകിനേക്കാള്‍ ഏറെ സവിശേഷതകളുള്ള ഇനമാണിത്. ശാഖകളുള്ള തിരികളാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. ഇതിന്‍റെ പ്രധാന തിരിയിലും ശാഖകളിലും മുന്തിരിക്കുലകള്‍പോലെ കുരുമുളകുമണികള്‍ പിടിക്കുന്നു. സാധാരണ കുരുമുളകിലേതുപോലെ ആദ്യം ഒരു തിരിയുണ്ടാകുകയും അതു പിന്നീട് ശാഖകളായി വളരുകയുമാണ് ചെയ്യുന്നത്. സാധാരണയിനങ്ങളില്‍ തിരിയൊന്നിന് ശരാശരി അമ്പതില്‍താഴെ കുരുമുളകുമണികള്‍ കാണുമ്പോള്‍ തെക്കേല്‍ കുരുമുളകിന്‍റെ തിരിയിലും ശാഖകളിലുമായി ഇതിന്‍റെ ഇരട്ടിയോളം മണികള്‍ കാണപ്പെടുന്നു. അത്യുല്‍പ്പാദനശേഷിക്കൊപ്പം വിളവെടുക്കാനുള്ള സൗകര്യവും ഇതിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നു.
കൊടിനട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ തെക്കേല്‍ കുരുമുളക് കായ്ച്ചുതുടങ്ങും. നനവുള്ള മണ്ണില്‍ ഈയിനം നന്നായി വളരും. സ്ഥിരമായി കായ്ക്കുന്ന ഒരു കൊടിയില്‍നിന്നും പ്രതിവര്‍ഷം ശരാശരി പത്തുകിലോയിലധികം ഉണക്കക്കുരുമുളക് ലഭിക്കും. ഹെക്ടറിന് 8650 കിലോ വിളവെന്നതാണ് തോമസിന്‍റെ കണക്ക്.
ദ്രുതവാട്ടം പോലെ കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളില്‍നിന്നെല്ലാം ഈയിനത്തിന് പ്രതിരോധശക്തിയുണ്ട്. തീക്ഷ്ണമായ എരിവും ഇതിന്‍റെ സവിശേഷതയാണ്. സാധാരണ കുരുമുളകിനങ്ങള്‍ ഉണക്കുമ്പോള്‍ പച്ചക്കുരുമുളകിന്‍റെ 33 ശതമാനം ഉണക്കക്കുരുമുളക് ലഭിക്കുമ്പോള്‍ തെക്കേല്‍ കുരുമുളകില്‍ അതു 44 ശതമാനമാണ്.
തികച്ചും ജൈവരീതിയിലാണ് തോമസ് ഈയിനത്തെ സംരക്ഷിച്ചുപോരുന്നത്. ഉണക്കിപ്പൊടിച്ച ചാണകം, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയുടെ മിശ്രിതം മാത്രമാണ് വളമായി നല്‍കുന്നത്. കൂടാതെ, മഴക്കാലത്തിനുമുമ്പ് ബോര്‍ഡോമിശ്രിതം ഇലകളിലും ചെടികളിലും തളിച്ചുകൊടുക്കുകയും ചെയ്യും. കുരുമുളക് തിരിയിടുന്ന സമയത്ത് ചാറ്റല്‍ മഴയില്ലെങ്കില്‍ തുള്ളിനന സമ്പ്രദായത്തിലൂടെ വള്ളിയുടെ മുകളില്‍നിന്നും നനച്ചുകൊടുക്കാറുണ്ട്.
കാട്ടുപത്രിയുടെ ഇലയരച്ച് ഏലത്തിന്‍റെ ചുവട്ടിലിട്ടുകൊടുത്ത് നിമാവിരകളെ നിയന്ത്രിക്കാമെന്ന് കണ്ടെത്തിയ തോമസിനെത്തേടി 2000ലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ സാന്ത്വനം അവാര്‍ഡെത്തി. തെക്കേല്‍ കുരുമുളകിനത്തിന്‍റെ കണ്ടെത്തലിനു 2012ല്‍ ഇതേ ഫൗണ്ടേഷന്‍റെ ദേശീയ അവാര്‍ഡും തോമസിനു ലഭിച്ചു. തെക്കേല്‍ കുരുമുളകിന്‍റെ ഖ്യാതി കടല്‍കടന്ന് അക്കരയെത്തുന്നതിനായി നമുക്ക് കാത്തിരിക്കാം.
റ്റി. റ്റി. തോമസ്, തെക്കേല്‍, കാഞ്ചിയാര്‍, ഇടുക്കി
www.karshikarangam.com