വിഷം തീണ്ടാത്ത വിളവിനു വേണ്ടി


ചേലച്ചുവട്‌ കത്തിപ്പാറ ശൗര്യാംകുഴിയില് ജേക്കബ് നാട്ടുകാരുടെ `പാവയ്‌ക്കാ ചേട്ട'നാണ്‌. പതിനാലുവര്‍ഷമായി പാവലാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃഷി. വെറും കര്‍ഷകനല്ല, നിരന്തരമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം കൃഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്ന മാതൃകാ കര്‍ഷകന്‍. 

ഇദ്ദേഹം നാടിനും മറ്റു കര്‍ഷകര്‍ക്കും മാതൃകയാകുന്നത്‌ ശാസ്‌ത്രീയമായ കൃഷിരീതികളുടെ മാത്രം പേരിലല്ല. വിഷകലരാത്ത വിളവ്‌ ഉല്‍പാദിപ്പിക്കുക കൂടി ചെയ്യുന്നതിലൂടെയാണ്‌. ജൈവകൃഷിയിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി, വിശേഷിച്ച്‌ പാവല്‍, വിളയിക്കുന്ന അപൂര്‍വം കര്‍ഷകരിലൊരാളാണിദ്ദേഹം. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത ശുദ്ധമായ പാവയ്‌ക്കാ കൃഷിചെയ്‌തു നാട്ടുകാര്‍ക്കു വിതരണം ചെയ്‌തതോടെ അവര്‍ക്കെല്ലാം ജേക്കബ്‌ `പാവയ്‌ക്കാ ചേട്ട'നായി മാറി.

പാരമ്പര്യമായി കര്‍ഷക കുടുംബമാണ്‌ ഇദ്ദേഹത്തിന്റേത്‌ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന കാര്‍ഷിക രീതികളെല്ലാം ജേക്കബിന്റെ മനസ്സില്‍ മായാതെയുണ്ട്‌. മനസിന്റെ ഒരു പാതിയില്‍ ചിന്ത കൃഷിമാത്രമായതുകൊണ്ട്‌ ഏതൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടത്താമോ അതെല്ലാം തന്റെ കൃഷിയിടത്തില്‍ നടത്തിവരുന്നു. മിക്കതും വിജയിച്ചിട്ടുണ്ടുതാനും. 

പത്തു പതിനഞ്ചു സെന്റില്‍ തുടങ്ങിവച്ചതാണ്‌ ഇദ്ദേഹത്തിന്റെ കൃഷി. പച്ചക്കറിയായിരുന്നു ആദ്യമാദ്യം കൃഷിചെയ്‌തത്‌ ഇതില്‍നിന്ന്‌ നല്ല ലാഭം ലഭിക്കാന്‍ തുടങ്ങിയതോടെ കൃഷി കൂടുതല്‍ വിപുലീകരിക്കാന്‍ തുടങ്ങി. ഇന്ന്‌ ഇദ്ദേഹത്തിന്‌ സ്വന്തമായുള്ള ഒന്നരയേക്കറും പാട്ടത്തിനെടുത്ത ഒന്നരയേക്കറും കൂട്ടിച്ചേര്‍ത്ത്‌ മൂന്നേക്കര്‍ സ്ഥലത്ത്‌ കൃഷിയുണ്ട്‌.
ജൂണ്‍ മുതല്‍ പാവല്‍, പയര്‍ എന്നിവയുടെ കൃഷി ആരംഭിക്കും. ഇവയുടെ വിളവെടുത്തശേഷം മറ്റുവിളകളും കൃഷി ചെയ്യുന്നു. പതിനാലിനം ബീന്‍സ്‌, മൂന്നിനം വെണ്ട, രണ്ടിനം പാവല്‍ , പത്തിനം പയര്‍ എന്നിങ്ങനെ അറുപത്തഞ്ചിലധികം പച്ചക്കറിയിനങ്ങളാണ്‌ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുള്ളത്‌. ശീതകാല പച്ചക്കറിയിനങ്ങളായ കാരറ്റ്‌, കോളിഫ്‌ളവര്‍, മല്ലി, റാഡിഷ്‌, കാബേജ്‌ എന്നിവയും വിളപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

സംയോജിത കൃഷിരീതിയാണ്‌ ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്‌. അഞ്ച്‌ ആട്‌, എരുമ, നൂറോളം മുയലുകള്‍, കോഴി എന്നീ ജീവജാലങ്ങളെ പരിപാലിച്ചുപോരുന്നു. ഇതില്‍നിന്നും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതോടൊപ്പം ഇവയുടെ വിസര്‍ജ്യങ്ങള്‍ വളമായും മാറുന്നു. അതുകൊണ്ടുതന്നെ വളത്തിനുള്ള ചിലവ്‌ ഇതുവഴി ഒഴിവാക്കാന്‍ കഴിയുന്നു.
പൂര്‍ണമായും ജൈവരീതിയില്‍ തന്നെയാണ്‌ ഇദ്ദേഹം കൃഷിചെയ്യുന്നത്‌. പച്ചക്കറിവേസ്റ്റും വീട്ടില്‍ നിന്നുള്ള മറ്റുവേസ്റ്റും കഞ്ഞിവെള്ളവുമെല്ലാം തോട്ടത്തില്‍ വച്ചിരിക്കുന്ന ഒരു വീപ്പയിലാണ്‌ സംഭരിക്കുന്നത്‌ ഈ മിശ്രിതം കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത്‌ നല്ലൊരു വളമാണെന്ന്‌ ഇദ്ദേഹം പറയുന്നു. കഞ്ഞിവെള്ളത്തിനും മറ്റുമുണ്ടാകുന്ന ഒരു തരം അഴുകിയ ഗന്ധം കായീച്ചകളെ തുരത്താനും ഫലപ്രദമാണെന്നും ഇദ്ദേഹത്തിന്റെ സാക്ഷ്യം. 

പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഈ കര്‍ഷകന്‍ ഓരോ വര്‍ഷവും കൃഷിചെയ്‌തുവരുന്നത്‌. അതുകൊണ്ടുതന്നെ കൃഷിരീതികള്‍, കീടനിയന്ത്രണം, രോഗനിവാരണം, ശാസ്‌ത്രീയ വളപ്രയോഗം, വിളയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജേക്കബ്‌ ചേട്ടന്‌ തന്റേതുമാത്രമായ ചില രീതികള്‍ അവലംബിക്കാന്‍ കഴിയുന്നു.
തോട്ടത്തിലെ വിളകളെ പാട്ടു കേള്‍പ്പിക്കുന്നതും ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൊന്നാണ്‌. തോട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന സ്‌പീക്കറിലൂടെ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നത്‌ വിളകളുടെ കീടനിയന്ത്രണത്തിനും ഉല്‍പാദനത്തിനും ഗുണപ്രദമാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു ഈ കര്‍ഷകന്‍.

ജേക്കബ്‌ ചേട്ടന്റെ തനതായ മറ്റൊരു കൃഷിരീതിയാണ്‌ ഇറക്കിപതിപ്പിക്കല്‍. പാവല്‍ കൃഷിയെ വര്‍ഷം മുഴുവന്‍ ദീര്‍ഘിപ്പിക്കുന്ന ഈ ശാസ്‌ത്രീയ രീതി ഏതൊരു കര്‍ഷകനും മാതൃകയാക്കാവുന്നതാണെന്ന്‌ ഇദ്ദേഹം പറയുന്നു. ഇതിനായി, ആദ്യം പകുതി പ്രായമായ പാവലിന്റെ പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ ചൂലുകൊണ്ട്‌ അടിച്ച്‌ നീക്കം ചെയ്യുന്നു. അതിനുശേഷം കൃഷിയുടെ ആദ്യം തന്നെ ചെടിയില്‍ ചുരുട്ടി വച്ച `റിസര്‍വ്‌' വള്ളികള്‍ പാവലിന്റെ ചുവട്ടില്‍ ഇറക്കി മണ്ണില്‍ ഇട്ട്‌ മൂടുന്നു. ജൈവവളം ചേര്‍ത്തു നനയ്‌ക്കുന്നു. പുതയിട്ട വള്ളികളില്‍നിന്നും നൂറുകണക്കിന്‌ വേരുകള്‍ പൊട്ടിമുളച്ച്‌ മുന്‍പത്തേതിലും മികച്ച വളര്‍ച്ചയും വിളയും ലഭിക്കുന്നു. ഇറക്കിനടല്‍ കൃഷിരീതിയിലൂടെ സാധാരണയേക്കാള്‍ ഇരട്ടിയായി പാവല്‍കൃഷിയില്‍ വരുമാനം നേടാന്‍ സാധിക്കുമെന്ന്‌ ജേക്കബ്‌ ചേട്ടന്‍ പറയുന്നു. 

ജാതി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്‌ജന വിളകളും ഈ തോട്ടത്തിലുണ്ട്‌. 22 വര്‍ഷമായവയാണ്‌ ഇവ. ജാതിയില്‍ ഭൂരിഭാഗവും പെണ്‍വര്‍ഗത്തിലുള്ളവയാണ്‌. ഒപ്പം മൃഗപരിപാലനവും കൂടിയാകുമ്പോള്‍ നിന്നു തിരിയാന്‍ ഇദ്ദേഹത്തിനു സമയമില്ല എന്നുതന്നെ പറയാം. സമീപ പ്രദേശങ്ങളിലെ കടകളിലും വിഎഫ്‌പിസികെ വഴിയുമാണ്‌ പച്ചക്കറികളുടെ വിപണനം നടക്കുന്നത്‌. നിലവിലുള്ള മാര്‍ക്കറ്റ്‌ വില അനുസരിച്ചാണ്‌ വില്‍പന. പൂര്‍ണ്ണമായും ജൈവകൃഷിയിലൂടെ മാത്രം ഉല്‍പാദിപ്പിച്ചെടുക്കുന്നതുകൊണ്ട്‌ ഇവയ്‌ക്കൊരു പ്രത്യേക സ്വാദ്‌ തന്നെയുണ്ട്‌. അതുകൊണ്ടു തന്നെ ആവശ്യക്കാര്‍ വീട്ടില്‍വന്നും പച്ചക്കറി വാങ്ങാറുണ്ടെന്ന്‌ ജേക്കബ്‌ ചേട്ടന്‍ പറയുന്നു.

കൃഷിയില്‍ ഇന്നോളമുള്ള എല്ലാ വളര്‍ച്ചയിലും കൃഷിഭവന്റെ സഹായം വേണ്ടുവോളമുണ്ടായിട്ടുണ്ടെന്ന്‌ ജേക്കബ്‌ ചേട്ടന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ആത്മയില്‍ നിന്നുള്ള വിവിധ പദ്ധതികള്‍ ഈ കൃഷിയിടത്തില്‍ നടത്തിയിട്ടുണ്ട്‌. ഇവിടെ ആത്മയുടെ പ്രദര്‍ശന തോട്ടവും ഒരുക്കിയിരുന്നു. കാര്‍ഷിക വൃത്തിയിലെ അധ്വാനത്തിലുള്ള അംഗീകാരമായി ധാരാളം അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

ആത്മയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്‌ ഇടുക്കി ഫെസ്റ്റിന്‌ കൃഷിമന്ത്രിയില്‍നിന്നും ഇദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി. കൂടാതെ ഇടുക്കി ഫെസ്റ്റിന്‌ മികച്ച വിളകള്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. മൂന്നുനാലു തവണ ചിങ്ങം ഒന്നിന്‌ കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി പഞ്ചായത്തു തലത്തില്‍ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
ഇരുപത്തഞ്ചിലധികം വര്‍ഷമായി ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ കര്‍ഷകന്‌, വിശ്രമം എന്നൊന്ന്‌ നിഘണ്ടുവില്‍ പോലുമില്ല. രാത്രിയില്‍ പോലും ബള്‍ബ്‌ വെളിച്ചത്തില്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ഈ കര്‍ഷകന്റെ കഠിനാധ്വാവും നിശ്ചയ ദാര്‍ഢ്യവുമാണ്‌ ഈ മികച്ച കൃഷിത്തോട്ടത്തിന്റെ ഉല്‍പാദനക്ഷമതയുടെ ആധാരം.
ജേക്കബ്‌
ശൗര്യം കുഴിയില്‍
ചേലച്ചുവട്‌
കത്തിപ്പാറ
കഞ്ഞിക്കുഴി, ഇടുക്കി
ഫോണ്‍: 9142189187


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4209452