മഴവെള്ളത്തെ മെരുക്കിയ വക്കച്ചന്‍


പറമ്പില്‍ വീണ് പാഴായിപ്പോകുന്ന മഴവെള്ളത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം? കുടിവെള്ളത്തിന്‍റെ ആവശ്യത്തിനു മുതല്‍ കൃഷിക്കും മല്‍സ്യംവളര്‍ത്തലിനുമൊക്കെ ചെലവൊട്ടുമില്ലാതെ മഴവെള്ളത്തെ ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലയില്‍ കൊക്കയാര്‍ മുക്കുളം ഈസ്റ്റ് പുല്ലുരത്തില്‍ വീട്ടില്‍ പി.ജെ. വര്‍ഗീസ് എന്ന വക്കച്ചന്‍. വക്കച്ചന്‍സ് റെയിന്‍ പോണ്ട് എന്ന പേരില്‍ ആരംഭിച്ച ഈ സംരംഭം ഇദ്ദേഹത്തിനു നേടിക്കൊടുത്തത് നാഷണല്‍ ഇന്നവേഷന്‍ പുരസ്കാരമാണ്. 


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കുടുംബസ്വത്തായി ലഭിച്ച അധികം ഫലഭൂയിഷ്ഠമല്ലാത്ത കൃഷിയിടത്തില്‍ അല്ലറചില്ലറ കൃഷികളുമായി ഒതുങ്ങിക്കൂടിയ ശരാശരി കര്‍ഷകന്‍ മാത്രമായിരുന്നു വക്കച്ചന്‍. ഒരിക്കല്‍ പറമ്പില്‍ കൂട്ടിയിട്ടിരുന്ന പഴയ പ്ലാസ്റ്റിക് ഷീറ്റുകളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തിന്‍ ഇത്തരമൊരു ആശയത്തിനു തിരികൊളുത്തിയത്. എങ്കിലും, മനസില്‍ തോന്നിയ ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന കാര്യത്തില്‍ വക്കച്ചന് അത്ര നിശ്ചയമില്ലായിരുന്നു. അതിനാല്‍, വിവിധതരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ യുവി സ്റ്റെറിലൈസ് ചെയ്ത സില്‍പോളിന്‍ ഷീറ്റുപയോഗിച്ചുള്ള മാതൃക നിര്‍മ്മിച്ചു. അവിടെനിന്നാണ് വക്കച്ചന്‍റെ വിജയയാത്ര ആരംഭിക്കുന്നത്. 


ആദ്യപരീക്ഷണം സ്വന്തം പറമ്പില്‍തന്നെ നടത്തി. കൃഷിയിടത്തിലേക്കാവശ്യമായ വെള്ളം സംഭരിക്കുന്നതിനു മുപ്പതുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വലിയ കുളം നിര്‍മ്മിച്ചു. മീന്‍വളര്‍ത്തലില്‍ കമ്പമുണ്ടായിരുന്നതിനാല്‍ വിവിധതരത്തിലുള്ള മല്‍സ്യങ്ങളെയും ഈ കുളത്തില്‍ വളര്‍ത്തി. കൃഷിക്കൊപ്പം ഇവയും വരുമാനമാര്‍ഗമായി. അതോടെ, മീന്‍വളര്‍ത്തലിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സ്വന്തമായി മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനും തുടങ്ങി. അലങ്കാരമല്‍സ്യങ്ങളെയും ഭക്ഷ്യമല്‍സ്യങ്ങളെയും ഇത്തരത്തില്‍ ധാരാളമായി ഉല്‍പാദിപ്പിച്ചു വിപണനം നടത്തി. ഇതു വന്‍വിജയമായതോടെ കൃഷിയിടത്തില്‍ മൂന്നു സംഭരണികള്‍ കൂടി ഇതേയാവശ്യത്തിനായി നിര്‍മ്മിച്ചു. അപ്പോഴേക്കും ഇതേ മാതൃകയില്‍ സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യവുമായി നിരവധിപേരെത്തി. അപ്പോഴാണ് ഈ മേഖലയിലെ സാധ്യതയെപ്പറ്റി ഇദ്ദേഹം ആലോചിച്ചത്. 


പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ആദ്യം മഴവെള്ളം സംഭരിക്കുന്നതിനുള്ള കുളങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. അവരുടെ പിന്തുണയോടെയാണ് മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനമെന്ന ആശയം ഇദ്ദേഹം പ്രാവര്‍ത്തികമാക്കുന്നത്. തന്‍റെ സംരംഭത്തെ പരമാവധി ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ഇന്‍റര്‍നെറ്റുള്‍പ്പടെയുള്ള എല്ലാത്തരം നൂതനമാര്‍ഗങ്ങളെയും ഇദ്ദേഹം പ്രയോജനപ്പെടുത്തി. www.vakkachansrainpond.com  എന്ന വെബ്സൈറ്റിലൂടെ നിരവധി ആവശ്യക്കാരാണ് ഇദ്ദേഹത്തെ സമീപിച്ചത്. ഇതിനോടകം ഇരുന്നൂറിലധികം മഴവെള്ള സംഭരണികള്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനം കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചുനല്‍കിക്കഴിഞ്ഞു. മഴക്കാലത്ത് വെറുതേ പാഴായിപ്പോകുന്ന മഴവെള്ളം സംഭരണിയില്‍ ശേഖരിച്ചുവച്ചു വേനല്‍ക്കാലത്തേക്ക് ഉപയോഗിക്കുന്നതിനാല്‍ വരള്‍ച്ചയെ വിദഗ്ധമായി നേരിടാന്‍ സാധിക്കുന്നു. 


സാധാരണക്കാരായ കര്‍ഷകര്‍ മുതല്‍ കോവളം ടൂറിസ്റ്റ് വില്ലേജ്, ആലുവ യു.സി. കോളേജ്, പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ് തുടങ്ങിയ പ്രമുഖര്‍ വരെ നീളുന്ന നിരവധി സംതൃപ്തരായ ഉപഭോക്താക്കളാണ് ഇദ്ദേഹത്തിന്‍റെ വിജയരഹസ്യം. ഏറ്റവും ചെലവു കുറഞ്ഞ മഴവെള്ള സംഭരണി എന്നാണ് ഇദ്ദേഹം തന്‍റെ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. പത്തു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണിക്ക് ഒരു ലിറ്ററിനു എണ്‍പതു പൈസമുതല്‍ ഒരു രൂപവരെ മാത്രമാണ് നിര്‍മാണച്ചെലവ്. സില്‍പോളിന്‍ ഷീറ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മ്മിക്കുന്നവയ്ക്ക് ചെലവു കൂടുതലാണ്. 


കുടിവെള്ളത്തിന്‍റെ ആവശ്യത്തിനും കൃഷി, മീന്‍വളര്‍ത്തല്‍ എന്നിവയ്ക്കുമാണ് ഇത്തരം സംഭരണികള്‍ ഏറ്റവും പ്രയോജനപ്പെടുക. സംഭരണിയുടെ നിര്‍മാണോദ്ദേശ്യമനുസരിച്ചാണ് ഇതിന്‍റെ അടിത്തട്ടൊരുക്കുന്നത്. ഫ്രെയിമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു കുളത്തിന്‍റെ മേല്‍ഭാഗം മൂടുകയും ചെയ്യും. സൂര്യപ്രകാശത്തില്‍ നിന്നു വെള്ളത്തെ സുരക്ഷിതമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.


സംഭരണി നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കാണിച്ചുകൊടുക്കുക മാത്രമേ ആവശ്യക്കാര്‍ ചെയ്യേണ്ടതുള്ളൂ. ബാക്കിയെല്ലാം വക്കച്ചനും കൂട്ടരും ചെയ്തുകൊള്ളും. സ്ഥലത്തിന്‍റെ പ്രത്യേകതയനുസരിച്ചാണ് കുളത്തിന്‍റെ ആകൃതി നിശ്ചയിക്കുന്നത്. നിര്‍മാണശേഷം സംഭരണിക്കുണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇദ്ദേഹം ഏറ്റെടുത്തു ചെയ്തുകൊടുക്കും. മീന്‍വളര്‍ത്തലില്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ വിവിധയിനം മീനുകളെയും ലഭ്യമാക്കാറുണ്ട്. തൊഴില്‍രഹിതമായ ചെറുപ്പക്കാര്‍ക്ക് സംഭരണിനിര്‍മ്മാണത്തില്‍ പരിശീലനവും സംഘടിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. തന്‍റേത് ഒരു തുറന്ന ആശയമായി നിലനില്‍ക്കണമെന്നതിനാല്‍ പേറ്റന്‍റിനായി അപേക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇദ്ദേഹം. 

 

പി.ജെ. വര്‍ഗീസ്
പുല്ലുരത്തില്‍ ഹൗസ്, മുക്കുളം ഈസ്റ്റ്, കൊക്കയാര്‍, ഇടുക്കി
ഫോണ്‍: 9447086191






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237339