പയ്യാവൂര്‍ പഞ്ചായത്തില്‍ ചന്ദനയ്ക്കാംപാറ കൊല്ലക്കുന്നേല്‍ വര്‍ഗീസ് നാട്ടുകാരുടെ മുഴുവന്‍ കൊച്ചേട്ടനാണ്. കണ്ണൂരിന്‍റെ ഈ മലയോര മേഖലയിലെ ഏറ്റവും ആദ്യകാല കുടിയേറ്റക്കാരിലൊരാളായതിനാല്‍ ഇദ്ദേഹത്തെ കുടിയേറിയെത്തവരുടെ വല്യേട്ടനെന്നു വിളിച്ചാലും തെറ്റില്ല. ഈ എഴുപത്ത ഞ്ചുകാരന്‍റെ കൈവെള്ളയിലെ തഴമ്പുകളോരോന്നിനും ഒരു കഥ പറയാനുണ്ട്. മണ്ണിനോടുള്ള സ്നേഹത്തിന്‍റെ കഥ. ജീവിതത്തിന്‍റെ നല്ലകാലമത്രയും മണ്ണു സംരക്ഷണത്തിനു നീക്കിവച്ചതിനു പാരിതോഷികമായി സംസ്ഥാന ഗവണ്‍മെന്‍റ് ക്ഷോണിമിത്ര പുരസ്കാരം നല്‍കിയാണ് ഇദ്ദേഹത്തെ ആദരിച്ചത്.
പ്രകൃതി ആരോടോ വാശി തീര്‍ക്കുന്നതുപോലെ മണ്ണു മുഴുവന്‍ ഒഴു ക്കിക്കളഞ്ഞ പാറക്കൂട്ടമാണ് വര്‍ഗീസിനു സ്വന്തമാക്കാന്‍ സാധിച്ചത്. അന്‍പത്തിയെട്ടു വര്‍ഷം മുമ്പ് തൊടുപുഴയില്‍നിന്ന് കുടിയേറിയെത്തിയ കാലത്തെ കാര്യമാണ്. കൈയിലുണ്ടായിരുന്ന പണത്തിനു വാങ്ങാന്‍ കഴിയുമായിരുന്നത് ഈ ഭൂമിയായിരുന്നു.
മൂന്നര ഏക്കര്‍ ഭൂമിക്ക് വസ്തു ഉടമയായിരുന്ന ജന്മിക്ക് 75 രൂപ നല്‍കേണ്ടി വന്നു. മണ്ണിനോടു പടവെട്ടിയല്ല, കല്ലിനോടു പടവെട്ടിയാണ് ഇദ്ദേഹം തന്‍റെ കാര്‍ഷിക ജീവിതം ആരംഭിക്കുന്നത്. ചെങ്കുത്തായ ഒരു പ്രദേശമായിരുന്നു ഇത്. ഇങ്ങനെയുള്ള ഭൂമിയില്‍ കൃഷിചെയ്യുക എന്നത് അങ്ങേയറ്റം ദുഷ്കരമായ കാര്യവും. എന്നാല്‍, കൊച്ചേട്ടന് ഇവിടെ കൃഷിചെയ്തേ മതിയാകു മായിരുന്നുള്ളൂ. കാരണം ജീവിക്കണമെങ്കില്‍ കൃഷിചെയ്ത് ഭക്ഷണം ഉണ്ടാക്ക ണം. അത്രമേല്‍ ചെങ്കുത്തായ പ്രദേശമായിരുന്നതിനാല്‍ കയ്യാല നിര്‍മിക്കാതെ കൃഷിയില്‍ ഒരു ചുവടു മുന്നേറാന്‍ സാധിക്കുമായിരുന്നില്ല. ഇദ്ദേഹത്തിന്‍റെ കൈമുദ്ര പതിയാത്ത ഒരു കല്ലുപോലും ഈ പുരയിടത്തിലില്ലെന്ന് നിസംശയം പറയാം. വലിയ കല്ലുകള്‍ ചിലപ്പോള്‍ ഉരുട്ടി ക്കൊണ്ടുവന്ന് കയ്യാലയില്‍ ഉറപ്പിച്ചു. മറ്റു ചിലതാകട്ടെ കൂടത്തിനു തല്ലിപ്പൊട്ടിച്ച് കയ്യാലയുടെ ഭാഗമാക്കി. എന്തായാലും ഈ കയ്യാലകളുടെ സൗന്ദര്യം ഒന്നു കാണേണ്ടതു തന്നെ.
ഈ ചെങ്കുത്തായ പ്രദേശത്തെ മണ്ണിനെ മെരുക്കിയെടുത്തു പൊന്നുവിളയിക്കുന്നതില്‍ വര്‍ഗീസ് അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ഇദ്ദേഹം വര്‍ഷങ്ങള്‍ കൊണ്ട് മൂന്നരയേക്കര്‍ ഭൂമിയും കയ്യാലകെട്ടി തട്ടുകളാക്കി തിരിച്ചെടുത്തു.
വെറും നാല്‍പതു വര്‍ഷംകൊണ്ട് അയ്യായിരം മീറ്ററോളം കയ്യാലകളാണ് ഇരുപത്തഞ്ച് തട്ടുകളിലായി നിര്‍മ്മിച്ചത്. ഒന്നര മീറ്ററില്‍ താഴെ ഉയരമാണ് മിക്ക കയ്യാലകള്‍ക്കുമുള്ളത്. ഓരോ കയ്യാലയിലും കല്ലുകൊണ്ടു തന്നെ പടികളും കുത്തുകല്ലുകളുമൊരുക്കിയിട്ടുണ്ട്. കയ്യാലകള്‍ക്കിടയില്‍ ശരാശരി മൂന്നു മീറ്റര്‍ വീതിയില്‍ മണ്ണുനിരത്തിയാണ് ഓരോ പ്ലാറ്റ്ഫോമും തയ്യാറാക്കിയിരിക്കുന്നത്.
നെല്‍കൃഷിയാണ് ആദ്യമായി ഈ മണ്ണില്‍ പരീക്ഷിച്ചത് പിന്നീട് കുരുമുളകും കശുമാവും റബ്ബറും കപ്പയുമൊക്കെ കൃഷിചെയ്തു. എല്ലാത്തില്‍നിന്നും മികച്ച വിളവാണ് ലഭിച്ചത്. മലയോര പ്രദേശങ്ങളിലെ ഭൂമികള്‍ക്കു ചരിവേറും. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ കല്ലുകയ്യാലകള്‍ കൊണ്ടു മാത്രമേ മികച്ച കൃഷി സാധ്യമാവൂ എന്ന് ഇദ്ദേഹം പറയുന്നു.
പൂര്‍ണമായും ജൈവരീതിയില്‍ ഊന്നിയുള്ളതായിരുന്നു എല്ലാ കൃഷിയും. ഒരു വിളയ്ക്കും രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിച്ചിട്ടില്ല, വളരെയധികം ഫലപുഷ്ടിയുള്ള മണ്ണാണിത്. കാരണം കയ്യാലകെട്ടല്‍ എന്നാല്‍ മണ്ണുസംരക്ഷണമാണല്ലോ നടക്കുന്നത്. മേല്‍മണ്ണു സംരക്ഷിക്കപ്പെടുമ്പോള്‍ അത് വളക്കൂറുള്ളതായി മാറുന്നു.
കൊച്ചേട്ടന്‍ കയ്യാലകളുടെ സിവിള്‍ എന്‍ജിനിയറിങ് പഠിച്ചതിനും ഒരു അനുബന്ധമുണ്ട്. മുമ്പ് പട്ടാളക്കാരുടെ പുനരധിവാസ മേഖലയായ ഷിമോഗകോളനി എന്നൊരു സ്ഥലം ഈ പ്രദേശത്തുണ്ടായിരുന്നു. അവിടെ കേന്ദ്രസര്‍ക്കാരിന്‍റെ ഒരു കയ്യാല നിര്‍മിക്കല്‍ പദ്ധതി ഉണ്ടായിരുന്നു. മണ്ണുസംരക്ഷണ വകുപ്പിനായിരുന്നു അതിന്‍റെ ചുമതല.
കൃഷിഭൂമികള്‍ കൂടുതല്‍ ചരിവ് സ്ഥലങ്ങള്‍ ആയതിനാല്‍ മണ്ണ് ഒരുക്കുന്നത് ഒരു ശ്രമകരമായ ജോലിയായിരുന്നു. ചെരിവ് സ്ഥലങ്ങളില്‍ കൊണ്ടൂര്‍ ലൈനടിച്ച് കയ്യാലകള്‍ തീര്‍ക്കണം. ചെരിവ് എത്ര കൂടിയാലും കയ്യാലയുടെ ഉയരം ഒരു മീറ്ററില്‍ കൂടരുത്. ഒരു മീറ്റര്‍ ഉയരത്തില്‍ മൂന്നു മീറ്റര്‍ നിരപ്പ് കിട്ടുന്ന ചരിവാണെങ്കില്‍ ഒരേക്കറിന് 1200 മീറ്റര്‍ കയ്യാല വരും. ഇതായിരുന്നു കൊച്ചേട്ടന്‍ പഠിച്ച കണക്ക്. ഇതനുസരിച്ച് സ്വന്തം പുരയിടത്തില്‍ ഇദ്ദേഹം 5000 മീറ്ററോളം കയ്യാലകളാണ് നിര്‍മിച്ചത്.
ഷിമോഗ കോളനിയിലെ കയ്യാലപണിക്കിടെ മണ്ണുസംരക്ഷണവകുപ്പില്‍നിന്നും കോണ്ടൂര്‍ ലൈനില്‍ കൂടി ശാസ്ത്രീയമായി ചരടു വലിക്കാനും കുറ്റിയടിക്കാനും പഠിച്ചു. സ്വന്തം കൃഷിയിടത്തിലും പിന്നീടതു പ്രാവര്‍ത്തികമാക്കി. പുരയിടത്തിന്‍റെ ഒരു ഭാഗത്തുനിന്നും മണ്ണ് വെട്ടുമ്പോള്‍ കിട്ടുന്ന കല്ലും പാറക്കഷണങ്ങളും കൊണ്ടാണ് വര്‍ഗീസ് ചേട്ടന്‍ മറുഭാഗത്തു കയ്യാലകള്‍ നിര്‍മിച്ചത്.
മഴവെള്ളത്തെ കൃഷിയിടത്തില്‍ തന്നെ ശേഖരിച്ചുനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ കയ്യാല നിര്‍മിച്ചതിന്‍റെ ഫലം താഴ്വാരത്തും മറ്റ് കൃഷിയിടങ്ങളിലും കാണാമെന്ന് ഇദ്ദേഹം പറയുന്നു. ചുറ്റുവട്ടത്തുള്ള കിണറുകളിലെല്ലാം ഉറവകള്‍ സജീവമായിരിക്കുന്നു. വേനലില്‍ ഇവിടെ വെള്ളം വറ്റുന്ന പ്രശ്നമേയില്ല. വളക്കൂറുള്ള മണ്ണില്‍ രാസവളപ്രയോഗത്തിന്‍റെ ആവശ്യവും വരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. കളശല്യമാണെങ്കില്‍ വളരെ കുറവ്. സമീപ്രദേശങ്ങളിലെ വന്യമൃഗങ്ങളുടെ ശല്യം ഇദ്ദേഹത്തിന്‍റെ പുരയിടത്തിലില്ല. തട്ടുതട്ടായി കെട്ടിയ കയ്യാലകള്‍ കാട്ടുപന്നികളുടെ സ്വതന്ത്ര സഞ്ചാരത്തിന് വിഘാതമാകുന്നതാണ് ഇതിനു കാരണം.
തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള സൊസൈറ്റിയും പയ്യാവൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും മികച്ച കര്‍ഷകനുള്ള അവാര്‍ഡുകള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
www.karshikarangam.com