കറിവയ്ക്കാന്‍ എന്നും ഫ്രഷ് മീന്‍


കുട്ടിക്കാലം തൊട്ടേ മീന്‍കറിയായിരുന്നു മോന്‍സിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കറിയായോ പൊരിച്ചോ ഒരു കഷണം മീനെങ്കിലും ചോറിനൊപ്പമുണ്ടേല്‍ എത്ര ചോറു വേണമെങ്കിലും ഉണ്ണും. മീനിനോടുള്ള ഈ ഇഷ്ടമാണ് ഇടുക്കി ജില്ലയില്‍ കുമളി ഒന്നാംമൈല്‍ കാരക്കാട്ടില്‍ വീട്ടില്‍ മോന്‍സിയെ പീരുമേട് ബ്ലോക്കിലെ ഏറ്റവും മികച്ച മത്സ്യകര്‍ഷകനാക്കിയത്. 


ഏകദേശം ആറു വര്‍ഷം മുമ്പാണ് മീന്‍വളര്‍ത്തലിലേക്ക് തിരിഞ്ഞാലോ എന്നു മോന്‍സി ചിന്തിച്ചുതുടങ്ങിയത്. കറിയാവശ്യത്തിനായി ശുദ്ധമായ മീന്‍ കിട്ടുമെന്നു മാത്രമല്ല, വരുമാനവും നേടാന്‍ സാധിക്കുമെന്നു മനസിലായതോടെ പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല. മല്‍സ്യകൃഷി സംബന്ധിച്ച പരിശീലന-പഠന ക്ലാസുകളിലൊക്കെ പങ്കെടുത്ത് ശാസ്ത്രീയമായ അറിവ് നേടിയശേഷമാണ് ഇദ്ദേഹം ഈ രംഗത്തേക്കിറങ്ങിയത്. 


കുടുംബസ്വത്തായി ലഭിച്ച എട്ടേക്കര്‍ സ്ഥലത്ത് ചെക്ക് ഡാം നിര്‍മ്മിക്കുകയായിരുന്നു മോന്‍സി ആദ്യപടിയായി ചെയ്തത്. അത്ര ഫലഭൂയിഷ്ഠമല്ലാത്ത ആ മണ്ണില്‍ കൃഷിയെക്കാളും എന്തുകൊണ്ടും അനുയോജ്യം മല്‍സ്യകൃഷി തന്നെയായിരുന്നു. മീന്‍കുഞ്ഞുങ്ങളെ വാങ്ങി അവയെ വളര്‍ത്തി ലാഭം നേടുക എന്ന ആശയം പലഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടാക്കി. ഈ മേഖലയെക്കുറിച്ച് പലര്‍ക്കുമുള്ള അജ്ഞതയായിരുന്നു ഇതിനു കാരണം. കാശ് വെള്ളത്തില്‍ കളയരുതെന്നു പലരും ഉപദേശിച്ചു. എന്നാല്‍, മോന്‍സിയുടെ തീരുമാനം ഉറച്ചതായിരുന്നു.


വിശാലമായി കിടക്കുന്ന സ്ഥലത്തു മീന്‍കുഞ്ഞുങ്ങളെ കൊണ്ടിട്ടാല്‍ കടലില്‍ കായം കലക്കിയതുപോലെയായിരിക്കുമെന്നു മോന്‍സിക്ക് അറിയാമായിരുന്നു. വിളവെടുപ്പുകാലത്തും ഇതേറെ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ത്തന്നെ, ബണ്ടുകെട്ടി തിരിച്ചാണ് എട്ടേക്കര്‍ വരുന്ന ചെക്ക് ഡാം മല്‍സ്യകൃഷിക്കായി ഒരുക്കിയത്. ഭക്ഷ്യയോഗ്യമായ കരിമീനും ആറ്റുകൊഞ്ചുമായിരുന്നു ആദ്യതവണത്തെ കൃഷിക്കായി തിരഞ്ഞെടുത്തത്. ഇവ ശുദ്ധജലമല്‍സ്യങ്ങളായതിനാല്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ഫിഷറീസ് വകുപ്പില്‍നിന്നും സ്വകാര്യഫാമുകളില്‍ നിന്നുമാണ് മല്‍സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച മല്‍സ്യക്കുഞ്ഞുങ്ങളെ ചെക്ക് ഡാമിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, കൈനനയാതെ മീന്‍ പിടിക്കാനാവില്ല എന്നതാണ് മോന്‍സിയുടെ നയം.


എന്തുകൊണ്ട് മല്‍സ്യക്കുഞ്ഞുങ്ങളെ സ്വന്തം കുളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ചുകൂടാ എന്നതായി പിന്നീടുള്ള ചിന്ത. മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ അവയ്ക്കു സ്വന്തം നാട്ടില്‍ത്തന്നെ നിരവധി ആവശ്യക്കാരുണ്ടാകുമെന്ന് ഇദ്ദേഹം മനസിലാക്കി. കൈവണ്ണയുടെ വലിപ്പമുള്ള കരിമീനിനെയും മറ്റും മോന്‍സി കുളത്തില്‍ നിന്നു പിടിച്ചെടുക്കുന്നതുകണ്ടു നാട്ടുകാരില്‍ പലര്‍ക്കും മീന്‍വളര്‍ത്തലിനോടു കമ്പം തോന്നിത്തുടങ്ങിയിരുന്നു. ആവശ്യക്കാര്‍ ധാരാളമുണ്ടെന്നു മനസിലാക്കിയതോടെ മോന്‍സി മല്‍സ്യങ്ങളുടെ പ്രജനനരീതിയെക്കുറിച്ചു വിശദമായി പഠിച്ചു. മഴക്കാലത്താണ് മല്‍സ്യങ്ങള്‍ മുട്ടയിടുന്നത്. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ മാത്രമേ അവ ഇണചേരുകയുള്ളൂ. എന്നാല്‍, മഴക്കാലമാകുമ്പോള്‍ ഡാം നിറഞ്ഞുകവിയും. അപ്പോള്‍ മല്‍സ്യങ്ങളെ നന്നായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ മഴക്കാലത്തിനു മുമ്പുതന്നെ അവയെ മുട്ടയിടീക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് ഇദ്ദേഹം ചിന്തിച്ചത്. സ്വകാര്യ മല്‍സ്യഫാം നടത്തുന്ന സുഹൃത്തില്‍നിന്നും കൃത്രിമമായി മഴപെയ്യിക്കുന്ന രീതിയെപ്പറ്റി പഠിച്ചു. കുളത്തിനു മുകളില്‍ മഴപെയ്യുന്നതുപോലെയുള്ള പ്രതീതിയുണ്ടാക്കുന്നതിനായി വെള്ളം പമ്പു ചെയ്തു ചെറുതുള്ളികളായി വീഴിച്ചു. തുടര്‍ച്ചയായി വെള്ളം വീഴാന്‍ തുടങ്ങിയതോടെ കുളത്തിലെ മല്‍സ്യങ്ങള്‍ക്ക് പ്രജനനകാലമായി. മേയ് പകുതി ആയപ്പോഴേക്കും മീനുകള്‍ മുട്ടയിടാന്‍ തുടങ്ങി. മഴക്കാലത്തിനു മുമ്പുതന്നെ മല്‍സ്യക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. സ്വന്തമായി മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതോടെ മല്‍സ്യകൃഷി ലാഭത്തിലേക്ക് കുതിച്ചു.


പക്ഷേ, എല്ലായിനം മല്‍സ്യങ്ങളെയും ഇത്തരത്തില്‍ പറ്റിക്കാന്‍ കഴിയില്ല. മുട്ടയിടാന്‍ പ്രായമെത്തിയ ഇത്തരം മീനുകളെ പിടിച്ച് ഹോര്‍മോണ്‍ കുത്തിവച്ചു. എന്നാല്‍, അധികം വൈകാതെ തന്നെ വരമ്പുകളില്‍ പുല്ല് വച്ചുപിടിപ്പിച്ചു സ്വാഭാവിക സാഹചര്യമൊരുക്കാന്‍ തുടങ്ങിയതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി. പ്രജനനപ്രക്രിയയുടെ വിജയം മല്‍സ്യകൃഷി നിര്‍ണായകമായി. സ്വന്തം ആവശ്യത്തിനുള്ള മല്‍സ്യക്കുഞ്ഞുങ്ങളെ എടുത്തശേഷം ബാക്കിയുള്ളവയെ മുഴുവന്‍ നാട്ടില്‍ത്തന്നെ ആവശ്യക്കാര്‍ക്കു നല്‍കി. ഇപ്പോള്‍ പ്രതിവര്‍ഷം മുപ്പതു ലക്ഷത്തോളം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് ഇദ്ദേഹം ഉല്‍പാദിപ്പിക്കുന്നത്.


ആദ്യവര്‍ഷങ്ങളില്‍ കരിമീന്‍, ആറ്റുകൊഞ്ച്, രോഹു, കട്ല, ഗൗരാമി തുടങ്ങി നിരവധിയിനെ മല്‍സ്യങ്ങളെ വളര്‍ത്തിയിരുന്നു. എന്നാല്‍, വിളവെടുക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇപ്പോള്‍ ഗോള്‍ഡ് ഫിഷ്, ഗ്രാസ് കാര്‍പ്പ് എന്നിവയെ മാത്രമാണ് വളര്‍ത്തുന്നത്. തേക്കടി പ്രദേശത്ത് കണ്ടുവരുന്ന പ്രത്യേകയിനം ഭക്ഷ്യമല്‍സ്യമാണ് ഗോള്‍ഡ് ഫിഷ്. പെട്ടെന്നു വളര്‍ച്ചയെത്തും എന്നതും ഈയിനങ്ങളെ 

മല്‍സ്യകൃഷിക്ക് അനുയോജ്യമാക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇടയ്ക്കിടെ വിളവെടുപ്പ് നടത്തി മല്‍സ്യങ്ങളെ മൊത്തമായി വിറ്റഴിക്കുകയാണ് ഇപ്പോള്‍ മോന്‍സിയുടെ വിപണനരീതി.

പറമ്പില്‍കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും മീനുകള്‍ക്ക് തീറ്റയായി നല്‍കാമെന്ന് ഇദ്ദേഹം പറയുന്നു. ചക്കയും മാങ്ങയും പച്ചിലകളും വാഴത്തടയും മുതല്‍ തേങ്ങാപ്പിണ്ണാക്കുവരെ ഒട്ടുമിക്ക മീനുകളും തിന്നുകൊള്ളും. ഏറെ ശ്രദ്ധ ആവശ്യമുള്ള മേഖലയാണ് മല്‍സ്യകൃഷിയെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു. വെള്ളത്തിനടിയിലായതിനാല്‍ മീനുകള്‍ക്ക് അസുഖം വന്നാലും അറിയാന്‍ സാധിക്കില്ല. ചത്തുമലയ്ക്കുമ്പോള്‍ മാത്രമേ കാര്യം മനസ്സിലാകൂ. അതുകൊണ്ടുതന്നെ, ദിവസത്തിന്‍റെ മുക്കാല്‍പങ്കും മീനുകള്‍ക്കായി ഇദ്ദേഹം നീക്കിവച്ചിരിക്കുകയാണ്. ആറു വര്‍ഷത്തെ മല്‍സ്യകൃഷിയിലൂടെ സ്വയം നേടിയെടുത്ത അറിവുകളാണ് മോന്‍സിയുടെ വിജയമന്ത്രം. 

 

മോന്‍സി മാത്യു
കാരക്കാട്ടില്‍, കുമളി, ഒന്നാംമൈല്‍, ഇടുക്കി
ഫോണ്‍: 9447045876






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236900