ഫാമിലി വെജിറ്റബിള്‍ ബാഗിനെപ്പറ്റിയുള്ള വിശദമായ വിവരണം അടുക്കളത്തോട്ടം എന്ന വിഭാഗത്തില്‍നിന്നു വായിച്ചിരിക്കുമല്ലോ. കാര്‍ഷികരംഗം സുഹൃത്തായ പി.ജെ. സണ്ണിയുടെ നിര്‍ദേശങ്ങള്‍ ഈ രീതി അവലംബിക്കുന്നവരെ സഹായിക്കുമെന്നുറപ്പ്.
പച്ചക്കറിക്കൃഷിക്കൊപ്പം പാഴ്വസ്തു സംസ്കരണം കൂടി ഉറപ്പാക്കാന്‍ സാധിക്കുന്ന രീതിയാണിത്. ഈ രീതിയില്‍ ചാക്ക് നിറയ്ക്കുന്നത് ഒറ്റയടിക്കല്ല. ഓരോ ദിവസവും അടുക്കളയിലുണ്ടാകുന്ന പാഴ്വസ്തുക്കളും മുറ്റത്തു വീണുകിട്ടുന്ന കരിയിലകളുമെല്ലാം ഫാമിലി വെജിറ്റബിള്‍ ബാഗില്‍ ശേഖരിച്ചുകൊണ്ടിരിക്കുക. ഒരാഴ്ചത്തെ പാഴ്വസ്തുക്കള്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ പത്തു കിലോ മേല്‍മണ്ണും മൂന്നു കിലോ പച്ചച്ചാണകം അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതും മുകളിലായി ചേര്‍ത്തു കൊടുക്കുക. പുട്ടിനു പീരയിടുന്നതെങ്ങനെയാണോ അതുപോലെ മണ്ണും ചാണകപ്പാലും ചേര്‍ത്തു കൊടുക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഏറക്കുറേ രണ്ടു മാസം കൊണ്ട് ചാക്ക് നിറഞ്ഞിട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ പച്ചക്കറികളുടെ നടീല്‍ ആരംഭിക്കാം. ചീരപോലെയുള്ള വിളകള്‍ തനിവിളയായോ പല വിളകള്‍ ചേര്‍ത്തോ കൃഷി ചെയ്യാം. മുട്ടത്തോടും മീന്‍വൃത്തിയാക്കിയതിന്‍റെ അവശിഷ്ടങ്ങളും കറിക്കു നുറുക്കിയതിന്‍റെ ബാക്കിയുമെല്ലാം ചാക്കില്‍ നിക്ഷേപിക്കുന്നതിനു തടസമില്ല. ബാക്കി കാര്യങ്ങളെല്ലാം ഫാമിലി വെജിറ്റബിള്‍ ബാഗിനെപ്പറ്റിയുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ തന്നെ. അരി കഴുകുന്ന വെള്ളവും ചോറു വാര്‍ക്കുന്ന വെള്ളത്തിന്‍റെ തെളിയെടുത്ത് പുളിപ്പിച്ചതും ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ചീരയാണു കൃഷി ചെയ്യുന്നതെങ്കില്‍ പിഴുതെടുത്ത് ഉപയോഗിക്കുന്നതിനു പകരം മുറിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു.
(ഈ വിവരം കാര്‍ഷികരംഗവുമായി പങ്കുവച്ചത് അധ്യാപകനായ പി. ജെ. സണ്ണി, കാഞ്ഞിരപ്പള്ളി)
പി. ജെ. സണ്ണി, കാഞ്ഞിരപ്പള്ളി
www.karshikarangam.com