ചുരയ്ക്ക, പീച്ചില്‍


അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറിവിളകളാണ് ചുരയ്ക്കയും പീച്ചിലും. ഇവയുടെ ഇളംപ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. പീച്ചിലാണെങ്കില്‍ ചതുരന്‍ പീച്ചിലും ഒഴുക്കന്‍പീച്ചിലുമാണ് മുഖ്യമായും ഉപയോഗിച്ചു വരുന്നത്. 


ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്നാണ് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.  


കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ പീച്ചില്‍ ധാരാളം ഉപയോഗിച്ചുവരുന്നു. ആലപ്പുഴ, എറണാകുളത്തിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പീച്ചിലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. മലബാര്‍ മേഖലയില്‍ പൊട്ടിക്ക, ഞരമ്പന്‍ എന്നീ പേരുകളിലും പീച്ചില്‍ അറിയപ്പെടുന്നു. ഇളംകായ്കളാണ് പ്രധാനമായും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത്. മൂത്ത കായ്കളുടെ വിത്ത് കളഞ്ഞശേഷം എടുക്കുന്ന പീര/നാര് തേച്ചുകുളിക്കുന്നതിനായും ഉപയോഗിക്കാറുണ്ട്. 

 

ഇനങ്ങള്‍  - ചുരയ്ക്ക

 

  • അര്‍ക്ക ബാഹാര്‍ : ഇടത്തരം നീളമുള്ള കായ്കളാണ് ഇവയുടെ പ്രത്യേകത. ഞെട്ടിന്‍റെ ഭാഗം അല്‍പം വളഞ്ഞാണിരിക്കുന്നത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനമാണിത്.

 

ഇനങ്ങള്‍ - പീച്ചില്‍

 

  • ഹരിതം : കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള ഈയിനം ചതുരപ്പീച്ചിലാണ്. അത്യുല്‍പാദനശേഷിയുള്ള ഇവയുടെ നിറം കടുംപച്ചയാണ്. 

 

  • അര്‍ക്ക സുജാത് : ഒഴുക്കന്‍പീച്ചില്‍ ഇനമാണിത്. അത്യുല്‍പാദനശേഷിയുള്ള ഈയിനം അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്. ഇടത്തരം നീളമുള്ള ഇളം പച്ചനിറത്തിലുള്ള കായ്കള്‍ രുചിയിലും മുന്നിലാണ്. 

 

  • സുരേഖ: വളരെപ്പെട്ടെന്ന് കായ്ക്കുന്ന ഇനമാണിത്. മഴക്കാലങ്ങളില്‍ നല്ല വിളവ് നല്‍കുന്നു. മികച്ച വിളവു ലഭിക്കും. 

 

കൃഷിരീതി 


ചുരയ്ക്കയും പീച്ചിലും വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാമും, പീച്ചില്‍ 10 ഗ്രാമും ആവശ്യമാണ്. ഇടയകലമാകട്ടെ ചുരയ്ക്കയ്ക്ക് 3x3 മീറ്ററും, പീച്ചിലിന് 2x2 മീറ്ററുമാണ്. 2-3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്. 

 

രോഗ-കീടങ്ങള്‍


പീച്ചിലിന് രോഗകീടബാധകള്‍ പൊതുവേ കുറവാണ്. നന്നായി വെള്ളവും ജൈവവളവും നല്‍കിയാല്‍ പീച്ചില്‍ വര്‍ഷം മുഴുവന്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നല്ല വിളവ് നല്കും. ചുരയ്ക്കയില്‍ മത്തന്‍വണ്ട്, എപ്പിലാക്ന (ആമ) വണ്ട്, പുഴുക്കള്‍ എന്നിവയുടെ ആക്രമണമുണ്ടാകാറുണ്ട്. ഇവയുടെ നിയന്ത്രണമാര്‍ഗങ്ങള്‍ പടവലത്തിന്‍റേതുപോലെയാണ്.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237273