പഴവര്‍ഗങ്ങള്‍ : പപ്പായ


നടീലും വംശവര്‍ധനയും 

വിത്തു മുളപ്പിച്ച് തൈകള്‍ നട്ടാണ് പപ്പായ സാധാരണ വളര്‍ത്താറ്. മൂത്ത കായ്കളില്‍ നിന്ന് വേര്‍തിരിച്ച് കഴുകി തണലത്തുണക്കിയ വിത്തുകള്‍ തടങ്ങളിലോ പോളിത്തീന്‍ കവറുകളിലോ പാകി തൈകളാക്കാം. തടങ്ങള്‍ 2 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയിലും 15 സെ.മീ. ഉയരത്തിലുമുണ്ടാക്കാവുന്നതാണ്. ഇതില്‍ വിത്തുകള്‍ 3 സെന്‍റിമീറ്റര്‍ താഴ്ചയില്‍ നടാം. വരികള്‍ തമ്മില്‍ 15 സെന്‍റിമീറ്ററും വിത്തുകള്‍ തമ്മില്‍ 5 സെന്‍റിമീറ്ററും അകലം പാലിക്കാം. മണല്‍, ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ്, അഴുകിപ്പൊടിഞ്ഞ കരിയില എന്നിവ ഉപയോഗിച്ച് തടമുണ്ടാക്കുന്നതാണ് നല്ലത്. വാണിജ്യകൃഷിയില്‍ ഒരേക്കറിലേക്കുള്ള തൈയ്ക്ക് 100 ഗ്രാം വിത്ത് വേണം. 


പോളിത്തീന്‍ കവറുകള്‍ക്ക് 20ഃ15 സെന്‍റിമീറ്റര്‍ വലുപ്പവും 150 ഗേജ് കട്ടിയും മതിയാവും. ഇവയില്‍ ചാണകപ്പൊടി/കമ്പോസ്റ്റ്, മണ്ണ്, മണല്‍ എന്നിവ തുല്യ അനുപാതത്തില്‍ നിറച്ച് വിത്ത് പാകാം. രണ്ടു മാസം വളര്‍ച്ചയായാല്‍ തോട്ടങ്ങളില്‍ നടാം. 

 

പപ്പായയില്‍ കൂനപ്പതി

 

കൂനപ്പതിയിലൂടെയും (മൗണ്ട് ലെയറിങ്) പപ്പായത്തൈകള്‍ ഉണ്ടാക്കാം. നല്ല ഇനം പപ്പായമരങ്ങള്‍ പ്രായമായി നശിക്കും മുമ്പ് അതില്‍ കൂനപ്പതി ചെയ്യാം. കാലവര്‍ഷം തുടങ്ങും മുമ്പായി തറനിരപ്പില്‍നിന്ന് 25 സെ.മീ. ഉയരത്തില്‍വച്ച് മരം വട്ടത്തില്‍ മുറിച്ചുമാറ്റണം. മുറിഞ്ഞ ഭാഗം പോളിത്തീന്‍ കവറിട്ടു മൂടി വെള്ളം കയറുന്നതു തടയാം. ഒന്ന്-ഒന്നര മാസം കഴിയുമ്പോള്‍ മുറിഞ്ഞ ഭാഗത്ത് പൊടിപ്പുകളുണ്ടാവും. ഇവയില്‍ നല്ല ആരോഗ്യമുള്ള 3-4 എണ്ണം നിര്‍ത്തി ബാക്കി നശിപ്പിക്കണം. പൊടിപ്പുകള്‍ക്ക് 45 സെ.മീ. ഓളം ഉയരമാകുമ്പോള്‍ ചുവട്ടില്‍ മുറിവുണ്ടാക്കാം. നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഒരു വശത്തുനിന്നും മറുവശത്തേക്ക് ചരിച്ച് മുകളിലേക്കു ഒരു മുറിവുണ്ടാക്കണം. ഈ മുറിവ് പൊടിപ്പിന്‍റെ പകുതി വണ്ണത്തിലേ ഉണ്ടാക്കാവൂ. പിളര്‍ന്ന ഭാഗത്ത് വണ്ണം കുറഞ്ഞ ഒരു തടിക്കഷണം തിരുകി വയ്ക്കുക. തുടര്‍ന്ന് മണ്ണ് കൂനയിലെ ചിനപ്പുകളുടെ ചുവട്ടില്‍ കൂട്ടി വയ്ക്കണം. വേരുകളുണ്ടായി മണ്ണിലിറങ്ങാന്‍ വേണ്ടിയാണിത്. 3 മാസത്തോളമാകുമ്പോള്‍ വേരുകള്‍ നന്നായി വളര്‍ന്നിറങ്ങും. ഈ സമയത്ത് ചിനപ്പുകള്‍ വേരോടുകൂടി തടിയില്‍ നിന്ന് വേര്‍പെടുത്തി പോളിത്തീന്‍ കവറുകളില്‍ നടാം. 

 

മേയ്-ജൂണില്‍ അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്. തൈകള്‍ തമ്മിലും വരികള്‍ തമ്മിലും 2 മീറ്റര്‍ അകലം പാലിക്കാം. പുഷ്പിക്കുമ്പോള്‍ പരാഗണത്തിനായി 10 പെണ്‍മരങ്ങള്‍ക്ക് ഒരാണ്‍ മരം വീതം നിര്‍ത്തി ബാക്കി ആണ്‍മരങ്ങള്‍ നശിപ്പിച്ചു കളയണം. ആണ്‍-പെണ്‍ പുഷ്പങ്ങള്‍ ഒരേ ചെടിയില്‍ ഉണ്ടാവുന്ന സസ്യങ്ങള്‍ നശിപ്പിക്കേണ്ടതില്ല. ആണ്‍-പെണ്‍ മരങ്ങള്‍ ഉണ്ടാകുന്ന ഇനങ്ങള്‍ നടുമ്പോള്‍ ഒരു കുഴിയില്‍ 2-3 തൈകള്‍ നട്ട്, പുഷ്പിക്കുമ്പോള്‍ ആണ്‍മരങ്ങള്‍ വെട്ടിമാറ്റി ഒരു കുഴിക്ക് ഒന്ന് എന്ന തോതില്‍ തൈകള്‍ നിലനിര്‍ത്തണം.

 

വളപ്രയോഗം

 

ഇടവപ്പാതിയുടെ ആരംഭത്തോടെ മരങ്ങളുടെ തടത്തില്‍ പ്രായമനുസരിച്ച് 10 മുതല്‍ 25 കിലോഗ്രാം ജൈവവളം ചേര്‍ക്കണം. കൂടാതെ ഒരു മരത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്ന വളങ്ങള്‍ 40 ഗ്രാം നൈട്രജന്‍ (90 ഗ്രാം യൂറിയ), 40 ഗ്രാം ഫോസ്ഫറസ് (220 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്) 80 ഗ്രാം പൊട്ടാഷ് (140 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) രണ്ടു മാസത്തിലൊരിക്കല്‍ എന്ന തോതിലാണ്. നനയ്ക്കാന്‍ സൗകര്യമുള്ള വാണിജ്യതോട്ടങ്ങളിലാണ് ഈ വളപ്രയോഗം അനുവര്‍ത്തിക്കേണ്ടത്.

 

രോഗനിയന്ത്രണം

 

  •  തൈകളുണ്ടാക്കുന്ന തടങ്ങളില്‍ വെള്ളക്കെട്ടുണ്ടായാല്‍ തൈകള്‍ അഴുകി നശിക്കാനിടയുണ്ട്. ഇതു തടയാന്‍ തടത്തില്‍ നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പു വരുത്തണം. തടത്തില്‍ വിത്തു പാകുന്നതിനു രണ്ടാഴ്ച മുമ്പ് ബോര്‍ഡോമിശ്രിതം വീഴ്ത്തി കുതിര്‍ക്കുന്നത് നല്ലതാണ്.

 

  •   വലിയ പപ്പായമരങ്ങളുടെ ചുവട്ടിലും വെള്ളക്കെട്ടുണ്ടായാല്‍ ചീയലുണ്ടാവും. നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതും തടിയില്‍ ബോര്‍ഡോകുഴമ്പ് പുരട്ടുന്നതും തടത്തില്‍ ബോര്‍ഡോമിശ്രിതം വീഴ്ത്തുന്നതുമാണ് പ്രതിരോധം.

 

  •   പിഞ്ചുകായ്കള്‍ ധാരാളമായി പൊഴിഞ്ഞു വീഴുന്നതാണ് 'അന്ത്രക്ക് നോസ്' രോഗത്തിന്‍റെ ലക്ഷണം. ബോര്‍ഡോമിശ്രിതം തളിച്ച് ഇത് പരിഹരിക്കാം. 

 

  •   മൊസൈക്ക്, ഇല ചുരുളല്‍ എന്നീ വൈറസ് രോഗങ്ങള്‍ ബാധിച്ചാല്‍ മരങ്ങള്‍ പിഴുതു നശിപ്പിക്കാനേ സാധിക്കൂ.

karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466542