പഴവര്‍ഗങ്ങള്‍ : അവക്കാഡോ


അവക്കാഡോ - വെണ്ണപ്പഴം

 

പെഴ്സിയ അമേരിക്കാന' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോ കറുവപ്പട്ടയും കര്‍പ്പൂരവും ഉള്‍പ്പെടുന്ന 'ലോറേസി' എന്ന സസ്യകുലത്തിലെ അംഗമാണ്. മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.


  ഇനങ്ങളും ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. ഏതാണ്ട് എഴുനൂറിലേറെ ഇനങ്ങളുണ്ട്. എങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള ഇനങ്ങള്‍ ഇവയാണ്. 

 

  •  പര്‍പ്പിള്‍ : ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്. ഇത് വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു. 

 

  • പൊള്ളോക്ക് : ഉഷ്ണമേഖലയ്ക്കു യോജിച്ച മറ്റൊരിനം. ഇതിന്‍റെ കായ്കള്‍ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യന്‍ വിഭാഗം.

 

  • ലുല : കൊഴുപ്പിന്‍റെ അംശം താരതമ്യേന കുറഞ്ഞ ലുല ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കള്‍ വലുത്. ഗ്വാട്ടിമാലന്‍ വിഭാഗമാണ്. 

 

  • ഫര്‍ട്ടി : സങ്കരയിനമാണ് ഫര്‍ട്ടി; ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാന്‍ കഴിവുള്ളതിനാല്‍ മിതോഷ്ണമേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യം.

 

  • ഹാസ്സ് : മിതോഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലന്‍ വിഭാഗം.

 

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പ് ; മൂത്താല്‍ കടുംപച്ച. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണ് പൂക്കള്‍. ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗപുഷ്പങ്ങളെപ്പോലെയാണ്. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

 


പ്രജനനവും കൃഷിയും


വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍തന്നെയാണ് ഒട്ടിക്കുക. 


മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ മേല്‍മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാല്‍ വളര്‍ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകള്‍ക്ക് 1: 1: 1 എന്ന അനുപാതത്തിലും വളര്‍ന്ന ചെടികള്‍ക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം. നട്ട് ആദ്യവര്‍ഷം ജൂണ്‍ മാസമാകുമ്പോള്‍ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്‍ വളങ്ങള്‍ ചേര്‍ക്കണം. നവംബറാകുമ്പോള്‍ വീണ്ടും 25 ഗ്രാം യൂറിയ നല്‍കുക. രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നല്‍കുക. മൂന്നാം വര്‍ഷം ജൂണ്‍, നവംബര്‍ മാസങ്ങളില്‍ 1മ്മ കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നല്‍കണം. നാലാം വര്‍ഷം മുതല്‍ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്‍ക്കും അവക്കാഡോയുടെ വളര്‍ച്ചയിലും വിളവിലും നിര്‍ണായക പങ്കുണ്ട്. കര്‍ണാടകത്തിലെ കൂര്‍ഗില്‍ ഒറ്റവിളയ്ക്കുപകരം അവക്കാഡോ കാപ്പിത്തോട്ടങ്ങളില്‍ ഇടവിളയായും വളര്‍ത്തിയിട്ടുണ്ട്.

 

വളര്‍ത്തുന്ന ഇനത്തിന്‍റെ സ്വഭാവമനുസരിച്ച് കൊമ്പുകോതല്‍ (പ്രൂണിങ്) നടത്താം. കുത്തനെ വളരുന്ന  ഇനങ്ങളില്‍ പ്രധാന തടി മുറിച്ചു മാറ്റി ശാഖകള്‍ വശങ്ങളിലേക്ക് വളരാന്‍ അനുവദിക്കുന്നു. എന്നാല്‍ വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളില്‍ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളര്‍ച്ച ക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കുംവിധം വേണം കൊമ്പുകോതാന്‍. തറ നിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ നാലു പാര്‍ശ്വശിഖരങ്ങള്‍ അകലം നല്‍കി നിലനിര്‍ത്തി ബാക്കിയുള്ളവ നീക്കണം.


വിളവ് 


കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം. വിത്തു തൈകള്‍ കായ്ക്കാന്‍ അഞ്ചാറു വര്‍ഷം വേണ്ടി വരും. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ്ക്കാന്‍ 3-4 വര്‍ഷം മതി. ദക്ഷിണേന്ത്യയില്‍ അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുമാണ്. പഴുക്കുമ്പോള്‍ കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാല്‍ മൂപ്പ് അറിയാന്‍ തെല്ലു വിഷമമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈര്‍ഘ്യം, കായുടെ വലുപ്പം മുതലായവ കണക്കിലെടുത്തുവേണം വിളവെടുപ്പ്. മൂത്ത കായ്കള്‍ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയില്‍ ഒരു മാസം വരെ കായ്കള്‍ കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തില്‍ നിന്ന് 100 മുതല്‍ 500 കായ് വരെ കിട്ടും.


കേരളത്തില്‍ വയനാട്ടില്‍ ഇപ്പോള്‍ അവക്കാഡോ കൃഷിക്ക് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇവിടങ്ങളില്‍ പെള്ളോക്ക്, ഫര്‍ട്ടി, കല്ലാര്‍ റൗണ്ട്, പര്‍പ്പിള്‍ ഹൈബ്രിഡ് എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുന്നു. ഇതില്‍ 'കല്ലാര്‍ റൗണ്ട്' എന്ന ഇനത്തിന് വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. ഇതിന്‍റെ ഉരുണ്ട രൂപമാണ് ഇതിനു കാരണം. എല്ലാ വര്‍ഷവും വയനാട്ടില്‍ മാത്രം അയ്യായിരത്തോളം ഒട്ടുതൈകള്‍ വിറ്റുപോകാറുണ്ട്. 20 രൂപയാണ് ഒരു തൈയുടെ വില. എന്നാല്‍ ഇത്തവണ മാത്രം പതിനായിരത്തോളം അവക്കാഡോ തൈകള്‍ വിറ്റുപോയത് ജില്ലയില്‍ ഇതിന്‍റെ കൃഷി വ്യാപിക്കുന്നതിന്‍റെ പ്രത്യക്ഷലക്ഷണമാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466185