കൂണ്‍കൃഷിയിലൂടെ ജീവിതം തന്നെ മാറ്റിയെഴുതിയ നിരവധി വനിതകള്‍ ഇന്നു കേരളത്തിലുണ്ട്. ഇവര്‍ക്ക് ഉത്തമ ഉദാഹരണമാണ് ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ സുധ ശശി. ഒന്നരവര്‍ഷത്തോളമായി സുധ ചിപ്പിക്കൂണ്‍ കൃഷിരംഗത്തേക്ക് എത്തിയിട്ട്. കൂണ്‍കൃഷിയെക്കുറിച്ച് കൃഷിഭവന്‍ സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്തതാണ് ഈ രംഗത്തേക്ക് തിരിയാന്‍ സുധയെ പ്രേരിപ്പിച്ചത്. വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ആവശ്യമായ വിത്തുകള്‍ വാങ്ങി അമ്പതു ബെഡുകളുമായാണ് ഇവര്‍ കൃഷി ആരംഭിക്കുന്നത്.
സാധാരണഗതിയില്‍ വൈക്കോലാണ് പൊതുവേ കൂണ്‍കൃഷിയില്‍ മാധ്യമമായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇവര്‍ തികച്ചും വ്യത്യസ്തമായി അറക്കപ്പൊടിയാണ് കൂണ്‍വളര്‍ത്തല്‍ മാധ്യമമായി തിരഞ്ഞെടുത്തത്. ചിപ്പിക്കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം അറക്കപ്പൊടി തന്നെയാണെന്നും ഇതില്‍ത്തന്നെ റബ്ബര്‍ത്തടി മുറിക്കുമ്പോഴുള്ള അറക്കപ്പൊടിയാണ് ഏറ്റവും മികച്ചതെന്നും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സുധ പറയുന്നു. പച്ചത്തടി അറുത്തെടുക്കുമ്പോള്‍ കിട്ടുന്ന പൊടി എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
അറക്കപ്പൊടി ഇരുപതു മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തിട്ടശേഷമാണ് ഉപയോഗിക്കുന്നത്. വെള്ളം മുഴുവന്‍ പിഴിഞ്ഞുകളഞ്ഞശേഷം കട്ടിയുള്ള തുണിയിലോ ചാക്കിലോ കിഴികെട്ടിയെടുത്ത് കഴിയുന്നത്ര വെള്ളം പിഴിഞ്ഞുകളയണം. ഇങ്ങനെ തയ്യാറാക്കിയ അറക്കപ്പൊടി ഒരു മണിക്കൂര്‍ സമയം ആവിയില്‍ പുഴുങ്ങിയെടുക്കുന്നു. അതിനുശേഷം വൃത്തിയുള്ള തുണിയിലോ ഷീറ്റിലോ നിരത്തിയിട്ട് അമ്പതു ശതമാനം ഈര്‍പ്പത്തിലേക്കെത്തിച്ച് ബെഡ് തയാറാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
ആദ്യഘട്ടത്തില്‍ തയാറാക്കിയ അമ്പതു കൂണ്‍തടങ്ങളില്‍ നിന്ന് മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ ഈ സംരംഭവുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ആദ്യമൊന്നും കൂണ്‍കൃഷിക്ക് പ്രത്യേക സ്ഥലം കണ്ടെത്തിയിരുന്നില്ല. പിന്നീട്, സമീപത്തുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് കൂണ്‍കൃഷി തുടര്‍ന്നത്. അമ്പതു ബെഡ്ഡുകളില്‍ തുടങ്ങിയ കൂണ്‍വളര്‍ത്തല്‍ ഇന്ന് അഞ്ഞൂറു ബെഡ്ഡുകളിലെത്തി നില്‍ക്കുന്നു. 300-350 രൂപ നിരക്കില്‍ ഒന്നരക്കിലോ കൂണിന്‍റെ പായ്ക്കറ്റുകളായാണ് വില്‍ക്കുന്നത്. നാട്ടില്‍ തന്നെ നിരവധി ആവശ്യക്കാരുള്ളതിനാല്‍ ഇതുവരെ വിപണനത്തിനു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുധ സന്തോഷത്തോടെ പറയുന്നു.
വിത്ത്, മികച്ച മാധ്യമം, അനുയോജ്യമായ കാലാവസ്ഥ, ആവശ്യത്തിന് ജലലഭ്യത, കൃഷിയോടുള്ള താല്‍പര്യം എന്നീ അഞ്ചു കാര്യങ്ങളുണ്ടെങ്കില്‍ കൂണ്‍കൃഷി വിജയിക്കുമെന്ന കാര്യത്തില്‍ ഈ വീട്ടമ്മയ്ക്കു സംശയമില്ല. ഇതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗുണമേന്മയുള്ള വിത്താണ്. ശുദ്ധമായ, കൃത്യമായ മൂപ്പുള്ള, പുതിയ വിത്ത് മാത്രമേ കൃഷിക്കുപയോഗിക്കാവൂ. മാതൃവിത്തില്‍നിന്ന് രണ്ടുമൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ പകര്‍ത്തിയ വിത്ത് കൃഷിക്ക് അനുയോജ്യമല്ല. ഏതുതരം ജൈവവസ്തുക്കളിലും ചിപ്പിക്കൂണ്‍ വളരുമെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. എന്നാല്‍, പ്രാദേശികമായി പെട്ടെന്നു ലഭ്യമായതും പരമാവധി വിളവു ലഭിക്കുന്നതുമായ മാധ്യമം തിരഞ്ഞെടുക്കണമെന്നു മാത്രം. കരിമണ്ണൂര്‍ പ്രദേശത്ത് അറക്കപ്പൊടി വളരെയധികം ലഭ്യമായതുകൊണ്ടാണ് സുധ കൂണ്‍കൃഷിക്ക് മാധ്യമമായി അറക്കപ്പൊടി തിരഞ്ഞെടുത്തത്.
വളരെയധികം ഔഷധഗുണമുള്ളതാണ് ചിപ്പിക്കൂണുകള്‍. ചിപ്പിക്കൂണിന് കരളിനെ സംരക്ഷിക്കുന്നതിനും റേഡിയേഷനില്‍നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള കഴിവുമുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. റേഡിയേഷന്‍ ചികില്‍സയിലേര്‍പ്പെട്ടിരിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ചിപ്പിക്കൂണ്‍ കഴിക്കുന്നതു വഴി റേഡിയേഷന്‍റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ചിപ്പിക്കൂണ്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, കരള്‍വീക്കം എന്നിവയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു.
ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്നതിനായി വെളുത്തനിറത്തിലുള്ള, കട്ടിയേറിയതും 60ഃ30 സെന്‍റിമീറ്റര്‍ വലിപ്പമുള്ളതുമായ പ്ലാസ്റ്റിക് കവറുകളാണ് അനുയോജ്യം. കവറിന്‍റെ അടിവശം നന്നായി കെട്ടിയശേഷം, പുഴുങ്ങിയുണക്കി അണുരഹിതമായി സൂക്ഷിച്ചിരിക്കുന്ന അറക്കപ്പൊടി കവറിന്‍റെ അടിഭാഗത്തായി നിരത്തുന്നു. അതിനുമീതെ വശങ്ങളില്‍ കൂണ്‍വിത്ത് വിതറിയശേഷം വീണ്ടും നിരയായി അറക്കപ്പൊടി നിരത്തുന്നു. നാലോ അഞ്ചോ നിര ഇത്തരത്തില്‍ ക്രമീകരിക്കാവുന്നതാണ്. അതിനുശേഷം കവറിന്‍റെ മുകള്‍ഭാഗം ചരടുപയോഗിച്ച് നന്നായി കെട്ടിവയ്ക്കുന്നു. പിന്നീട്, ഈ കവറുകളില്‍ എല്ലാവശങ്ങളിലും സുഷിരങ്ങളിട്ടു കൊടുക്കുന്നു. ഇത്രയുമായാല്‍ കൂണ്‍കൃഷിക്കുള്ള ബെഡ് തയാറായി. ദിവസവും രണ്ടുനേരം വീതം കുറേശ്ശേ വെള്ളം തളിച്ചുകൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനകംതന്നെ ഇതളുകള്‍ വിടര്‍ന്ന് പതിയെ വിളവെടുപ്പിനു പാകമാകും. ഒരു കൂണ്‍ബെഡില്‍നിന്ന് മൂന്നുനാലു പ്രാവശ്യത്തില്‍ കൂടുതല്‍ വിളവെടുക്കാറില്ല.
കൂണ്‍കൃഷിക്കു പുറമേ ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയും ഇവര്‍ കൃഷിചെയ്യുന്നുണ്ട്. വീട്ടുജോലികള്‍ ചെയ്തുകഴിഞ്ഞ് മിച്ചംവരുന്ന സമയം ഫലപ്രദമായി ഉപയോഗിച്ച് വരുമാനം നേടുന്ന ഇവരെപ്പോലെയുള്ള വീട്ടമ്മമാരെ നമുക്കും മാതൃകയാക്കാം.
സുധ ശശി
മുല്ലശ്ശേരി ഹൗസ്, കിളിയറ, കരിമണ്ണൂര്‍, ഇടുക്കി ജില്ല
ഫോണ്‍: 9400962988
www.karshikarangam.com